സംസ്ഥാനത്ത് ജനങ്ങളുടെ മേൽ അധിക വൈദ്യുതി ഭാരം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ നിലവിൽ കരാറുകൾ നിലനിൽക്കുമ്പോൾ എന്തിനാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലുള്ള കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിറ്റിന് 14.50 രൂപ എന്ന വൻ തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് ചോദ്യം ചെയ്ത അദ്ദേഹം, ഈ കരാറിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമുണ്ടോ എന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി അതിന്റെ ഭാരം നിരക്ക് വർധനയിലൂടെ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണം. സർക്കാരിന്റെ വൈദ്യുതി നയത്തിൽ കാതലായ മാറ്റം വരണമെന്നും പകൽ സമയത്ത് സുലഭമായി ലഭിക്കുന്ന സൗരോർജ്ജം പാഴാക്കാതെ സംഭരിച്ച് രാത്രിയിലെ ‘പീക്ക്’ സമയങ്ങളിൽ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കുന്ന താരിഫ് നയം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.















