100 വർഷം മുമ്പാണ് ലോകത്ത് ബുൾഡോസറുകൾ കണ്ടുപിടിക്കുന്നത്. വീടുകൾ, ഓഫീസുകൾ, റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമിക്കുക എന്നതായിരുന്നു ബുൾഡോസറുകൾ കണ്ടുപിടിച്ചതിലെ ലക്ഷ്യം. എന്നാൽ അടുത്തിടെയായി, ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ വീടുകളും ഉപജീവനമാർഗങ്ങളും നശിപ്പിക്കാനുള്ള ആയുധമായി ബുൾഡോസറുകളെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ മാറ്റിയിരിക്കുകയാണ്.
രാഷ്ട്രീയമായി നിർണായകമായ ഉത്തർപ്രദേശ് സംസ്ഥാനത്താണ് ഈ എക്‌സ്‌കവേറ്ററുകൾ മുസ്‌ലിം സമുദായത്തിന് നേരെയുള്ള ആയുധമാക്കി മാറ്റിയത്. പ്രയാഗ്‌രാജ് നഗരത്തിലെ (മുമ്പ് അലഹബാദ്) അധികാരികൾ രാഷ്ട്രീയ പ്രവർത്തകനായ ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചതായിരുന്നു ഇതിലെ ഏറ്റവും വഴിത്തിരിവായ സംഭവം. 20 വർഷമായി നികുതിയടക്കുന്ന ജാവേദിന്റെ വീട് അനധികൃതമായി നിർമ്മിച്ചതാണെന്നായിരുന്നു ഭരണകൂടത്തിന്റെ ആരോപണം.
പൊളിക്കലിനു പിന്നിലെ യഥാർത്ഥ കാരണത്തിന് കെട്ടിടത്തിന്റെ നിയമവിരുദ്ധതയുമായി യാതൊരു ബന്ധവുമില്ലെന്നും സർക്കാരിന്റെ കടുത്ത വിമർശകനായതിനാൽ ശിക്ഷിക്കപ്പെടുകയാണെന്നും വിമർശകർ പറഞ്ഞു.
പൊളിക്കുന്നതിന് ഒരു ദിവസം മുമ്പ്, മുൻ ബി.ജെ.പി വക്താവായ നൂപൂർ ശർമയുടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്കെതിരെ മുസ്‌ലിങ്ങൾ നഗരത്തിൽ നടത്തിയ പ്രതിഷേധത്തിന് പിന്നിലെ “സൂത്രധാരൻ” ആണെന്ന് ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാചക നിന്ദയിൽ അറബ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ശർമ്മയെ പാർട്ടിയിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാർ രംഗത്തിറങ്ങിയത്. എന്നാൽ അവരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എന്നാൽ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ തങ്ങളുടെ നടപടികളെ ന്യായീകരിക്കുകയാണ്. കോടതി അവധിയുള്ള ഒരു ദിവസം നോട്ടീസ് ഒട്ടിച്ച് പിറ്റേ ദിവസം വീട് പൊളിക്കുന്നതാണ് നിയമ വിരുദ്ധമല്ലെന്ന് ഇവർ വാദിക്കുന്നത്. മറ്റു മതസ്ഥരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി ഇന്ത്യൻ മതേതര സങ്കൽപ്പത്തിന് തന്നെ ഹാനി വരുത്തിയിട്ടാണ് ഇവർ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ന്യായീകരിക്കുന്നത്.
എന്നാൽ ഈ പൊളിക്കലുകൾ ആഗോളതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന്റെ ഭാരമേറിയ യന്ത്രസാമഗ്രികളുടെ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാണ് ബുൾഡോസർ രാജ് വിമർശിക്കപ്പെടുന്നത്. “ഈ സർക്കാർ നടപടിയിൽ ഏറ്റവും നേർത്ത നിയമസാധുത മാത്രമേ ഉള്ളൂ” വിമർശകർ പറയുന്നു. “നിയമത്തിന്റെ ആത്മാവിന്മേൽ ബുൾഡോസർ ചെയ്യുകയാണ്” ബിജെപിയെന്നും വിമർശകർ ചൂണ്ടികാണിക്കുന്നു.
