ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ ഓർമദിനമാണിന്ന്. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. 2020 ജൂണ്‍ 14 നാണ് ഇന്ത്യന്‍ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി സുശാന്ത് സിംഗ് രജ്പുത് എന്ന നടന്‍ വിടവാങ്ങിയത്. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇന്ത്യയില്‍ സംഭവിച്ചത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. മരിക്കുമ്പോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. ആത്മഹത്യ കൊലപാതകമാണെന്ന് നടന്റെ കുടുംബവും ആരാധകരും ആരോപിച്ചു. നടി റിയാ ചക്രബര്‍ത്തിയടക്കമുള്ളവരുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിലെ സ്വജനപക്ഷപാതമടക്കമുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ തുടരുകയാണ്. നാടകത്തില്‍ നിന്നും സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള തന്റെ യാത്രയില്‍ ഇതുവരെ നിരാശ ഉണ്ടായിട്ടില്ലെന്നും സുശാന്ത് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. അത്രയും ആത്മാര്‍ഥമായാണ് സുശാന്ത് സിനിമയെ പ്രണയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യയുടെ വഴിയിലേക്ക് സുശാന്ത് നടന്നു നീങ്ങിയത് ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല ആരാധകര്‍ക്ക്.
സുശാന്തിന്റെ മരണത്തോടൊപ്പം വലിയ ചര്‍ച്ചയായത് 2019 ല്‍ പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രമാണ്. നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു. അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുശാന്ത് അവതരിപ്പിച്ചത്.
ചിത്രത്തിൽ, മധ്യവയസ്‌കനായ അനിരുദ്ധ് മകന്‍ രാഘവിനോടൊപ്പമാണ് താമസം. ഐ.എ.ടി പ്രവേശ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ് രാഘവ്. അതുകൊണ്ടു തന്നെ അയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. പരീക്ഷാഫലം വന്നാല്‍ മകനൊപ്പം വിജയം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അനിരുദ്ധ്. എന്നാല്‍ ഫലം വരികയും രാഘവ് തോല്‍ക്കുകയും ചെയ്യുന്നു. തന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ഭയന്ന രാഘവ് വീടിന്റെ ബാല്‍ക്കണയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. രക്തത്തില്‍ കുളിച്ച മകനെ അനിരുദ്ധ് ആശുപത്രിയിലെത്തിക്കുന്നു. ജീവിക്കാനുള്ള മോഹം നഷ്ടപ്പെട്ട മകന് ആത്മവിശ്വാസം പകരാന്‍ അനിരുദ്ധ് തന്റെ ഭൂതകാലത്തിന്റെ കെട്ടഴിക്കുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും തോല്‍വികള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നുമുള്ള സന്ദേശമാണ് ചിത്രം നല്‍കുന്നത്. അതുകൊണ്ടുതന്നെ അതേ ചിത്രത്തിലെ നായകന്‍ തന്നെ ആത്മഹത്യ ചെയ്തു എന്നതാണ് വിശ്വസനീയം.
സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അതിനിടയിലായിരുന്നു നടന്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആത്മഹത്യ സൂചനയാണ് നല്‍കിയതെന്ന വ്യാഖ്യാനങ്ങള്‍ വന്നത്. ദു:ഖസൂചകമായ വാക്യങ്ങളാണ് കുറിപ്പില്‍. നടന്‍ വിഷാദത്തിന് അടിമയായിരുന്നു എന്നു സൂചിപ്പിക്കുന്ന വരികളും മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകളും കുറിപ്പില്‍ നിറയുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ചേര്‍ത്തുവച്ചായിരുന്നു പോസ്റ്റ്. സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് കൃത്യം പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിൽ അവസാനമായി ഈ പോസ്റ്റിടുന്നത്. മരിച്ചുപോയ അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ്. 2000 ലാണ് സുശാന്തിന്റെ അമ്മ മരണപ്പെടുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;
‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം
അനന്തമായ സ്വപ്‌നങ്ങൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നു, ക്ഷണികമായ ജീവിതവും
ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന ചർച്ചയാണ്..’
സുശാന്ത് സിംഗ് രജപുത് ഈ പോസ്റ്റിട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ജൂൺ 14ന് ജീവിതം അവസാനിപ്പിച്ച് യാത്രയായി.
