ആയൂർ മാർത്തോമ കോളേജിൽ ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതിയ നൂറോളം വിദ്യാർത്ഥിനികളുടെ അടിവസ്ത്രം മെറ്റൽ ഡിറ്റക്ടറിലെ ബീപ് ശബ്ദത്തിന്റെ പേരിൽ നിർബന്ധിച്ച് അഴിച്ചു വയ്പിച്ച പ്രാകൃത നടപടിയിൽ വ്യാപക പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. രണ്ട് കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് തേടി. സ്വമേധയാ കേസെടുത്ത സംസ്ഥാന യുവജന കമ്മിഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചുമതലപ്പെടുത്തിയ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ് മാർഗ്ഗനിർദ്ദേശത്തിന്റെ മറവിൽ പെൺകുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്. ശൂരനാട് ചക്കുവള്ളി സ്വദേശി പെൺകുട്ടിയുടെ പിതാവ് റൂറൽ എസ്.പിക്ക് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതിഷേധവുമായി വിദ്യാർത്ഥി, യുവജന സംഘടനകൾ കോളേജിലേക്ക് ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ചടയമംഗലം വനിതാ എസ്.ഐ പ്രിയയുടെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഊരി മാറ്റിയ വസ്ത്രങ്ങൾ ഒരു മുറിയിൽ കൂട്ടിയിട്ടെന്നും പരീക്ഷ തീരുംവരെ ധരിക്കാൻ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. പെൺകുട്ടികൾക്ക് ആത്മാഭിമാനത്തിന് പോറലേറ്റ് ആത്മവിശ്വാസം നഷ്ടപ്പെട്ടു. നന്നായി പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്നും രക്ഷാകർത്താക്കൾ ആരോപിക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ 5.20 വരെയായിരുന്നു പരീക്ഷ. പല കേന്ദ്രങ്ങളിലും അഞ്ഞൂറിന് മുകളിൽ കുട്ടികളുണ്ടായിരുന്നു. രാവിലെ 11 മുതലാണ് വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഇലക്ട്രോണിക്, മെറ്റൽ ഉപകരണങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ദേഹപരിശോധന. അടിവസ്ത്രത്തിൽ മെറ്റൽ ബക്കിൾ കണ്ടെത്തിയപ്പോൾ ഇളക്കി മാറ്റാൻ അനുവദിക്കാതെ അടിവസ്ത്രം പൂർണമായും അഴിച്ചുമാറ്റിച്ചു. പെൺകുട്ടികളെ വനിതകളും ആൺകുട്ടികളെ പുരുഷന്മാരുമാണ് പരിശോധിച്ചത്. ധരിക്കാവുന്ന വസ്ത്രങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും നേരത്തെ മാർഗ്ഗനിർദ്ദേശം നൽകാറുണ്ട്. ഇതിന്റെ ബലത്തിലാണ് കുട്ടികളെ അപമാനിച്ചത്.
അതേസമയം, നീറ്റ് പരീക്ഷയിൽ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ ഇപ്പോൾ രംഗത്ത് വരുകയാണ്. കൊട്ടാരക്കര ഡി വൈ എസ് പിക്ക് മുന്നിൽ മൂന്ന് പെൺകുട്ടികൾ കൂടി പരാതി നൽകി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയതെന്നും പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ അടിവസ്ത്രം കൈയിൽ ചുരുട്ടികൊണ്ട് പോകാൻ പറഞ്ഞതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിൽ വച്ചാണ് പെൺകുട്ടികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് ചോദിച്ച ശേഷം വസ്ത്രം മാറാൻ പറയുകയായിരുന്നു.
അടിവസ്ത്രം മാറാൻ പറഞ്ഞപ്പോഴും പലരും കരുതിയിരുന്നത് അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നാണ്. എന്നാൽ, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമാണെന്നും എല്ലാവരുടെയും അടിവസ്ത്രങ്ങൾ അതിലേക്ക് കൂട്ടിയിടുകയുമായിരുന്നു ചെയ്തത്. അമ്മയുടെ ഷാൾ കൊണ്ട് മറച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പലരും തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന് സംശയിച്ചാണ് ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാർത്ഥികൾ പരാതി പറഞ്ഞു. പലർക്കും ഷാൾ ഇല്ലാത്തതുകൊണ്ടു തന്നെ വസ്ത്രം അഴിച്ചുമാറ്റിയത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിന് ഇരയാക്കി.
രണ്ടു വശത്തേക്കും മുടി മുന്നിലേക്ക് ഇട്ടാണ് ക്ലാസിൽ കയറിയത്. ആൺകുട്ടികൾക്കൊപ്പം ഒന്നിച്ച് പരീക്ഷ എഴുതേണ്ടി വന്നതും മാനസിക പ്രയാസമുണ്ടാക്കിയതായി അവർ പറഞ്ഞു. എന്നാൽ പുറത്തിറങ്ങിയപ്പോൾ അടിവസ്ത്രം എടുക്കുന്നടിത്ത് വലിയ തിരക്കാണ് കണ്ടതെന്നും വസ്ത്രം കൈയിൽ ചുരുട്ടി കൊണ്ട് പോകാനാണ് അവിടെ നിന്നവർ പറഞ്ഞതെന്നും പെൺകുട്ടികൾ ആരോപിച്ചു. സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടി. കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. സംഭവം സംസ്ഥാനത്തിന് കടുത്ത അഭമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്.