പൈറേറ്റ്സ് ഓഫ് ദ് കരീബിയനിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അവതരിപ്പിച്ച് നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഉയർന്ന ഹോളിവുഡ് താരമാണ് ജോണി ഡെപ്പ്. എന്നാൽ അടുത്തിടെയായി താരം അറിയപ്പെട്ടത് മുൻഭാര്യയും നടിയുമായ ആംബർ ഹേർഡുമായുള്ള നിയമപോരാട്ടത്തിന്റെ പേരിലാണെന്നു മാത്രം. എന്നും വിവാദങ്ങളുടെ കൊടുമുടിയിലായിരുന്നു ഹോളിവുഡ് താരം ജോണി ഡെപ്പ്. അദ്ദേഹത്തിന്റെ വിനോദങ്ങൾ മുതൽ സ്വകാര്യജീവിതംവരെ പുറംലോകം ചർച്ചചെയ്തു, വിമർശിച്ചു, ആഘോഷിച്ചു. പൈറേറ്റ്സ് ഒഫ് ദ് കരീബിയൻ എന്ന സിനിമയും അതിലെ കാപ്ടൻ ജാക്ക് സ്‌പാരോയെന്ന കഥാപാത്രവും മാത്രം മതി, ജോണി ഡെപ്പ് ഹോളിവുഡിന് ആരാണെന്നറിയാൻ. ലോകത്തെ ഏറ്റവും പ്രശസ്തരും പ്രതിഫലം പറ്റുന്നവരുമായ നടന്മാരുടെ പട്ടികയിലെ ഒന്നാംസ്ഥാനം വരെ ഡെപ്പ് നേടിയിട്ടുണ്ട്. അഭിനയജീവിതത്തിന് പുറത്ത് എന്നും ചർച്ചകൾക്ക് വഴിമരുന്നിടാൻ ജോണി ഡെപ്പിന്റെ സ്വകാര്യജീവിതത്തിന് കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ആഡംബരജീവിതം, വിനോദങ്ങൾ, സൗഹൃദങ്ങൾ, വിലപിടിച്ച ശേഖരങ്ങൾ ഒക്കെ അതിൽപ്പെടും. പുതിയ തലമുറയിൽപ്പെട്ട സ്‌പോർട്‌സ് കാറുകളും എസ്‌യുവികളും കുറച്ച് വിന്റേജ് മോഡലുകളും ഉൾപ്പെടുന്ന വമ്പൻ കാർ ശേഖരം തന്നെയാണ് ഡെപ്പിനുള്ളത്. കുറഞ്ഞത് 45 ആഡംബര കാറുകളെങ്കിലും ഉണ്ടെന്നാണ് റിപ്പോർട്ട്. വിലകൂടിയ വസ്തുക്കളിൽ ഒരു ആഡംബര നൗകയും ഡെപ്പിന് സ്വന്തമായുണ്ടായിരുന്നു. 20 ദശലക്ഷം മുടക്കി വാങ്ങിയ ഈ ആഡംബര നൗക പിന്നീട് 28.9 ദശലക്ഷം ഡോളറിന് വിറ്റു. ഹാരിപോട്ടർ എഴുത്തുകാരി ജെ.കെ.റൗളിംഗാണ് ഇതു സ്വന്തമാക്കിയത്. എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു ജോണി ഡെപ്പ്. മദ്യപിച്ച് ലക്കുകെട്ട് പൊതുപരിപാടികൾക്ക് വരുന്ന ഡെപ്പ് ഹോളിവുഡിലെ സ്ഥിരം കാഴ്ചയായിരുന്നു. അത്യാഡംബരവും നിയന്ത്രണമില്ലാത്തതുമായ ജീവിതമാണ് താരം നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടും കേസുകൾ ഉണ്ടായിട്ടുണ്ട്.
2016 ലായിരുന്നു അതിലൊന്ന്. തന്റെ ബിസിനസ് കാര്യങ്ങളിൽ ഗുരുതരമായ നിർവഹണ പിഴവ് വരുത്തിയെന്ന് ആരോപിച്ച് ദി മാനേജ്‌മെന്റ് ഗ്രൂപ്പിനെതിരെ(ടി.എം.ജി) ഡെപ്പ് 25 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. ഇതിന് ടി.എം.ജി നൽകിയ മറുപടി ഡെപ്പിന്റെ ആഡംബര ജീവിതത്തിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. താരത്തിന്റെ ആവശ്യങ്ങൾക്ക് ഒരു മാസം 20 ലക്ഷം ഡോളർ (ഏകദേശം 150 കോടി ഇന്ത്യൻ രൂപ) വേണമെന്നാണ് ദി മാനേജ്‌മെന്റ് ഗ്രൂപ്പ് വ്യക്തമാക്കിയത്. മദ്യപാനിയായ ഡെപ്പിന് വൈനിനോട് പ്രത്യേക പ്രിയമുണ്ട്. ഇതു വാങ്ങാൻ മാത്രം ഒരു മാസം 30,000 ഡോളർ (ഏകദേശം 20 ലക്ഷം ഇന്ത്യൻ രൂപ) ചെലവഴിക്കാറുണ്ടത്രേ. സ്വകാര്യ ജെറ്റുകൾക്ക് രണ്ടു ലക്ഷം ഡോളറും സുരക്ഷ ഒരുക്കുന്നതിന് 1.5 ലക്ഷം ഡോളറും ജോലിക്കാർക്കുള്ള ശമ്പള ഇനത്തിൽ മൂന്ന് ലക്ഷം ഡോളറും ചെലവഴിക്കുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ജീവിതരീതിയാണ് ഡെപ്പ് പിന്തുടരുന്നതെന്നും അന്ന് എതിർകക്ഷി ആരോപിച്ചു.
