സ്വർണക്കടത്ത് പ്രശ്‌നത്തിലെ വെളിപ്പെടുത്തലിനെ തുടർന്ന് കേരളാ പൊലീസ് മുഖ്യമന്ത്രി പിണറായി വിജയന് അത്യപൂർവമായ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഇതിന്റെ പേരിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും വലിയ വാർത്തയായി. ഇതോടെ നേതാക്കൾക്ക് നൽകുന്ന സുരക്ഷയെ കുറിച്ചും കൂടുതൽ ചർച്ചയായി. അറിയാം ലോകമാകെ വലിയ സുരക്ഷയോടെ സംരക്ഷിക്കപ്പെടുന്ന നേതാക്കൾ ആരെല്ലാമാണെന്ന്.
വ്‌ളാദിമർ പുടിൻ
ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയായി കണക്കാക്കാവുന്ന വ്യക്തിയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. ലോകത്തിലെ ഏറ്റവും നൂതനമായ ആണവായുധ ശേഖരത്തിന് ഉടമയാണ് റഷ്യൻ പ്രസിഡന്റ്. കരുത്തരായ സുരക്ഷാ ഏജൻസിയും റഷ്യൻ സൈന്യവും മികച്ച സുരക്ഷ തന്നെ പുടിന് ഒരുക്കിയിരിക്കുന്നു. അതിനാൽതന്നെ അദ്ദേഹത്തിന്റെയടുത്ത് ശത്രുക്കൾക്ക് അടുക്കാൻ പോലുമായിട്ടില്ല. ചൈനീസ് സർക്കാരിന്റെ പോലെ കൃത്യമായ സുരക്ഷ സംവിധാനം എന്താണെന്ന് റഷ്യയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 22 വർഷങ്ങളിൽ നാല് വർഷത്തോളം റഷ്യൻ പ്രധാനമന്ത്രിയായും മറ്റ് വർഷങ്ങളിലെല്ലാം പ്രസിഡന്റായും തുടരുന്ന പുടിന് ഇത്രയധികം നാളായി അതിശക്തമായ സുരക്ഷ തന്നെ റഷ്യ ഒരുക്കി. അതിനാൽതന്നെ ലോകത്തെ ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്ന ഭരണാധികാരിയായി പുടിൻ തുടരുന്നു.
ജോ ബൈഡൻ
ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി അമേരിക്കയുടെ 46ാമത് പ്രസിഡന്റായയാളാണ് ജോ ബൈഡൻ. അമേരിക്കൻ പ്രസിഡന്റിന് ലോകത്തെ മികച്ച സുരക്ഷാ ക്രമീകരണങ്ങളിലൊന്നാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷത്തേക്ക് 120 മില്യൺ ഡോളറാണ് അമേരിക്ക പ്രസിഡന്റിന് സുരക്ഷയ്‌ക്കായി ചിലവഴിക്കുന്നത്. സീക്രട്ട് സർവീസ് എന്ന പ്രത്യേക സംഘം പ്രസിഡന്റിനെ കൃത്യമായി സംരക്ഷിക്കുന്നു. 7000 പേരാണ് ഇത്തരത്തിൽ നിയമിക്കപ്പെട്ടത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവർ പ്രസിഡന്റിന്റെ ജീവൻ സംരക്ഷിക്കാൻ കൃത്യമായി ഇടപെടും.
കിം ജോംഗ് ഉൻ
വിവിധ ലോകരാജ്യങ്ങളിൽ നിന്നും സുരക്ഷാഭീഷണി നേരിടുന്നയാളാണ് ഉത്തരകൊറിയയുടെ പ്രസിഡന്റായ കിം ജോംഗ് ഉൻ. അതിനാൽ തന്നെ ബാഹ്യമായ ആക്രമണ ഭീഷണികളെ ഇല്ലാതാക്കാൻ കടുത്ത സുരക്ഷാ സംവിധാനമാണ് കിമ്മിനുളളത്. ബോഡി ഗാർഡുമാരായി പ്രത്യേക പരിശീലനം ലഭിച്ച ഒരു സ്വകാര്യ സൈന്യമുണ്ട്. സുപ്രീം ഗാർഡ് കമാന്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനുപുറമേ 1,20,000 സുരക്ഷാ ഉദ്യോഗസ്ഥരുടെ വൻപടയും ഒപ്പമുണ്ട്.