ബുൾഡോസറുകൾ ഉപയോഗിക്കുന്നത് “നിയമവാഴ്ചയുടെ അസ്വീകാര്യമായ അട്ടിമറി” ആണെന്നും ഇത് മുസ്‌ലിം പൗരന്മാർക്കെതിരായ അക്രമത്തിനും അടിച്ചമർത്തലിനും ഉപയോഗിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് രാജ്യത്തെ ചീഫ് ജസ്റ്റിസിന് മുൻ ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും ചേർന്ന ഒരു അപൂർവ കത്ത് നൽകിയിട്ടുണ്ട്.
ഇന്ത്യൻ എക്‌സ്പ്രസ് ദിനപ്പത്രത്തിലെ കോളത്തിൽ, അഡ്വ. കപിൽ സിബൽ ശക്തമായ ഭാഷയിലാണ് ബുൾഡോസർ നടപടിക്കെതിരെ പ്രതികരിച്ചത്. “ഒരു ബുൾഡോസറിന് നിയമവിരുദ്ധമായ കെട്ടിടങ്ങളുമായി യാതൊരു പ്രസക്തിയുമില്ല, എന്നാൽ ഞാൻ ആരാണെന്നും ഞാൻ എന്തിന് വേണ്ടി നിലകൊള്ളുന്നു എന്നതിലും പ്രസക്തിയുണ്ട്”.
“ഞാൻ പൊതുസ്ഥലത്ത് പറയുന്ന കാര്യങ്ങൾക്ക് പ്രസക്തിയുണ്ട്. അതിന് എന്റെ വിശ്വാസങ്ങൾ, എന്റെ സമുദായം, എന്റെ അസ്തിത്വം, എന്റെ മതം എന്നിവയിൽ പ്രസക്തിയുണ്ട്. എന്റെ വിയോജിപ്പിന്റെ ശബ്ദത്തിന് പ്രസക്തിയുണ്ട്. ഒരു ബുൾഡോസർ എന്റെ വീടിനെ നിലംപരിശാക്കുമ്പോൾ, അത് പൊളിക്കാൻ ശ്രമിക്കുന്നത് ഞാൻ നിർമ്മിച്ച ഒരു കെട്ടിടം മാത്രമല്ല, സംസാരിക്കാനുള്ള എന്റെ ധൈര്യത്തെ കൂടിയാണ്.”
ബുൾഡോസറുകളുടെ ഉപയോഗവും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. “അവയുടെ ഉപയോഗം നിയമത്തിന് അനുസൃതമായിരിക്കണം, പ്രതികാര നടപടിയാകാൻ കഴിയില്ല” എന്നായിരുന്നു വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞത്.
ബുൾഡോസറുകൾ തീർക്കുന്ന വിപത്തിന്റെ തുടക്കം ഇതായിരുന്നില്ല. ഈ വർഷമാദ്യം ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായി യോഗി ആദിത്യനാഥിന്റെ പ്രചാരണ പരിപാടികൾ അദ്ദേഹത്തെ വാഴ്ത്തി ബുൾഡോസറുകൾ പ്രദർശിപ്പിച്ചിരുന്നു. ഒരു റോഡ്‌ഷോയിൽ, ഒരു കൂട്ടം യോഗി അനുയായികൾ ചെറിയ മഞ്ഞ കളിപ്പാട്ട ബുൾഡോസറുകൾ കൊണ്ട് നടക്കുന്നത് നാം കണ്ടതാണ്.
പ്ലാസ്റ്റിക് എക്‌സ്‌കവേറ്ററുകൾ വായുവിൽ വീശി അവർ ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ നൃത്തം ചെയ്തു, “വോ ബുൾഡോസർവാല ബാബ ഫിർ സേ ആയേഗാ (ബുൾഡോസർ ബാബ മടങ്ങിവരും)” എന്ന് പാടിയായിരുന്നു അവരുടെ പ്രചാരണം. “ബുൾഡോസർ ബാബ” എന്നത് യോഗി ആദിത്യനാഥിന് പ്രാദേശിക പത്രങ്ങൾ നൽകിയ പേരാണ്.
