മോട്ടോര്‍ ബൈക്കുകളുടെ അമിതവേഗതക്കെതിരെ കര്‍ശന നടപടിയുമായി ‘ഓപ്പറേഷന്‍ റേസ്’ ഇന്ന് ആരംഭിക്കും. മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ റേസ് രണ്ടാഴ്ച നീണ്ടു നില്‍ക്കും. ബൈക്കുകളുടെ മത്സരയോട്ടത്തിൽ യുവാക്കള്‍ മരണപ്പെടുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് .ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ രണ്ടാഴ്ച സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധന നടക്കും. കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി.
രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് റോഡുകളിൽ നടത്തി യുവാക്കള്‍ മരണമടയുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസില്‍ മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. കൃതൃമായ ഇടവേളകളില്‍ പരിശോധനകള്‍ തുടരാനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.
















