വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന പ്രവാസികളായ മൂന്ന് സ്ത്രീകളെയും, സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യൽമീഡിയയിലൂടെ ആളുകെ കബളിപ്പിക്കാൻ ശ്രമിച്ച ഒരു പുരുഷനെയും കുവൈത്ത് പൊലീസ് അറസ്റ്റുചെയ്തു. ഹവല്ലിൽ നടത്തിയ പരിശോധയിലാണ് മൂന്ന് സ്ത്രീകൾ പിടിയിലായത്. ഇവർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇവരെ കൈമാറിയിട്ടുണ്ട്. പിടിയിലായ പുരുഷനെ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, തൊഴിൽ, താമസ നിയമ ലംഘകർക്കെതിരെയുള്ള നടപടികളും അധികൃതർ കർശനമാക്കിയിട്ടുണ്ട്. ഇത്തരക്കാരെ കണ്ടുപിടിക്കാനുള്ള രാജ്യവ്യാപക പരിശോധനകൾ ആഭ്യന്തര മന്ത്രാലയം തുടരുകയാണ്.
പിടിയിലാകുന്നവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇത്തരത്തിൽ നാടുകടത്തുന്നവർക്ക് പിന്നീടൊരിക്കലും കുവൈത്തിലേക്ക് മടങ്ങിവരാൻ കഴിയില്ല. ആറുമാസത്തിനിടെ 10,800 പ്രവാസികളെയാണ് താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയത്. ഇപ്പോഴത്തെ പരിശോധന തുടരുമെന്നും ഒരു പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല പരിശോധനയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പരിശോധനകൾ ഇല്ലെന്നും പിടിക്കപ്പെടുന്നത് ഒഴിവാക്കാനായി പ്രവാസികൾ ഇവിടങ്ങളിലേക്ക് കടക്കുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.