ഇന്ത്യൻ ക്രിക്കറ്റിനെ ഉന്നതിയിലേക്ക് നയിച്ച ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയെന്ന അപൂർവ പ്രതിഭാസത്തിന് ഇന്ന് 41–ാം ജന്മദിനം. എണ്ണിയാൽ തീരാത്തത്ര കളികളിൽ ഹെലികോപ്റ്റർ ഷോട്ടുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഫിനിഷർ എന്ന പേരിലൂടെ നമ്മളെ വിസ്മയിപ്പിച്ച ധോണിക്കു 41 വയസ്സ് തികയുമ്പോൾ ക്രിക്കറ്റ് പ്രേമികളും ഒന്നാകെ പറയുന്നു, ഹാപ്പി ബർത്ത്ഡേ ധോണി. ഇന്ന്, ജൂലൈ ഏഴിന്, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിജയിച്ച ക്യാപ്റ്റൻ തന്റെ 41–ാം ജന്മദിനം ആഘോഷിക്കുമ്പോൾ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിക്കാറായില്ലേ എന്നും വിമർശങ്ങൾ ഉയരുന്നുണ്ട്. പക്ഷെ ആർക്കും പിടികൊടുക്കാത്ത ക്യാപ്റ്റൻ കൂളാണ് പലപ്പോഴും അയാൾ. വിരമിക്കൽ പ്രഖ്യാപനം വരെ അപ്രതീക്ഷിതമായിരുന്നല്ലോ. ഏഴാം ജേഴ്സിയണിഞ്ഞ് നമ്മളെ ത്രസിപ്പിച്ച ഏഴാം മാസത്തിലെ ഏഴാം ദിന’ത്തിൽ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് നായകന് ഒന്നുമില്ലായ്മയിൽനിന്ന് വളർന്നുവന്ന് ലോകം കീഴടക്കിയ ഇതിഹാസ നായകന്, പ്രിയപ്പെട്ട മഹിബായിക്ക് ക്രിക്കറ്റിലെ മഹേന്ദ്രജാലക്കാരന് ഒരായിരം ജന്മദിനാശംസകൾ.
ഒരു സിനിമാക്കഥ പോലെയാണ് ധോണിയുടെ ജീവിതം. ധോണിയുടെ ജനനം മുതൽ 2011 ലോകകപ്പ് വിജയം വരെയുള്ള ധോണിയുടെ ജീവിതം എംഎസ് ധോണി; ദി അൺടോൾഡ് സ്‌റ്റോറി എന്ന സിനിമയായി പുറത്തിറങ്ങിയതാണ്. അരങ്ങേറ്റ മത്സരത്തിൽ ആദ്യത്തെ പന്തിൽ തന്നെ പൂജ്യത്തിനു റൺ ഔട്ടായി മടങ്ങിയ ധോണി ചെറുപ്രായത്തിൽ ടീം ഇന്ത്യയുടെ നായകനായി അവരോധിയ്ക്കപ്പെടുക. 2007ൽ പ്രഥമ ട്വന്റി20 കിരീടം സ്വന്തമാക്കുക. 2009ൽ ആദ്യമായി ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ച ധോണി, 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകകപ്പ് കിരീടം സമ്മാനിക്കുന്നു. 2013ൽ ചാംപ്യൻസ് ട്രോഫിയും. 2007ൽബദ്ധവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ നേടിയ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ പുതുതലമുറയുടെ ഉദയം കൂടിയായിരുന്നു.
ഇതോടെ മൂന്നു ഐസിസി ട്രോഫികൾ ഇന്ത്യയിലേക്ക് കൊണ്ടു വന്ന ചരിത്രം തിരുത്തിക്കുറിച്ച ഏക നായകനായി ഇതിഹാസ താരമായി ധോണി മാറുന്നു. അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാരുടെ പട്ടികയിലേക്ക് അയാൾ നടന്നു കയറി. ഒരു സാധരണ റെയിൽവേ ടിക്കറ്റ് കളക്ടർ ക്രിക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് നടന്നു കയറിയത് ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടുനടന്നത് കൊണ്ടുമാത്രമാണ്. ഏതൊരു സാധാരണക്കാരനും സ്വപ്നം കാണുവാനും പ്രചോദിപ്പിക്കുവാനും കഴിയുന്ന വിസ്മയകരമായ ഒരു കഥ തന്നെയാണ് ധോണി എന്ന മഹേന്ദ്ര സിങ് ധോണി.
1981 ജൂലൈ ഏഴിന് ഝാര്‍ഖണ്ഡിലാണ് ധോണിയുടെ ജനനം. റാഞ്ചിയില്‍ നിന്നുള്ള സാധാരണക്കാരനായ ഒരു പയ്യന്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ആയി സ്വയം വികസിക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ എം.എസ്.ഡി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആദരണീയ താരമായി മാറി. ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന് വിശേഷണമുള്ള ധോണിയുടെ കരിയര്‍ സംഭവബഹുലമാണ്. 2004-ല്‍ അരങ്ങേറ്റം കുറിച്ച ധോണി 350 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരായ 183 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. മൂന്ന് പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലും വിജയിക്കുന്നതില്‍ തന്റെ ടീമിനെ വിജയകരമായി നയിച്ച ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.
90 ടെസ്റ്റുകളില്‍ കളിച്ച ധോണി 38.09 ശരാശരിയില്‍ 4,876 റണ്‍സ് നേടിയിട്ടുണ്ട്. 98 ടി20യില്‍ 126.13 സ്ട്രൈക്ക് റേറ്റില്‍ 1617 റണ്‍സും താരം നേടി. 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ പുറത്താകലിലെ മത്സരത്തിലാണ് നീല ജേഴ്സിയില്‍ ധോണി അവസാനമായി കളിച്ചത്. 2020-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചിരുന്ന എംഎസ് ധോണി ഈ വര്‍ഷമാദ്യം കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.