ജപ്പാന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് വിടപറഞ്ഞ ഷിൻസോ ആബെ .അക്രമിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ ആബെയുടെ നെഞ്ചിൽ തുളച്ചുകയറിയാണ് മരണം.ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് .
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഷിന്‍സോ ആബെ 1993 ല്‍ ജപ്പാനിലെ പാര്‍ലമെന്റിന്റെ ഭാഗമായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. . ജപ്പാനെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ച ‘അബെനോമിക്‌സ്’ എന്ന് വിളിക്കപ്പെടുന്ന സാമ്പത്തിക നയങ്ങള്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. 2006ലാണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വർഷം അതു തുടർന്നു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
ജപ്പാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്‌സിലേക്ക് ആദ്യമായി 1993ലാണ് ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് ആബെ നിർണായക സ്ഥാനത്തെത്തുന്നത് 2005ൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ്. തൊട്ടടുത്ത വർഷം ഡിസംബറിൽ എൽഡിപി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വർഷത്തിനിപ്പുറം ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എൽഡിപിയിലെ ഷിഗേരു ഇഷിബയെ തോൽപിച്ച് വീണ്ടും പാർട്ടി അധ്യക്ഷനായി. തൊട്ടടുത്ത വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം തുടർന്ന് ജപ്പാനിൽ നാല് തവണ പ്രധാമന്ത്രിയായതിന്റെ റെക്കോര്‍ഡും ആബെ സ്വന്തമാക്കി.പിന്നീട് ഭരണത്തിലെ അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായി. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് 2020 ഓഗസ്റ്റില്‍ ആബെ പ്രധാനമന്ത്രി സ്ഥാനം സ്വമേധയാ ഒഴിഞ്ഞിരുന്നു.
നരേന്ദ്രമോദിയുമായി അടുത്ത ബന്ധം
ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആബെ നരേന്ദ്രമോദിയുടെ അടുത്ത സുഹൃത് കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഷിൻസോയുമായി സൗഹൃദത്തിലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ജപ്പാൻ സന്ദർശിച്ചതിന് പിന്നാലെ നിരവധി ജപ്പാൻ കമ്പനികൾ ഗുജറാത്തിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.
പിന്നീട് 2014ൽ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധിതിയുൾപ്പെടെ ഇന്ത്യയുടെ നിരവധി സുപ്രധാന വികസന ലക്ഷ്യങ്ങളിൽ ജപ്പാൻ പിന്നീട് പങ്കാളിയാകുകയും ചെയ്തു. ഇന്ത്യയുടെ ബഹുമതിയായ പത്മവിഭൂഷൺ നൽകിയും ഷിൻസോ ആബെയെ രാജ്യം ആദരിച്ചിട്ടുണ്ട്. നേതാജി റിസർച്ച് ബ്യൂറോയുടെ ഈ വർഷത്തെ നേതാജി അവാർഡും ഇന്ത്യ സമ്മാനിച്ചത് ആബെയ്‌ക്കായിരുന്നു.