ഫ്രാൻസിസ് മാർപ്പാപ്പ
ലോകമാകെ ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന മതനേതാവാണ് പോപ്പ് ഫ്രാൻസിസ്. എന്നാൽ ലോകത്ത് ഏറ്റവും കരുത്തുറ്റ സുരക്ഷാ സംവിധാനമുളള ആത്മീയനേതാവുമാണ് കത്തോലിക്കാ സഭാദ്ധ്യക്ഷന്റേത്. ലോകത്ത് ഏറ്റവും ശക്തമായ കോട്ടകളുളള നഗരമാണ് വത്തിക്കാൻ. അഞ്ഞൂറ് വർഷത്തിലേറെയായി നിലവിലുളള സുരക്ഷാ സംവിധാനമായ പൊന്തിഫിക്കൽ സ്വിസ് ഗാർഡുകളാണ് ഫ്രാൻസിസ് മാർപ്പാപ്പയെ സംരക്ഷിക്കുന്നത്. ലോകത്തിൽ ഏറ്റവും ആധുനികമായ ആയുധവിദ്യകൾ സ്വിസ് ഗാർഡിനുണ്ട്. എന്ത് വിലകൊടുത്തും മാർപ്പാപ്പയെ സംരക്ഷിക്കാൻ ഇവർ ബാദ്ധ്യസ്ഥരാണ്. അതവർ ഭംഗിയായി നിറവേറ്റാറുമുണ്ട്.
ഷി ജിൻ പിംഗ്
ചൈനീസ് പ്രസിഡന്റായ ഷി ജിൻ പിംഗും ചൈനീസ് കമ്മ്യൂണിസ്‌റ്ര് പാർട്ടിയിലെ മറ്റ് ഉന്നതരായ നേതാക്കളും ശക്തമായ സുരക്ഷയുളളവരാണ്. ചൈനയിലെ കുപ്രസിദ്ധമായ രഹസ്യ സ്ഥാപനമായ സെൻട്രൽ സെക്യൂരിറ്റി ബ്യൂറോയാണ് ഇവരെ സംരക്ഷിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വധശ്രമം നേരിട്ട ലോകനേതാക്കളിലൊരാളാണ് ഷി ജിൻ പിംഗ്. ഇതിന് കണക്കുകളൊന്നും ഇല്ല. ലോകത്ത് പൊതുജനങ്ങൾക്ക് ഏറ്റവുമധികം അടിച്ചമർത്തലുകൾ നേരിടേണ്ടിവന്ന രാജ്യങ്ങളിലൊന്നാണ് ചൈന. പ്രസിഡന്റിനൊപ്പം സുരക്ഷാ ഭടന്മാർ എപ്പോഴുമുണ്ട്. ഹെലികോപ്‌ടർ ഡ്രോണുകളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. സൈബർ സുരക്ഷാ സേനയും സജ്ജമായിട്ടുണ്ട്.
