ദൈവത്തിനായി സ്വയം സമർപ്പിത ജീവിതം നയിച്ച ഇബ്രാഹിം നബി(അ)യുടെയും പത്നി ഹാജറ ബീവിയുടെയും മകൻ ഇസ്മായിൽ നബി(അ)യുടെയും ത്യാഗപൂർണമായ ജീവിതത്തിന്റെ ഓർമ്മയിലാണ് ഇസ്ലാം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. സത്കർമ്മങ്ങളിൽ മുഴുകിയും ഉറ്റവരെയും ഉടയവരെയും സന്ദർശിച്ചും സ്നേഹബന്ധങ്ങൾ ദൃഢമാക്കിയും സജീവമാക്കേണ്ട ദിനം കൂടിയാണിത്. മനസിൽ വിശുദ്ധിയും ആത്മീയബോധവും കാത്തുസൂക്ഷിച്ച് തക്ബീർ ധ്വനികൾ ഉരുവിട്ട് ആഡംബരവും അനാചാരങ്ങളും കടന്നുകൂടാതെ വേണം വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കാൻ. കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവരെ ചേർത്തുനിറുത്തിയല്ലാതെ ഈ ദിവസത്തെ ആഘോഷിക്കാനാവില്ല.
ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ത്യാഗപൂർണമായ ജീവിതത്തിന്റെ ഓർമ്മപുതുക്കലാണ് ഹജ്ജ് കർമ്മവും ബലിപെരുന്നാളും. വാർദ്ധക്യകാലത്ത് പിറന്ന മകൻ ഇസ്മായിലിനെ ദൈവാജ്ഞപ്രകാരം ബലിനൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയെയും പുത്രസ്നേഹത്താലുള്ള ഹാജറാ ബീവിയുടെ പ്രവൃത്തികളെയും സ്മരിക്കുന്നതാണ് ഹജ്ജും പെരുന്നാളും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും. ഇബ്രാഹിം നബിയോട് അല്ലാഹുവിന്റെ കൽപ്പനയെത്തി. പ്രിയപുത്രൻ ഇസ്മായിലിനെ ബലിയറുക്കണം. ദൈവ കൽപ്പന നടപ്പാക്കാൻ ഇബ്രാഹിം നബി തീരുമാനിച്ചു. ഇക്കാര്യം മകനോട് പറഞ്ഞപ്പോൾ, എതിർപ്പൊന്നും ഉയർത്തിയില്ലെന്ന് മാത്രമല്ല പടച്ചവന്റെ കൽപ്പന എന്താണോ അത് നടപ്പാക്കണമെന്ന് കൂടി പറയുകയും ചെയ്തു.
ബലിയറുക്കാനായി വാളുയർത്തുന്നതിനിടെ പടച്ചവന്റെ സന്ദേശവുമായി സ്വർഗലോകത്ത് നിന്ന് ദൂതനെത്തി. ഇബ്രാഹിമിന്റെ ഭക്തിയിൽ അല്ലാഹു സംപ്രീതനായെന്നും മകന് പകരം ആടിനെ ബലിയറുക്കാൻ നിർദ്ദേശിച്ചിരിക്കുന്നുവെന്നും അറിയിച്ചു. ഇതിന്റെ ഓർമ്മപുതുക്കിയാണ് വിശ്വാസികൾ ഈ സുദിനത്തിൽ മൃഗബലി നടത്തുന്നത്. ഭൗതികമായ പ്രലോഭനങ്ങളിൽ അടിമപ്പെടാതെ ദൈവ നിർദ്ദേശങ്ങൾക്ക് മുന്നിൽ സർവതും ത്യജിക്കാനുള്ള വലിയ സന്ദേശം കൂടിയാണിത്. ഹജ്ജ് കർമ്മത്തിന്റെ ഭാഗമായ സഫ മർവ്വ പർവതങ്ങൾക്കിടയിലെ യാത്ര, മകന്റെ കരച്ചിൽ സഹിക്ക വയ്യാതെ ഒരിറ്റ് ദാഹനീരിനായി ഓടിയ ഹാജറ ബീവിയുടെ ഓർമ്മയിലാണ്. ലോകത്ത് കഷ്ടപ്പെടുന്ന ജനവിഭാഗത്തോട് ഐക്യപ്പെടാതെ ഈ ത്യാഗപൂർണമായ ജീവിതങ്ങളുടെ ഓർമ്മദിനം പൂർണമാകില്ല.
യുദ്ധത്തിലും രോഗത്തിലും പട്ടിണിയിലും ഭരണകൂടത്തിന്റെ വേട്ടയാടലിലുമെല്ലാം പ്രയാസം അനുഭവിക്കുന്നവരോട് മനസുകൊണ്ടെങ്കിലും ചേർന്നുനിന്നു വേണം ആഘോഷം. രാഷ്ട്രീയ ചേരിതിരിവിന്റെ പേരിലും വിശ്വാസ ആചാരങ്ങളുടെ പേരിലും വംശീയതയുടെ പേരിലും അക്രമങ്ങൾ നേരിടുന്നവരെയും മഹാമാരിയും മാറാവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്നവരെയും ഉൾക്കൊണ്ട്, അവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ച്, ദൈവാനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞു വേണം പെരുന്നാൾ ദിനം പൂർത്തീകരിക്കാൻ.