14 വീടുകളും 70 ഗിറ്റാറുകളും നിരവധി ദ്വീപുകളും ഒരു ഫ്രഞ്ച് ഗ്രാമവും ഡെപ്പിന് സ്വന്തമായുണ്ട്. 2004ലാണ് 3.6 ദശലക്ഷം ഡോളർ ചെലവിട്ട് ‘ലിറ്റിൽ ഹാൾഡ് പോണ്ട് കേ’ എന്നൊരു ദ്വീപ് സ്വന്തമാക്കിയത്. 24 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ ദ്വീപിന് മകൾ ലില്ലി റോസിന്റെ പേരും താരം നൽകി. 2001ലാണ് ഫ്രഞ്ച് റിവേറയിൽ ഗ്രാമം വാങ്ങിയത്. ഇതിന്റെ യഥാർത്ഥ വില പുറത്ത് വിട്ടിട്ടില്ലെങ്കിലും 55 ദശലക്ഷമെങ്കിലും ചെലവായി കാണുമെന്ന് ഊഹകണക്കുകൾ വന്നിരുന്നു. സംഗീതപ്രിയനായ ഡെപ്പ് വിലകൂടിയ ഗിറ്റാറുകൾ എവിടെ കണ്ടാലും വാങ്ങുമായിരുന്നു. ഇനിയുമുണ്ട്, ഡെപ്പിന്റെ ആഡംബരക്കഥകൾ. മരണപ്പെട്ട സുഹൃത്ത് ഹണ്ടർ എസ്.തോംപ്‌സണിന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ ഡെപ്പ് തീരുമാനിച്ചു. തന്റെ ചിതാഭസ്മം പീരങ്കിയിൽവച്ച് പൊട്ടിക്കണം എന്നായിരുന്നു എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായിരുന്ന ഹണ്ടറിന്റെ ആഗ്രഹം. ഇതിനായി 30 ലക്ഷം ഡോളർ ചെലവഴിച്ച് പീരങ്കി വാങ്ങിയ ഡെപ്പ് നിരവധി സെലിബ്രിറ്റികളെ ക്ഷണിച്ച് പാട്ടും കരിമരുന്ന് പ്രയോഗവുമൊക്കെയായി ചടങ്ങ് ആഘോഷമാക്കി.
ആഡംബരത്തിന് പുറമേ കാരുണ്യ പ്രവർത്തനങ്ങൾക്കായും ഡെപ്പ് പണം മാറ്റി വയ്ക്കാറുണ്ട്. ചിൽഡ്രൻസ് ഹോസ്പിറ്റൽ ലോസ് ആഞ്ചലസ്, വാർ ചൈൽഡ് എന്നിവ ഉൾപ്പടെ നിരവധി ഫൗണ്ടേഷനുകൾക്ക് 2008 മുതൽ 10 ലക്ഷം ഡോളറിലധികം ഡെപ്പ് നൽകിയിട്ടുണ്ട്. പല വരുമാന സ്രോതസ്സുകളുള്ള നടനാണ് ഡെപ്പ്. ഏതു സിനിമയിലെ അഭിനയത്തിനും 20 ദശലക്ഷം ഡോളർ പ്രതിഫലം ലഭിക്കും. ബോക്‌സ് ഓഫിസ് വരുമാനത്തിന്റെ 20 ശതമാനവും ബാക്ക് എൻഡ് റോയൽറ്റി ഇനത്തിൽ കിട്ടും. പൈറേറ്റ്‌സ് ഒഫ് ദ് കരീബിയൻ റോളുകളിലൂടെയും ആലിസ് ഇൻ വണ്ടർലാൻഡ് ഫ്രാഞ്ചൈസിയിലൂടെയും 200 ദശലക്ഷം ഡോളറിലധികം സമ്പാദിച്ചു. ചലച്ചിത്ര നിർമാണമാണ് മറ്റൊരു വരുമാന മാർഗം. 2011ൽ പുറത്തിറങ്ങിയ ഹ്യൂഗോ, 2013ലെ ലോൺ റേഞ്ചർ, 2015 ലെ മോർട്ട്‌ഡെക്കായ് എന്നിവയെല്ലാം ഡെപ്പ് നിർമിച്ചതോ എഴുതിയതോ ആയ ചിത്രങ്ങളാണ്. ഇവയിലൂടെയും ദശലക്ഷക്കണക്കിന് ഡോളർ താരത്തിന്റെ പോക്കലെത്തിയിട്ടുണ്ട്.
ഡിയോർ സവാഷ് എന്ന പെർഫ്യൂം ബ്രാൻഡുമായുള്ള സഹകരണം മൂന്ന് മുതൽ അഞ്ച് ദശലക്ഷം ഡോളർ നേടി കൊടുത്തു. റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലൂടെയും ഡെപ്പ് പണം വാരുന്നുണ്ട്. 2007ൽ 9.2 ദശലക്ഷം ഡോളർ മുടക്കി വാങ്ങിയ അഞ്ച് പെന്റ് ഹൗസുകൾ 2016 ൽ 12.78 ദശലക്ഷം ഡോളറിന് മറിച്ചുവിറ്റു.