ശരീരഭാരം കുറയ്ക്കുന്നതിന് മൈഗ്രെയ്‌ൻ മരുന്നുകൾ സഹായിക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. വിശപ്പ് കുറയ്ക്കുന്നതിന് ഈ മരുന്നിലെ ഘടകങ്ങൾ സഹായിക്കുന്നു എന്നതുകൊണ്ടാണ് ശരീരഭാരം കുറയുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ചെൻ ലിയു പറഞ്ഞു. ശരീരത്തിൽ കാണപ്പെടുന്ന സെറോടോണിൻ എന്ന രാസ സന്ദേശവാഹകരാണ് വിശപ്പിൽ പ്രധാന പങ്ക് വഹിക്കുന്നത്. മൈഗ്രെയ്‌ൻ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ട്രാപ്റ്റാൻ, ഈ റിസപ്റ്ററിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇതിലൂടെ ശരീരഭാരവും കുറയുന്നു.
അമിതശരീരഭാരമുള്ള ആറ് എലികളിലാണ് ഈ പരീക്ഷണം നടത്തിയത്. മൂന്ന് എലികൾക്ക് ഏഴ് ആഴ്ചത്തേയ്ക്ക് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ നൽകി. മറ്റ് മൂന്നെലികൾക്ക് കൊഴുപ്പ് കൂടിയ ഭക്ഷണവും മൈഗ്രെയ്‌നുള്ള മരുന്നും നൽകി. ഇതിൽ മരുന്ന് കഴിച്ച എലികളിൽ ശരീരഭാരത്തിന്റെ 3.6ശതമാനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം, മരുന്ന് നൽകാത്ത എലികളിൽ ശരീരഭാരം 5.1ശതമാനം വർദ്ധിച്ചു. കൂടാതെ ഒരു മാസം ഈ മരുന്ന് കഴിക്കുന്നത് ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കണ്ടെത്തിയെന്നും ഡോ. ലിയു പറഞ്ഞു.