28 വർഷങ്ങൾക്കു ശേഷം നീതിക്ക് വേണ്ടി ഉയർത്തെഴുന്നേറ്റതാണ് അഭയകേസ്. കേസ് അന്വേഷണം ദുർബലമാകുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തെളിവുകൾ നശിപ്പിച്ചും കൃത്രിമരേഖകളുണ്ടാക്കിയും പൊലീസും ക്രൈംബ്രാഞ്ചും ചേർന്ന് ചാരമാക്കിയ കേസിൽ, പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്താൻ വിചാരണക്കോടതി ആശ്രയിച്ച ഒമ്പതു സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് കഴിഞ്ഞദിവസം ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. ഏതു വിധേനയും കേസ് കുഴിച്ചുമൂടാൻ ആദ്യ അന്വേഷണസംഘങ്ങൾ നടത്തിയ തിരിമറികളാണ് ഈ ഉത്തരവിലേക്ക് കോടതിയെ നയിച്ചത്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പൊരുത്തക്കേടുകൾ ഓരോന്നായി പരിശോധിച്ചാൽ പലതും മനസ്സിലാക്കാനാകും.
അഭയയുടെ കഴുത്തിൽ ഫോട്ടോഗ്രാഫർ കണ്ടതായി പറയുന്ന നഖത്തിന്റെ പാട് പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്താൻ വിചാരണക്കോടതി പരിഗണിച്ചിരുന്നു. ഇത് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പോലും ശ്രദ്ധിച്ചിട്ടില്ല. നഖപ്പാടിന്റെ ചിത്രങ്ങൾ പോലും ഹാജരാക്കാനായില്ല. സംഭവദിവസം രാത്രി കോൺവെന്റിന്റെ അഞ്ചാംനിലയിൽ നിന്നയാൾ ഫാ.തോമസ് കോട്ടൂരാണെന്ന് അടുത്തപറമ്പിലെ കൊക്കോ മരത്തിലിരുന്ന തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്ന പ്രധാനസാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കാനാവില്ല. സിസ്റ്റർ സെഫിയും താനും ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് കഴിയുന്നതെന്ന് ഫാ. തോമസ് കോട്ടൂർ പറഞ്ഞെന്ന സാമൂഹിക പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴി അവിശ്വസനീയമാണ്. ഇത് അംഗീകരിച്ചാൽ തന്നെ ഫാ. തോമസിനെ വിചാരണ ചെയ്തത് അവിഹിത ബന്ധമുണ്ടെന്ന കേസിലല്ല. അവിഹിത ബന്ധമുണ്ടെന്ന കാരണം കൊണ്ടുമാത്രം കുറ്റത്തിൽ പങ്കാളിയാണെന്ന് പറയാനാവില്ല. സിസ്റ്റർ സെഫിയുടെ കന്യാചർമം ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചതാണെന്ന നിഗമനവും കണക്കിലെടുക്കാനാകില്ല. അവർ സ്വഭാവദൂഷ്യത്തിനല്ല വിചാരണ നേരിട്ടത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഭയ മുങ്ങിമരിച്ചതായാണുള്ളത്. ശരീരത്തിലേറ്റ മുറിവും മരണകാരണമയേക്കാം എന്ന റിപ്പോർട്ട് കണക്കിലെടുക്കാനാകില്ല. ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണവും മരണകാരണമായി പറയുന്നുണ്ട്. കൈക്കോടാലി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസ് കേസ്. സംഭവസ്ഥലത്ത് എത്തിയ എസ്.ഐ മാത്രമാണ് പരിസരത്ത് ഒരു കൈക്കോടാലി കണ്ടെത്തിയത്. അഭയയുടെ തലയ്ക്ക് ഇതുപയോഗിച്ച് അടിച്ചതിനെത്തുടർന്ന് പരിക്കേറ്റെന്നു പറയുമ്പോൾ കൈക്കോടാലി കോടതിയിൽ തൊണ്ടിയായി ഹാജരാക്കിയില്ല. അടുക്കള അലങ്കോലമായി കിടന്നതോ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും അടുക്കളയിൽ കണ്ടെത്തിയതോ സിസ്റ്റർ സെഫി താഴത്തെ നിലയിലെ മുറിയിൽ തനിച്ചായിരുന്നു എന്നതോ ആരെയും കുറ്റക്കാരാക്കാൻ പര്യാപ്‌തമല്ല. ഹോസ്റ്റലിൽ രാത്രി മോഷ്ടിക്കാൻ കയറിയപ്പോൾ ഫാ. തോമസിനെ കണ്ടെന്ന് അടയ്ക്കാ രാജു പറയുന്നു. ഇയാൾ പൊലീസിനു നൽകിയ മൊഴിയിലും പിന്നീടു നൽകിയ രഹസ്യമൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്. ഇയാൾ മോഷ്ടിച്ച വാട്ടർ മീറ്ററുകൾ കണ്ടെടുത്തിട്ടില്ല.