പല പട്ടണങ്ങളിലും, ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ ബുൾഡോസറുകൾ പാർക്ക് ചെയ്‌തിരുന്നുവെന്നും അദ്ദേഹം വിജയിച്ചതിന് ശേഷം യന്ത്രങ്ങൾ സംസ്ഥാന നിയമസഭാ മന്ദിരത്തിന് മുമ്പിൽ ആഘോഷപൂർവം പരേഡ് നടത്തിയതായും യുപിയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കുറ്റാരോപിതനായ വികാസ് ദുബെയ്‌ക്കെതിരെയും ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരിക്കെതിരെയും രണ്ട് വർഷം മുമ്പ് ബുൾഡോസർ പ്രയോഗിക്കാൻ ആദിത്യനാഥ് ആദ്യമായി ഉത്തരവിട്ടതായി മുതിർന്ന മാധ്യമപ്രവർത്തകൻ അലോക് ജോഷി പറഞ്ഞു.
അവരുടെ സ്വത്തുക്കൾ പൊളിക്കുന്നതിന്റെ വീഡിയോകൾ ദേശീയ ടെലിവിഷനിൽ വീണ്ടും പ്രദർശിപ്പിക്കുകയും “കുറ്റവാളികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതിന്” സർക്കാരിന് പ്രശംസ നേടുകയും ചെയ്തു.
എന്നാൽ സർക്കാരിനെയും ബിജെപിയെയും സംഘ്പരിവാറിനെയും വിമർശിക്കുന്നവരെ, പ്രത്യേകിച്ച് മുസ്‌ലിങ്ങളെ ഭയപ്പെടുത്താനുള്ള ഒരു തന്ത്രമായി ഇത് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നു,” ജോഷി പറയുന്നു.
സഹാറൻപൂരിലെയും പ്രയാഗ്‌രാജിലെയും പൊളിക്കലുകൾക്ക് മുമ്പ്, ആദിത്യനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബുൾഡോസറുകൾ “കുറ്റവാളികളെയും മാഫിയകളെയും” തകർക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനം സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും യോഗിക്ക് സർട്ടിഫിക്കേറ്റ് നൽകിയായിരുന്നു. “ബുൾഡോസർ മാഫിയക്ക് മുകളിലൂടെ ഓടുമ്പോൾ, അത് അനധികൃത കെട്ടിടത്തിന് മുകളിലൂടെ ഓടുന്നു, പക്ഷേ അത് പരിപാലിച്ചു കൊണ്ടിരിക്കുന്ന വ്യക്തിക്ക് വേദന അനുഭവപ്പെടുന്നു.” മോദിയുടെ വാക്കുകൾ പക്ഷെ നഷ്ടം സൃഷ്ടിച്ചത് മുസ്‌ലിം സമുദായത്തിനായിരുന്നു.
പ്രധാനമന്ത്രിയുടെ പരാമർശത്തെത്തുടർന്ന്, വർഷാദ്യം മധ്യപ്രദേശിലും തലസ്ഥാനമായ ഡൽഹിയിലും നടന്ന മതപരമായ വിഷയങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിച്ചു. മുസ്ലീങ്ങളുടെ വീടുകളും കടകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും തകർത്തു.
മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ബുൾഡോസ് പ്രതികാര നടപടി തുടരുമെന്ന് തന്നെയാണ് സമീപകാല സംഭവങ്ങളിൽ നിന്നും ബിജെപി കേന്ദ്രങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്ന കാര്യം. എതിർക്കുന്നവരെ എല്ലാം ബുൾഡോസ് ചെയ്യുന്ന ഭരണകൂടങ്ങൾ തകർക്കുന്നത് വർഷങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയ ഈ ജനാധിപത്യ – മതേതര രാജ്യത്തെയാണ്.
Courtesy: ഗീത് പാണ്ഡെ , ബിബിസി ന്യൂസ്