തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
രാഷ്ട്രീയലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളില്‍ ആശങ്ക പടര്‍ത്താനായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളില്‍ വീഴാതെ ട്രോളിംഗ് വിജയിപ്പിക്കുവാന്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. പുതുക്കിയ കെ.എം.എഫ്.ആർ ചട്ടം അനുസരിച്ച് നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമേ മത്സ്യബന്ധനത്തിനായി ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സി.എം.എഫ്.ആർ.ഐയുടെ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തിൽ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
















