കൊച്ചി: കരുനാഗപ്പളളിയില്‍നിന്ന് മോഷണം പോയ ആംബുലന്‍സ് കൊച്ചിയില്‍ കണ്ടെത്തി. സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണു വാഹനം കണ്ടെത്തിയത്. കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണു കാണാതായത്.
ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. KL 66 4249 നമ്പരുള്ള നന്മ ആംബുലന്‍സാണ് മോഷ്ടിക്കപ്പെട്ടത്. കരുനാഗപ്പള്ളി ആശുപത്രിയിൽ രോഗിയെ കൊണ്ടുവന്ന ശേഷം ഡ്രൈവർ താക്കോൽ വാഹനത്തിൽ തന്നെ വച്ച് മറ്റു ആംബുലൻസുകൾക്കൊപ്പം നിർത്തിയിട്ടതായിരുന്നു. വാഹനം കാണാത്തതിനെ തുടർന്ന് ആരെങ്കിലും ഓട്ടം പോയതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് മോഷണം പോയതാണെന്നു മനസ്സിലായത്.
വാഹനം നഷ്ടമായെന്ന് മനസിലായുടന്‍ അധികൃതര്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആംബുലന്‍സ് കണ്ടെത്താനുള്ള ശക്തമായ ക്യാംപെയ്ന്‍ നടത്തിയിരുന്നു. പൊലീസിലും പരാതി നല്‍കിയിരുന്നു.
ആംബുലന്‍സ് അന്വേഷിച്ചുകൊണ്ടുള്ള പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് വാഹനം എറണാകുളത്ത് കണ്ടതായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ വിളിച്ചറിയിച്ചത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും ഉടമയെ വിളിച്ചറിയിച്ച് വാഹനം കൈമാറുകയുമായിരുന്നു. മോഷ്ടാവിനെക്കുറിച്ച് ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല.
















