തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ ആശുപത്രിയിലെ വകുപ്പ് മേധാവികൾക്കെതിരെ നടപടി. രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു. ന്യൂറോളജി, നെഫ്രോളജി വകുപ്പ് മേധാവികളെയാണ് സസ്‌പെൻഡ് ചെയ്തത്. കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളൂ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാരല്ലാത്തവർ പെട്ടിയെടുത്തെന്ന ആശുപത്രി അധികൃതരുടെ പരാതിയും അന്വേഷിക്കും. സമഗ്രമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഏകോപനത്തിൽ പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം. രോഗിക്ക് കിഡ്‌നി മാച്ച് ആയത് 2.45 നാണ്. 5.30 ആംബുലൻസ് എത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആംബുലൻസ് എത്തിയ ശേഷം പുറത്തു നിന്നുള്ള ആളുകളാണ് കിഡ്‌നി അടങ്ങിയ പെട്ടി എടുത്തത്. ഇതിൽ പരാതി ഉണ്ട്. ഇവർ ഡോക്ടർമാർ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അനുവദിച്ചത്.
എന്നാല്‍ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് താമസമുണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്.
