ബിഹാർ സ്റ്റേറ്റ് ഹാൻഡ്‌ലൂം കോർപറേഷനിലെ ടെക്‌നിക്കൽ ഓഫിസറായ കൃഷ്ണ കുമാർ സിംഗിന്റേയും ഭാര്യ ഉഷാ സിംഗിന്റേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു സുശാന്ത്. ഗുൽഷനെന്നായിരുന്നു സുശാന്തിന്റെ വിളിപ്പേര്. ആസ്‌ട്രോഫിസിക്‌സിൽ അതീവ താത്പര്യമുണ്ടായിരുന്ന സുശാന്ത് ഫിസിക്‌സിലെ നാഷ്ണൽ ഒളിമ്പ്യാഡിലെ വിജയിയാണ്. ബഹിരാകാശ യാത്രികനാകാനും തുടർന്ന് എയർ ഫോഴ്‌സ് പൈലറ്റാകാനും കൊതിച്ചിരുന്ന സുശാന്ത് കുടുംബത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയിൽ എഞ്ചിനിയറിംഗിന് ചേരുന്നത്. ഷാറുഖ് ഖാന്റെ കടുത്ത ആരാധകനായിരുന്ന സുശാന്ത് ബോളിവുഡിൽ എത്തിച്ചേരുകയായിരുന്നു. നെപ്പോട്ടിസം അടക്കി വാഴുന്ന ബോളിവുഡിൽ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള സാധാരണക്കാർക്കും എത്തിച്ചേരാൻ സാധിക്കുമെന്നും സ്വപ്രയത്‌നത്താൽ സ്വന്തം ഇടം കണ്ടെത്താനാകുമെന്നും തെളിയിച്ച വ്യക്തിയാണ് സുശാന്ത്. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുശാന്ത് സിംഗ് കലാരംഗത്ത് ശ്രദ്ധേയനായത്. പവിത്ര രിഷ്ത എന്ന പരമ്പര സുശാന്തിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. ‘ഝലക് ദിഖ്‌ലാ ജാ’ എന്നൊരു ഡാൻസ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു.
പവിത്ര രിഷ്തയിലെ നായികയായിരുന്ന അങ്കിതയുമായി സുശാന്ത് ആറ് വർഷത്തോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. 2019 ലാണ് റിയാ ചക്രബർത്തിയുമായി സുശാന്ത് പ്രണയത്തിലാകുന്നത്. ഇതിനിടെ ക്രിതി സനോൺ, സാറാ അലി ഖാൻ എന്നീ പേരുകളും സുശാന്തിനൊപ്പം ചേർത്ത് കേട്ടിരുന്നു. കൈപോ ചെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. ശുദ്ധ് ദേശി റൊമാൻസ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചത് സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ,പികെ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞു. ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ അവിസ്മരണീയമായ കഥാപാത്രങ്ങൾ. ചെയ്തുതീർക്കാൻ നിരവധി വേഷങ്ങൾ ബാക്കിവച്ചാണ് സുശാന്ത് സിംഗ് വിടവാങ്ങിയത്.
എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിച്ച താരത്തിന്റെ വിയോഗം സിനിമാ ലോകത്തെ ആകെ കണ്ണീരണിയിച്ചു. മരണത്തിന് മുമ്പുള്ള ആറുമാസങ്ങളിൽ ഈ യുവനടൻ ക്ലിനിക്കൽ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന റിപ്പോർട്ടുകളും പുറകെ വന്നു. മരിക്കുന്നതിന് എട്ട് മാസം മുമ്പാണ് സുശാന്ത് ബാന്ദ്രയിലെ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ ക്രിയേറ്റീവ് മാനേജർ, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആൾ എന്നിവരുമുണ്ടായിരുന്നു. ഇവരാരും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അന്നേദിവസം, ഒമ്പതുമണിയോടെ സഹോദരിയുമായി സുശാന്ത് ഫോണിൽ സംസാരിച്ചിരുന്നു. അതിനു ശേഷം തന്റെ കരിയറിന്റെ തുടക്കം മുതൽ പരിചയമുള്ള മഹേഷ് ഷെട്ടി എന്ന നടനുമായും ഫോണിൽ സംസാരിച്ചു. ‘കിസ് ദേശ് മേം ഹോഗാ മേരാ ദിൽ’ എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തായിരുന്ന മഹേഷിനോടായിരുന്നു സുശാന്തിന്റെ അവസാനത്തെ സംഭാഷണം. പത്ത് മണിയോടെ ഭക്ഷണം കഴിക്കാൻ ജോലിക്കാർ വിളിച്ചുവെങ്കിൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞു. ഇവർ എത്തി വാതിൽ തുറന്നപ്പോൾ സുശാന്ത് ഫാനിൽ തൂങ്ങി നിൽക്കുന്ന കാഴ്‍ചയാണ് കണ്ടത്.
2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി. 2019 ല്‍ പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.