രണ്ടുമണി മുതൽ അഞ്ചു മണിവരെ ഫാ. തോമസ് ടെറസിലുണ്ടായിരുന്നെന്നു ഇയാൾ പറയുമ്പോൾ കുറ്റകൃത്യം കണ്ടിട്ടുണ്ടാവണം. പക്ഷേ സംഭവത്തിന് ദൃക്‌സാക്ഷികളില്ല. അതേസമയം, പുലർച്ചെ കോൺവെന്റിന്റെ അടുക്കളയിൽ വച്ച് പ്രതികളെ കാണരുതാത്ത സാഹചര്യത്തിൽ അഭയ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യതെളിവുകളും മൊഴികളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കി കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. കോടതിക്ക് മുന്നിലെത്തിയ അടയ്ക്കാരാജു അടക്കമുള്ള സാക്ഷികളുടെ മൊഴികൾ വിശ്വസനീയമാണ്. ശാസ്ത്രീയതെളിവുകളും കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് സാധൂകരിക്കുന്നതാണ്. കോൺവെന്റിന്റെ അടുക്കള അലങ്കോലമായി കിടന്നതും സെഫി മാത്രമാണ് അടുക്കള ഭാഗത്ത് താമസിച്ചിരുന്നതെന്നുമുള്ള സാക്ഷിമൊഴികളും സാഹചര്യതെളിവുകളും വിശ്വസനീയമാണ്.
കോട്ടൂർ കോൺവെന്റിലെ നിത്യ സന്ദർശകനാണെന്ന് സാക്ഷിമൊഴികളിൽ നിന്നും മറ്റു തെളിവുകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അഭയയുടെ തലയിലേറ്റ മാരക മുറിവ് ആയുധം കൊണ്ടുള്ളതാണെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിൽ അമർത്തിയ പാടുകളും മൂക്കിന്റെ ഇരുവശത്തും നഖപ്പാടുകളും ഉണ്ടായിരുന്നെന്ന് ഫോട്ടോഗ്രാഫർ മൊഴിനൽകി. ശരീരത്തിലെ മറ്റ് മുറിവുകൾ വെള്ളത്തിൽ വീണതിന് മുൻപുള്ളതാണെന്നതിന് ശാസ്ത്രീയ തെളിവുണ്ട്. തലേദിവസം വരെ പ്രസന്നവതിയായി കണ്ടിരുന്ന അഭയ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇതെല്ലാം പരിഗണിച്ചാണ് രണ്ട് പ്രതികളും ചേർന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്‌ത്തി കിണറ്റിലിട്ട്
കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതെന്നും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിന്യായത്തിൽ പറഞ്ഞിരുന്നു.
പലതരത്തിലുള്ള കള്ളക്കളികളും ഈ കേസിൽ നടന്നിട്ടുണ്ട്. അതിനു വ്യക്തമായ കാരണങ്ങളും ഉണ്ട്.
