രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചത് പോലെ രാജ്യത്തെ ആദ്യ മങ്കിപോക്‌സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചു. കൊവിഡ് പോലെ വളരെ വേഗം പടർന്നുപിടിക്കില്ലെന്ന ആശ്വാസമുണ്ടെങ്കിലും വീണ്ടും ഒരു വൈറസ് രോഗം അവതരിച്ചിരിക്കുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. അബുദാബിയിൽ നിന്ന് ഈ മാസം ഒൻപതിന് എത്തിയ കൊല്ലം ജില്ലക്കാരനാണ് രോഗി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. മാതാപിതാക്കളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രോഗി സഞ്ചരിച്ച ഓട്ടോ, ടാക്സി എന്നിവയിലെ ഡ്രൈവർമാർ, ചികിത്സതേടിയ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവർ ഉൾപ്പെടെ സമ്പർക്കപ്പട്ടികയിൽ വന്നവരും വീടുകളിൽ നിരീക്ഷണത്തിലാണ്.
രോഗനിരീക്ഷണവും വൈറസ് ബാധയുണ്ടോ എന്നറിയാൻ തുടർച്ചയായ പരിശോധനകളും സമ്പർക്കരോഗികളെ കണ്ടെത്തലുമാണ് ഇതിന്റെ വ്യാപനം തടയാൻ ഏറ്റവും അനിവാര്യം. കുട്ടികളിൽ രോഗം ഏറ്റവും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിനാൽ ശിശുക്കളും ചെറിയ കുട്ടികളുമുള്ള വീട്ടുകാർ ഇരട്ടി ജാഗ്രത പുലർത്തേണ്ടതുണ്ട്. മാരകമായ അണുബാധ കുട്ടികളിൽ മസ്തിഷ്കജ്വരത്തിനു വരെ ഇടയാക്കാം. അതിനാൽ കുട്ടികളുമായുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകതന്നെ വേണം. രോഗം പടരാതെ നോക്കാനുള്ള തയ്യാറെടുപ്പുകൾ ആരോഗ്യവകുപ്പ് നടത്തിവരികയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അനാവശ്യ പരിഭ്രാന്തിയും കിംവദന്തികളും പടർത്താതിരിക്കാനുള്ള പൗരബോധം എല്ലാവരും പുലർത്തണം.
പ്രതിരോധ നടപടികളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധസംഘവും എത്തിയിട്ടുണ്ട്. രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളും ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതിനുമൊപ്പം ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള പ്രചാരണ നടപടികൾക്കും സർക്കാർ മുൻതൂക്കം നൽകണം. രോഗിയുമായോ രോഗി ഉപയോഗിച്ച സാധനങ്ങളുമായോ അടുത്ത് ഇടപഴകുന്നവർക്കാണ് ഈ രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുതൽ. അണ്ണാൻ, എലി, പട്ടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളിലും വൈറസ് ബാധയുണ്ടാകാം എന്നതിനാൽ വളർത്തുമൃഗങ്ങളുമായും മറ്റും അടുത്തിടപഴകുന്നവർ അതീവശ്രദ്ധ പുലർത്തേണ്ടതും സംശയം തോന്നുന്ന വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാൻ മൃഗാശുപത്രികളുടെ സേവനം തേടേണ്ടതുമാണ്. ഈ വർഷം മേയിൽ ബ്രിട്ടണിൽ ആദ്യത്തെ കേസ് സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ അമ്പതു രാജ്യങ്ങളിലായി മൂവായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ ഈ ഘട്ടത്തിൽ സർക്കാരും പൊതുജനങ്ങളും കർശനമായ ജാഗ്രത പുലർത്തേണ്ടത് വളരെ അനിവാര്യമാണ്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ മങ്കി പോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.