വളർച്ചാ കാലയളവിൽ വ്യത്യസ്ത വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങളെ നേരത്തെ കണ്ടെത്തി സ്വയം പര്യാപ്തരാക്കുവാൻ ആസ്റ്റർ ഡിഎം ഫൗണ്ടേഷനും, ആസ്റ്റർ മെഡ് സിറ്റിയും പീസ് വാലിയുമായി സഹകരിക്കുന്നു. പീസ് വാലിയുടെ ഏർലി ഇന്റർവെൻഷൻ സെന്റർ ഫോർ ഡെവലപ്പ്മെന്റൽ ഡിസബിലിറ്റീസുമായിയാണ് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ കൈകോർക്കുന്നത്. ആസ്റ്റർ മെഡ് സിറ്റിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം, ആസ്റ്റർ വോളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്കുള്ള ചികിത്സ സൗകര്യങ്ങൾ എന്നിങ്ങനെ ബഹുമുഖമായ സഹകരണമാണ് ഇതിലൂടെ സാധ്യമാവുന്നത്. ആസ്റ്റർ ഇന്റഗ്രേറ്റഡ് ന്യൂറോ ഡവലപ്മെന്റ് സെന്റർ, ആസ്റ്റർ സിക്ക് കിഡ്സ് ഫൗണ്ടേഷൻ തുടങ്ങിയവയും പദ്ധതിക്ക് പിന്തുണയേകും.
ഈ വർഷം ജനുവരിയിൽ കോതമംഗലം പീസ് വാലിയിൽ ആരംഭിച്ച കേന്ദ്രത്തിൽ ആറുവയസ്സ് വരെ പ്രായമുള്ള 70 കുട്ടികൾ സൗജന്യമായി വ്യത്യസ്ത തെറാപ്പികൾക്ക് വിധേയരാവുന്നുണ്ട്. വളർച്ചാ പരമായ സവിശേഷതകൾ ആധികാരികമായി കണ്ടെത്തുക എന്ന ലക്ഷ്യവുമായി മാസത്തിൽ രണ്ട് ദിവസമാകും ആസ്റ്റർ മെഡ് സിറ്റിയിലെ വിദഗ്ധരായ ഡെവലോപ്മെന്റൽ പീഡിയാട്രിഷ്യൻ ഡോക്ടർമാരുടെ സേവനം പീസ് വാലിയിൽ ലഭ്യമാകുക. സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് കുട്ടികൾ. വളർച്ചാ കാലയളവിൽ വ്യത്യസ്ത വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകി സമൂഹത്തിന്റെ മുൻനിരയിലേക്ക് അവരെ കൈപിടിച്ചുയർത്തുക എന്നത് നമ്മുടെ കടമയാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള & ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
അത്യാധുനിക ചികിത്സ സൗകര്യവും, മതിയായ ചികിത്സയും ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുകയാണ് ഈ പദ്ധതിയിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. ആസ്റ്റർ മെഡ്സിറ്റി പീഡിയാട്രിക് മേധാവി ഡോ ജീസൻ ഉണ്ണി, ഡോ സൂസൻ മേരി സക്കറിയ, ലത്തീഫ് കാസിം, പീസ് വാലി ഭാരവാഹികളായ കെ എ ഷമീർ, കെ എച്ച് ഹമീദ് എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 6235453 206 ൽ ബന്ധപ്പെടാം.
















