പ്ളാസ്റ്റിക് പ്രകൃതിക്ക് കനത്ത നാശം വിതക്കുന്നതാണ്. അത് എല്ലാവർക്കും അറിയുന്നതും അംഗീകരിക്കുന്നതുമാണ്. എന്നാൽ ഭൂരിപക്ഷം പേരും ഇതെല്ലാം മറന്ന് അത് ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് ഉപയോഗത്തെ കുറിച്ച് വർഷങ്ങളായി ബോധവത്‌കരണം നടക്കുന്നുണ്ട്. കേരളത്തിൽ കനം കുറഞ്ഞ പ്ളാസ്റ്റിക്കിന്റെ ഉപയോഗം രണ്ട് വർഷം മുമ്പ് നിരോധിച്ചതാണെങ്കിലും നിരോധനം പൂർണ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കടക്കാർ പ്ളാസ്റ്റിക് സഞ്ചികൾ കൊടുക്കാതായപ്പോൾ ജനം പ്ളാസ്റ്റിക് സഞ്ചിയുമായി വന്ന് സാധനങ്ങൾ വാങ്ങുന്ന രീതിയിലേക്ക് അത് മാറി. ഫ്ളക്സുകളുടെ എണ്ണം തുടക്കത്തിൽ കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും പഴയസ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. നാട്ടിൽ പ്രക്ഷോഭങ്ങൾ കൂടുന്നതനുസരിച്ച് ഫ്ളക്സുകളും കൂടുകയാണ്.
ഹരിത മിഷനും തദ്ദേശസ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വീടുകൾ പ്ളാസ്റ്റിക് രഹിതമാകുന്നില്ല. ഒന്നല്ലെങ്കിൽ മറ്റൊരു മാർഗത്തിലൂടെ വീടുകളിലേക്കും അവിടെ നിന്നും പുറത്തേക്കും പ്ളാസ്റ്റിക് മാലിന്യം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു സാധരണക്കാരെ തെറ്റുപറയാനും പറ്റില്ല. കാരണം പ്ലാസ്റ്റിക്കിനു പകരം ബദൽ സംവിധാനം ഇല്ലാത്തതാണ് ഇതിന് കാരണം. ഏറ്റവും വിലകുറഞ്ഞതും അതേസമയം ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദവും ആയതുകൊണ്ടാണ് പ്ളാസ്റ്റിക് പകർച്ചവ്യാധിപോലെ ഇത്രയധികം പടർന്നുപിടിച്ചത്. പല ഇടങ്ങളിലും ഇപ്പോഴും പലതരത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും (പൊതിയാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കുകൾ, ചായക്കപ്പ്, സ്ട്രോ, പ്ളേറ്റ്, ചെവി വൃത്തിയാക്കാനുള്ള ബഡ്ഡ്, കനം കുറഞ്ഞ തെർമോകോൾ, മിഠായി കോല്) നിരോധിക്കുന്നുണ്ട്. എന്നാൽ ഇതിനൊക്കെ പകരം സംവിധാനങ്ങൾ നിലവിലുണ്ടോ എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല.
ഭൂമി മാത്രമല്ല സമുദ്രവും മലിനമാക്കുന്ന പ്ളാസ്റ്റിക് മാലിന്യത്തിനോട് നാം എന്നെങ്കിലും വിടപറഞ്ഞേ മതിയാവൂ. ഇപ്പോഴുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള സൗകര്യങ്ങൾ വിപുലമാക്കേണ്ടതുണ്ട്. വെള്ളവും മദ്യവും മറ്റും വിൽക്കാൻ ഉപയോഗിക്കുന്ന കുപ്പികളും മറ്റും സൃഷ്ടിക്കുന്ന പ്ളാസ്റ്റിക് വിപത്ത് വളരെ വലുതാണ്. ഇതൊക്കെ എങ്ങനെ പരിഹരിക്കാമെന്ന ചിന്ത വിദഗ്ദ്ധരുടെയും സർക്കാരിന്റെയും തലത്തിൽ ഉണ്ടാകണം. നിയമനടപടിയ്‌ക്കൊപ്പം ഇതിന്റെ ബദൽ മാർഗങ്ങളും ഉരുത്തിരിഞ്ഞ് വന്നാലേ പ്ളാസ്റ്റിക് നിരോധനം ഫലവത്താകൂ. പ്രകൃതിയിൽനിന്ന് സ്വാഭാവികമായി ലഭിക്കുന്ന വസ്തുക്കൾ ജീർണിക്കുമ്പോൾ പ്രകൃതിക്ക് ദോഷം ഉണ്ടാക്കാറില്ല. അങ്ങനെയുള്ള വസ്തുക്കൾ പ്ളാസ്റ്റിക്കിന് പകരം ഉപയോഗിക്കാനാവുമോ എന്ന രീതിയിലുള്ള പഠനങ്ങളും പരീക്ഷണങ്ങളും നിരോധനത്തിനൊപ്പം തന്നെ സർക്കാർ തുടങ്ങിവയ്ക്കണം.
