കെമിസ്ട്രി അദ്ധ്യാപകനായിരുന്ന ടി.ശിവദാസമേനോന്റെ ജീവിത രസതന്ത്രം എക്കാലവും കമ്മ്യൂണിസമായിരുന്നു. അദ്ധ്യാപക പ്രസ്ഥാനത്തിലൂടെ സി.പി.എമ്മിന്റെ അമരത്തെത്തി എം.എൽ.എയും രണ്ടുതവണ മന്ത്രിയുമായി കേരള രാഷ്ട്രീയത്തിൽ തിളങ്ങിയ ടി.ശിവദാസമേനോൻ പാർട്ടി അണികളെ അച്ചടക്കത്തിന്റെ നല്ലപാഠങ്ങൾ പഠിപ്പിച്ച മാഷായിരുന്നു. ‘പാർട്ടി വിരുദ്ധർക്ക് പാർട്ടിക്കകത്തല്ല പുറത്താണ് സ്ഥാനം, എത്ര വലിയ നേതാവായാലും പാർട്ടിക്ക് അതീതനല്ല, തെറ്റുകൾ പറ്റാം. പക്ഷേ, പാർട്ടി തിരുത്തിയാൽ പാർട്ടിക്കൊപ്പം വരണം, ചെങ്കൊടിക്കുമേൽ പറക്കാൻ ആർക്കും അധികാരമില്ല.’ എന്ന് നേതാക്കൾക്കെതിരെ പാർട്ടിവേദികളിൽ ആഞ്ഞടിച്ച ടി.ശിവദാസൻ യാത്രയാകുമ്പോൾ പാർട്ടിക്ക് നഷ്ടമാകുന്നത് ആദർശത്തിൽനിന്ന് വ്യതിചലിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെയാണ്.
90-ാം വയസിൽ മകളുടെ മഞ്ചേരിയിലെ ‘നീതി’ വീട്ടിൽ വിശ്രമജീവിതം നയിച്ച് താനടക്കം ഭാഗമായ വള്ളുവനാടിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ച് പുസ്തകമെഴുതാൻ തയ്യാറെടുക്കുമ്പോഴാണ് ശിവദാസമേനോൻന്റെ വിയോഗം. അദ്ധ്യാപകർക്കുവേണ്ടി സമരം ചെയ്താണ് രാഷ്ട്രീയപ്രവേശനം. മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂളിൽ അദ്ധ്യാപകനായിരിക്കെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തൃശ്ശൂർ മുല്ലശ്ശേരി സ്‌കൂളിൽ 24 അദ്ധ്യാപകരെ മാനേജർ പിരിച്ചുവിട്ടു. സ്‌കൂൾ മാനേജർമാർക്കുണ്ടായിരുന്ന അനിയന്ത്രിത അധികാരത്തിനെതിരെ ശിവദാസമേനോന്റെ നേതൃത്വത്തിൽ സമരം നടന്നു. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനകം പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു.
മണ്ണാർക്കാട് കെ.ടി.എം സ്കൂളിൽ 1952ൽ അദ്ധ്യാപകനായി ജോലിക്കുകയറിയ ശിവദാസമേനോൻ 1956ൽ പ്രധാനാദ്ധ്യാപകനായി. 1986ൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം അമ്മാവനെതിരെയായിരുന്നു. 1965ൽ പഞ്ചായത്ത് ബോർഡ് തിരഞ്ഞെടുപ്പിലാണ് ടി.നാരായണൻകുട്ടി മേനോനെതിരെ ശിവദാസമേനോൻ മത്സരിച്ചതും വിജയിച്ചതും. പിന്നീട് 1987 മുതൽ മൂന്നുതവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ മദ്യദുരന്ത സമയത്ത് എക്സൈസ് മന്ത്രിയായിരുന്നു. മലബാർ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കിയതും കേരളത്തിലെ കള്ളുഷാപ്പുകൾ കുത്തക മുതലാളിമാരിൽ നിന്ന് സഹകരണസംഘങ്ങളെ ഏൽപിച്ച തീരുമാനവും അദ്ദേഹത്തിന്റെ ഭരണമികവ്.
പാർലമെന്ററി രംഗം വിട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ എ.കെ.ജി സെന്ററിന്റെ ചുമതല ശിവദാസമേനോനായി. നിരവധി ജനകീയ പ്രക്ഷോഭങ്ങൾ, പൊലീസ് മർദ്ദനങ്ങൾ, തർക്കങ്ങൾ, വാഗ്വാദങ്ങൾ അങ്ങനെ ശിവദാസ മേനോൻ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. ഇന്നലെ രാവിലെ 11.30ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ന്യൂമോണിയയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 2016 മുതൽ മകൾ ലക്ഷ്മി ദേവിയുടെയും മരുമകനും മുൻ പ്രോസിക്യൂഷൻ ഡയക്ടർ ജനറലുമായ അഡ്വ. സി. ശ്രീധരൻ നായരുടെയും മഞ്ചേരിയിലെ വസതിയിലായിരുന്നു താമസം.
ടി ശിവദാസ മേനോന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ നടന്നു. മകളുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ തന്നെ എത്തിയ മുഖ്യമന്ത്രി അര മണിക്കൂറോളം അവിടെ ചെലവിട്ടു. മുഖ്യമന്ത്രിയെ കൂടാതെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻ കുട്ടി, മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവരും ശിവദാസ മേനോന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.