കോട്ടയം ബി.സി.എം കോളേജിലെ രണ്ടാംവർഷ പ്രീഡിഗ്രി വിദ്യാർഥിനിയും കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന 21കാരി സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കണ്ടത്. ആത്മഹത്യയാക്കാനായിരുന്നു തുടക്കംമുതൽ പൊലീസ് ശ്രമിച്ചത്. ഇൻക്വസ്റ്റ് കൃത്യമായിരുന്നില്ല. ശാസ്ത്രീയ തെളിവുശേഖരണം നടത്തിയില്ല. തെളിവുകൾ നശിപ്പിച്ചും രേഖകൾ തിരുത്തിയും പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസില്ലാതാക്കി. പൊലീസ് 17ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും കേസന്വേഷിച്ചശേഷം, ആത്മഹത്യയാണെന്ന കണ്ടെത്തലോടെ കേസ് അവസാനിപ്പിച്ചു. കോട്ടയം ആർ.ഡി.ഒ കോടതിയിൽ റിപ്പോർട്ടും നൽകി.
ആക്ഷൻകൗൺസിലിന്റെ ശ്രമത്തിനൊടുവിലാണ് കേസിലേക്ക് പിന്നീട് സിബിഐ വന്നത്. ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ സിബിഐ ഡിവൈ.എസ്.പി വർഗ്ഗീസ്. പി തോമസ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. ആത്മഹത്യയാക്കാൻ സി.ബി.ഐ എസ്.പി വി.ത്യാഗരാജൻ സമ്മർദ്ദം ചെലുത്തിയതുകാരണം ഡിവൈ.എസ്.പി വർഗ്ഗീസ് സ്വയംവിരമിച്ചു. ഡി.ഐ.ജി എം.എൽ ശർമയുടെ ഡമ്മിപരീക്ഷണത്തോടെ കേസ് ശ്രദ്ധേയമായെങ്കിലും പ്രതികളെ കണ്ടെത്താനാവാതെ കേസ് അവസാനിപ്പിക്കാൻ മൂന്നുവട്ടം സിബിഐ ശ്രമിച്ചു. 2008നവംബറിൽ ഡിവൈ.എസ്.പി നന്ദകുമാർ നായർ അന്വേഷണ ചുതലയേറ്റതോടെ, ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവർ അറസ്റ്റിലായി.
തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി.മൈക്കിളിനെ സിബിഐ പ്രതിയാക്കിയെങ്കിലും ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് മൈക്കിളിനെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് സി.ബി.ഐ കോടതി ഉത്തരവ് നൽകി. സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുന്നതിന് മുൻപ് അഭയയുടെ സ്വകാര്യ ഡയറി കത്തിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അഭയയുടെ സ്വകാര്യ ഡയറി കണ്ടെത്തിയിരുന്നു. 1993മാർച്ചിൽ സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുന്നതിനു മുൻപ് ഡയറി മാത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ആർ.ഡി.ഒയുടെ നിർദ്ദേശ പ്രകാരം ഓഫീസ് വൃത്തിയാക്കുന്നതിനിടെ ഡയറി കത്തിച്ചുകളഞ്ഞു. സുപ്രധാന തൊണ്ടിമുതലുകൾ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.സാമുവലാണെന്ന് സി.ബി.ഐ കണ്ടെത്തി.
2020 ഡിസംബർ 22ന് തിരുവനന്തപുരം സിബിഐ കോടതി പ്രതികളായ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. 2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. ഈ വിധിയിൽ അന്ന് ഏറെ സന്തോഷിച്ചിരിന്നു സമൂഹം. എന്നാൽ കഴിഞ്ഞദിവസം പ്രതികൾക്ക് കോടതി അനുവദിച്ച ജാമ്യം എല്ലാവരെയും നിരാശയിലാക്കി. കേസ് ഇനി എങ്ങനെ നീങ്ങുമെന്ന് അറിയില്ല. അഭയക്ക് വീണ്ടും നീതികിട്ടുമോ എന്ന് കാത്തിരുന്നു തന്നെ കാണാം. ഇനിയൊരു അഭയ നമുക്ക് മുന്നിൽ ഉണ്ടാകാതിരിക്കട്ടെ.