പ്ലാസ്റ്റിക് നിരോധനത്തിന് ഓരോതവണ ഉത്തരവുണ്ടാകുമ്പോഴും സര്‍ക്കാര്‍ നടപടികള്‍ പേരിനു മാത്രമാകുന്നുണ്ട്. ആദ്യമൊക്കെ പരിശോധനയുണ്ടാകുമെങ്കിലും പിന്നീട് എല്ലാം വഴിപാടാകുന്നതാണ് പതിവ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ജൂലായ് ഒന്നുമുതല്‍ നിരോധനം കര്‍ശനമാക്കാനൊരുങ്ങുകയാണ് ഇപ്പോൾ സർക്കാർ. എങ്കിലും നിരോധനം നടപ്പാക്കാനുള്ള നടപടികള്‍ എത്രകണ്ടു ശക്തമാകുമെന്ന് കണ്ടറിയണം. കോവിഡിന്റെ പേര് പരിശോധന പൂര്‍ണമായും നിലച്ചപ്പോള്‍ പ്ലാസ്റ്റിക്കിനോട് തുടങ്ങിയ ഉദാരസമീപനം ഇപ്പോഴും തുടരുകയാണ്. രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനത്ത് നിരോധനം നടപ്പാക്കിയെങ്കിലും വിലക്കിയ ഉത്പന്നങ്ങള്‍ ഇപ്പോഴും വിപണിയില്‍ വേണ്ടുവോളമുണ്ട്. നിരോധനം നിലവിലുള്ളതിനാല്‍ വീണ്ടുമൊരു ഉത്തരവോ സര്‍ക്കുലറോ ആവശ്യമില്ലെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്. മൂന്നുതലത്തില്‍ പിഴത്തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ ഉപയോഗത്തിന് തടസമൊന്നും ഇപ്പോഴില്ല. ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണ് വിലക്കും ലംഘനത്തിന് പിഴയും.
അതേസമയം, മാലിന്യനിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുകയാണ്. വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യം സംസ്‌കരിക്കുന്നതിലെ മികവ് അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിങ്. നിര്‍മാര്‍ജനത്തിനുള്ള ക്രമീകരണം, പ്രവര്‍ത്തനാവസ്ഥ, പരിപാലനം എന്നിവ വിലയിരുത്തും. ഇതില്‍ പ്ലാസ്റ്റിക് ഒഴിവാക്കലിന് മുന്‍ഗണനയുണ്ട്. നിലവാരം ശരാശരിയില്‍ താഴെയാണെങ്കില്‍ ലഭിക്കുന്ന നെഗറ്റീവ് മാര്‍ക്ക് കുറ്റകരമായി കണക്കാക്കും. ഇങ്ങനെയും പ്ലാസ്റ്റിക്കിനെ ചെറുക്കുമെന്ന് തദ്ദേശവകുപ്പ് പറയുന്നു. ആറുമാസത്തില്‍ ഒരിക്കല്‍ നിരന്തര വിലയിരുത്തലിലൂടെയാണ് മൂല്യനിര്‍ണയം. നാലുതട്ടിലുള്ള പരിശോധന ഗ്രേഡിങ്ങിനുണ്ടാകും. സംസ്‌കരണത്തിന് ഇതൊക്കെ ഉപകാരപ്പെടുമെങ്കിലും വിപണിയില്‍നിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇല്ലാതാക്കാന്‍ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ നിരോധനം ഇപ്പോഴത്തേതുപോലെ കടലാസില്‍ മാത്രമാകും.