എലിസബത്ത് രാജ്ഞി
ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്തിനും കടുത്ത സുരക്ഷയാണ് പരമ്പരാഗതമായി ലഭിക്കുന്നത്. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമധികം കാലമായി രാജ്ഞി പദവിയിലിരിക്കുന്നയാളാണ് എലിസബത്ത്. നീണ്ട 70 വർഷങ്ങളായി ഇവർ സ്ഥാനത്തുണ്ട്. ബ്രിട്ടന്റെ അഭിമാനമാണ് അവരുടെ ഭരണാധികാരികൾ. ക്വീൻസ് ഗാർഡ് എന്ന പേരിൽ വിചിത്രമായ വേഷവിധാനമുളള ഒരു സേന ബ്രിട്ടനിൽ സന്ദർശിക്കുന്നവരുടെയെല്ലാം ശ്രദ്ധയാകർഷിക്കുന്നതാണ്. ചുവന്ന യൂണിഫോമും, കറുത്ത കട്ടിയേറിയ ഹെൽമറ്റും ഉറച്ച ഗാർഡ് ഡ്യൂട്ടിയും മാർച്ച് പാസ്‌റ്റുമുളള ഇവർ തോക്കേന്തിയാണ് നിൽക്കാറ്.24 മണിക്കൂറും സുരക്ഷ നൽകുന്ന റോയൽ പ്രൊട്ടക്ഷൻ സ്‌ക്വാഡും നിലവിലുണ്ട്. 1983ൽ സ്ഥാപിച്ച ഈ സേന സ്‌റ്റോർലാൻ യോർക്ക് എലൈറ്റ് സ്‌ക്വാഡ് എന്നാണ് അറിയപ്പെടുന്നത്. പ്രത്യേക പരിശീലനം ലഭിച്ച 185 പേർ രാജ്ഞിയെ മുഴുവൻ സമയവും സംരക്ഷിക്കുന്നു. ഇതിന് പുറമേ രാജ്ഞി പോകുന്നിടത്തെല്ലാം ഒപ്പം പ്രത്യേക സുരക്ഷാ വിഭാഗവുമുണ്ട്. രാജ്ഞിയ്‌ക്ക് ആപത്ത് നേരിട്ടാൽ ഉടൻ ഇവർ സൂചന നൽകും.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
സൗദി അറേബ്യയുടെ കിരീടാവകാശിയാണ് മുഹമ്മദ് ബിൻ സൽമാൻ. ലോകത്തിലെ ഏറ്റവും ധനികരായവരിൽ ചിലർ താമസിക്കുന്ന രാജ്യവും ലോകത്ത് ഏറ്റവുമധികം എണ്ണ സംഭരണവുമുളള രാജ്യവുമാണ് സൗദി അറേബ്യ. രാജ്യത്തെ സാമ്പത്തിക വികസന കൗൺസിൽ തലവനും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് ശക്തമായ സുരക്ഷ സൗദി ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ആഡംബരം ഗൃഹങ്ങളും സ്‌പോർട്‌സ് കാറുകളും വിലയേറിയ അരുമ മൃഗങ്ങളും ഉളള അദ്ദേഹം രാജ്യത്തിനെതിരായി പ്രവർത്തിക്കുന്നവരെ അത് രാജ്യത്തിനകത്തായാലും പുറത്തായാലും വധിക്കുന്ന ക്രൂരനായ ഭരണാധികാരിയാണ്. അതിനാൽ തന്നെ ഏകദേശം 20 ബില്യൺ ഡോളർ ചിലവാക്കി സൈനിക ശക്തി വർദ്ധിപ്പിച്ചിരിക്കുകയാണ് സൗദി. സൽമാൻ രാജാവിനെക്കാൾ സൗദിയിൽ സുരക്ഷ മുഹമ്മദ് ബിൻ സൽമാനാണ്.
മാർക്ക് സുക്കർബർഗ്
ഫേസ്ബുക് സ്ഥാപകനായ മാർക്ക് സുക്കർബർഗിന് 20മില്യൺ ഡോളറിന്റെ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അദ്ദേഹം യാത്രപോകുമ്പോഴുളള പേഴ്‌സണൽ ഗാർഡുമാർക്കാണ് 7.3 മില്യണും ചിലവാക്കിയിരിക്കുന്നത്. ‘സുക്കർബർഗ് സീക്രട്ട് പൊലീസ്’ എന്ന രഹസ്യ പേരിലാണ് ഇവർ അറിയപ്പെടുന്നത്. 16 സെക്യൂരിറ്റി ഗാർഡുമാർ പൂർണസമയ ചുമതലയുമായുണ്ട്.