ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും വിശേഷ ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ് വിമാന കമ്പനികൾ. എന്തിനെന്നല്ലേ? ആഘോഷ ദിവസങ്ങൾ തന്നെ യഥാർത്ഥ അവസരമെന്നു കരുതി വിലകൂട്ടുന്ന ഒരു തരം തന്ത്രമാണ് വിമാന കമ്പനികളുടേത്. ഇപ്പോൾ ഗൾഫ് നാടുകളിൽ സ്കൂളുകൾ അടക്കുന്ന കാലമാണ്. പ്രവാസികൾ കുടുംബസമേതം നാടുകളിലേക്ക് മടങ്ങുന്ന സമയം. നാട്ടിൽ വന്ന് കുടുംബത്തോടും ബന്ധുമിത്രാദികളോടുമൊപ്പം കുറച്ചുദിവസമെങ്കിലും കഴിയാനാഗ്രഹിക്കുന്ന യാത്രക്കാർക്ക് വിമാനക്കമ്പനികളുടെ കഴുത്തറുപ്പൻ നിരക്കുകൾ കണ്ട് യാത്ര മാറ്റിവെയ്ക്കേണ്ടിവരും. അത്രയധികമാണ് ഈ സീസണിലെ വിമാന യാത്രയുടെ നിരക്കുകൾ.
അവസരം മുതലാക്കുന്നതിൽ ഒരു കമ്പനിയും പിറകിലല്ല. ഉയർന്ന നിരക്കു നിശ്ചയിക്കുന്നതിൽ കമ്പനികൾ തമ്മിൽ പരസ്പരം മത്സരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ നാലംഗ കുടുംബത്തിന് നാട്ടിലെത്തണമെങ്കിൽ കിടപ്പാടം തന്നെ തീറെഴുതേണ്ടിവരുമെന്ന സ്ഥിതിയാണ്. രണ്ടുമാസത്തെ അവധിക്കുശേഷം തിരികെ മടങ്ങുമ്പോഴും ഇതേ പ്രശ്നം തന്നെ നേരിടേണ്ടിവരും. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിൽ നിന്ന് വിവിധ ഗൾഫ് നഗരങ്ങളിലേക്ക് പറക്കാൻ ജൂലായ് രണ്ടിന് വിമാനക്കമ്പനികൾ ചുമത്തുന്ന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഭീമമായ ഈ കൊള്ള ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എയർ ഇന്ത്യയ്ക്ക് കുത്തകയുണ്ടായിരുന്ന കാലം മുതൽ നടക്കുന്ന ചൂഷണമാണിത്. അന്നും ഈ കൊള്ള നിരക്കുകൾക്കെതിരെ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ഒരു ഫലവുമുണ്ടായില്ല.
വിമാനക്കമ്പനികൾക്ക് അതിന് അവകാശമുണ്ടെന്ന നിലപാടാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റേത്. എയർ ഇന്ത്യയെക്കൂടാതെ നിരവധി വിദേശ എയർലൈനുകൾ വന്നപ്പോഴെങ്കിലും സ്ഥിതി മാറുമെന്നു കരുതി. അപ്പോൾ കൂട്ടം ചേർന്നുള്ള കൊള്ളയടിയായി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂലായ് രണ്ടിന് എയർ ഇന്ത്യ എക്സ്‌പ്രസ് 36400 രൂപ ഈടാക്കുമ്പോൾ ഇതേ വിമാനത്തിൽ ദുബായ്ക്ക് പോകാൻ 9700 രൂപ മതിയാകും. ഒരേ വിമാനം. ഒരേദൂരം. നിരക്കിലാകട്ടെ നാലിരട്ടി വർദ്ധനയും. സാധാരണക്കാർക്കു മനസിലാകാത്തതാണ് നിരക്കിലെ ഈ അന്തരം. പ്രവാസികളെ ഓർത്ത് കണ്ണീർപൊഴിക്കാത്ത ഭരണാധികാരികളില്ല. ആണ്ടുതോറും അവരെ ക്ഷണിച്ച് വിപുലമായി സമ്മേളനവും ആദരിക്കൽ ചടങ്ങുമൊക്കെ നടക്കാറുമുണ്ട്. ഇത്തരം പ്രവാസി സമ്മേളനങ്ങളിലും ഉത്സവകാലത്തെ അമിത വിമാന നിരക്കുകളെപ്പറ്റി പരാതികൾ ഉയരാറുണ്ട്.
മറ്റു പല പ്രശ്നങ്ങൾക്കിടയിലും ഇത്തരം ആവശ്യങ്ങൾക്ക് പരിഗണന കിട്ടാറില്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല സമ്മേളനത്തിൽ സംബന്ധിക്കുന്നവരിൽ അധികവും ഉയർന്ന വിമാന ടിക്കറ്റിനെപ്പറ്റി അത്രയൊന്നും വേവലാതി ഇല്ലാത്തവരുമായിരിക്കും. സാധാരണ പ്രവാസികളുടെ കാര്യം അതല്ല. അനേകം പ്രതികൂല സാഹചര്യങ്ങളിൽ കഷ്ടപ്പെട്ടു വേലചെയ്ത് മിച്ചംപിടിക്കുന്ന പണം കൊണ്ടാണ് വല്ലപ്പോഴുമെങ്കിലും അവർ നാട്ടിൽ വന്നുപോകുന്നത്.
പ്രവാസി കാര്യങ്ങൾ നോക്കാൻ പ്രത്യേക വകുപ്പും അതിനൊരു മന്ത്രിയുമൊക്കെ ഉണ്ടായിട്ടും വർഷങ്ങളായി വിമാനക്കമ്പനികൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ അനീതിക്കു പരിഹാരമുണ്ടാക്കാൻ കഴിയുന്നില്ലെന്നത് കഷ്ടമാണ്. ലോകത്ത് എല്ലായിടത്തും വിമാനക്കമ്പനികൾ ഇത്തരത്തിലാണ് നഷ്ടം നികത്താറുള്ളതെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല. വിനോദസഞ്ചാരികളിൽ നിന്ന് സീസൺ നോക്കി ഉയർന്ന നിരക്ക് ഈടാക്കുന്നതു പോലെയല്ല ഗൾഫിലെ പ്രവാസികളുടെ മേൽ അധിക നിരക്ക് ചുമത്തുന്നത്. അക്ഷരാർത്ഥത്തിൽ രക്തം വിയർപ്പാക്കി നേടുന്ന വേതനത്തിന്റെ ഒരു ഭാഗമാണ് വല്ലപ്പോഴും നാട്ടിൽ വന്നുപോകാൻ അവർ ചെലവാക്കുന്നത്. ഈ ടിക്കറ്റ് കൊള്ളയ്ക്കെതിരെ വ്യോമയാന വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുകതന്നെ വേണം.