സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാനമായ ഏടാണ് ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. എൻ ഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുര്‍മു വിജയിക്കുകയാണെങ്കിൽ രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഗോത്രവര്‍ഗ വനിതയെന്ന പദവി ദ്രൗപതി മുര്‍മു സ്വന്തമാക്കും.
ആരാണ് ദ്രൗപതി മുര്‍മു ?
ഒഡീഷയില്‍ നിന്നുള്ള കരുത്തുറ്റ ആദിവാസി നേതാവാണ് ദ്രൗപതി മുര്‍മു.1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തമായിരുന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡിഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നു. 2000 മുതല്‍ 2014 വരെ 2 തവണ റയ്‌റങ്ക്പൂര്‍ അസംബ്ലിനിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ദ്രൗപതി.ഒരിക്കല്‍ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മുതല്‍ 2002 വരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വാതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗതമന്ത്രിയായിരുന്നു.
2015 മെയ് 18 നാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറാകുന്നത്. സര്‍വകലാശാലകളുടെ ചാന്‍സലറായും അവിസ്മരണീയമായ നേട്ടങ്ങള്‍ ഉണ്ടാക്കാനും ദ്രൗപതി മുര്‍മുവിന് സാധിച്ചു.ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക ജീവിതം വിവാദങ്ങളില്ലാതെ കടന്നു പോയവയായിരുന്നു. ആകെ 6 വര്‍ഷവും ഒരു മാസവും 18 ദിവസവും ജാര്‍ഖണ്ഡ് ഗവര്‍ണറായി പ്രവര്‍ത്തിച്ച മുര്‍മുവിന്റെ ഭരണം തര്‍ക്കരഹിതമായിരുന്നു.ആദിവാസി കാര്യങ്ങള്‍, വിദ്യാഭ്യാസം, ക്രമസമാധാനം, ജാര്‍ഖണ്ഡിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളില്‍ ദ്രൗപതി മുര്‍മു പല അവസരങ്ങളിലും ഇടപെട്ടു. 2016ല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദ്രൗപതി മുര്‍മു സംഘടിപ്പിച്ച ലോക് അദാലത്തില്‍ സര്‍വകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും അയ്യായിരത്തോളം കേസുകളാണ് തീര്‍പ്പാക്കിയത്.ഗവര്‍ണര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, 2021 ജൂലൈ 12 ന് ജാര്‍ഖണ്ഡിലെ രാജ്ഭവനില്‍ നിന്ന് ഒറീസയിലെ റൈരംഗ്പൂരിലുള്ള തന്റെ ഗ്രാമത്തിലേക്ക് ദ്രൗപതി മുര്‍മു മാറിയിരുന്നു.
സ്ഥാനാർഥി നിർണയത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്
ദ്രൗപദി മുര്‍മു മികച്ച രാഷ്ട്രപതിയാവുമെന്ന് ഉറപ്പാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ദരിദ്രരുടെ ഉന്നമനത്തിനായി മാറ്റിവെച്ച ജീവിതമാണ് ദ്രൗപദിയുടേതെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയാണവരെന്നും മോദി വ്യക്തമാക്കിയെങ്കിലും രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയെ പ്രഖ്യാപിച്ചതിനു പിന്നിൽ വ്യക്തമായ ബിജെപിക്ക് രാഷ്ട്രീയ കണക്കുകൂട്ടലുകൾ ഉണ്ട്.
ഇത്തവണ എന്‍ഡിഎ പക്ഷത്ത് നിന്ന് ഒരു വനിതയെ മാത്രം മത്സരിപ്പിക്കുക എന്നതിലല്ല ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാളെ മുന്നോട്ട് കൊണ്ടുവരാനാണ് ധാരണയിലെത്തിയതെന്നും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പറയുമ്പോൾ തന്നെ ബിജെപിയുടെ പ്രഖ്യാപിത അജണ്ടകൾ ആണ് പാലിക്കപെടാൻ പോകുന്നത് എന്ന് വ്യക്തം. പ്രധാനമായും രണ്ട് തരം നേട്ടങ്ങളാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർഥി നിർണയത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത് .സ്ത്രീ ശാക്തീകരണവും ആദിവാസി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതും എൻഡിഎയുടെ പ്രഖ്യാപിത അജണ്ടകളായിരുന്നു.
കൂടാതെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ദളിത് വിഭാഗത്തിന്റെ പിന്തുണയും കൂടി ലക്ഷ്യമിട്ടാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി നിർണയം.ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തിലുള്ള സ്വാധീനം അത്ര ചെറുതല്ല എന്ന് ബിജെപിക്കടക്കം വ്യക്തമാണ്. മുൻപ് ദളിത് നേതാവ് രാം നാം കോവിന്ദിനെ രാഷ്ട്രപതി ആക്കാന്‍ മുന്‍കൈ എടുത്തതും ബിജെപിയുടെ നേട്ടങ്ങളാണ്.