അഭിമന്യു ഓർമയായിട്ട് നാല് വർഷം. ഇടുക്കി വട്ടവടയിലെ കൊച്ചു ഗ്രാമത്തിൽനിന്നു കൊച്ചിയിലെത്തിയ അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നിലവിളി ശബ്ദം കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെല്ലാം പുറത്തു വിലസി നടക്കുമ്പോൾ വിചാരണ പുനഃരാരംഭിക്കുന്നതു നീളുന്നതിന്റെ ആശങ്കയിലാണു കുടുംബവും സഹപാഠികളും. മഹാരാജാസ് കോളേജിന്റെ പിന്നിലെ മതിലിൽ അന്ന് അവൻ കുറിച്ച വരികൾ ‘വർഗീയത തുലയട്ടെ’ എന്നു വീണ്ടും എഴുതിച്ചേർത്തു. എല്ലാ വർഷവും വിദ്യാർഥികൾ മുടങ്ങാതെ അതു ചെയ്യുന്നുണ്ട്.
മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയായിരിക്കെ, എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണു കുത്തേറ്റു മരിച്ചത്. കോളജിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിനു തലേന്നായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്. എസ്എഫ്ഐ ബുക്കു ചെയ്ത മതിലിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്തു നടത്തി. ഇതിനു മുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കുത്തേറ്റ അഭിമന്യുവിനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അഭിമന്യുവിനൊപ്പം കോട്ടയം സ്വദേശി അർജുൻ എന്ന വിദ്യാർഥിക്കും എംഎ ഇക്കണോമിക്സ് വിദ്യാർഥിയായ വിനീത് കുമാറിനും കുത്തേറ്റിരുന്നു.
വീട്ടിലെ പരിമിതമായ സാഹചര്യങ്ങളിലെ കഷ്ടപ്പാടില്‍നിന്നുള്ള മോചനം തേടി സ്‌കൂള്‍ പഠന കാലത്തു തന്നെ അഭിമന്യു എറണാകുളത്ത് എത്തിയിരുന്നു. എന്നും ബുദ്ധിമുട്ടുകളുടെ നടുവിലായിരുന്ന അഭിമന്യു ആശ്വാസം കണ്ടെത്തിയിരുന്നത് സംഘടനാ പ്രവര്‍ത്തനത്തിലാണ്. പഠിക്കാന്‍ മിടുക്കനായ നിര്‍ധന കുടുംബാംഗമെന്ന നിലയില്‍ വൈഎംസിഎയുടെ തൃക്കാക്കരയിലുള്ള ബോയ്‌സ് ഹോമിലെത്തിയ അഭിമന്യു എട്ടാം ക്ലാസ് വരെ ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലായിരുന്നു പഠിച്ചത്. തുടര്‍ന്നു നാട്ടിലേക്കു മടങ്ങി. വീടിനടുത്തുള്ള സ്‌കൂളിലാണു പ്ലസ്ടു വരെ പഠിച്ചത്. ജോലി അന്വേഷിച്ച് വീണ്ടും എറണാകുളത്ത് എത്തിയ അഭിമന്യു ഒരുവര്‍ഷക്കാലം ഹൈക്കോടതി ജങ്ഷനിലെ ഹോട്ടലിലും കടകളിലുമായി ജോലി ചെയ്തു. തുടര്‍ന്നാണു 2017ല്‍ മഹാരാജാസില്‍ ഡിഗ്രിക്കു പ്രവേശനം നേടിയത്.
കോളജില്‍ എത്തിയ ശേഷം അഭിമന്യു സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി. ആക്രമിക്കപ്പെട്ട ദിവസം രാത്രിയോടെയാണ് നാട്ടിൽനിന്ന് പച്ചക്കറി കയറ്റിവന്ന ചരക്കുലോറിയിൽ കയറി അഭിമന്യു കൊച്ചിയിലെത്തിയത്. ക്യാംപസിൽ കൊണ്ടുവന്ന അഭിമന്യുവിന്റെ മൃതദേഹത്തിനു മുന്നിലേയ്ക്കു വീണ് അമ്മ ഭൂപതി ‘നാൻ പെറ്റ മകനെ.. എൻ കിളിയേ..’ എന്നു നിലവിളിച്ചത് കണ്ടുനിന്നവരെ പോലും സങ്കടപ്പെടുത്തി. ഇനിയൊരു അഭിമന്യുവും അമ്മയും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ല. ഓരോ ദിവസവും അക്രമരാഷ്ട്രീയം കൂടുകയാണ് എന്നുതന്നെയാണ് അഭിമന്യുവിനു ശേഷമുള്ള കൊലപാതകങ്ങൾ നമുക് കാണിച്ചു തരുന്നത്.