എതിർക്കുന്നവരെ തകർക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് ബുൾഡോസർ ഉപയോഗിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്. നീതിക്കും ഇന്ത്യൻ നിയമങ്ങൾക്കും കോടതികൾക്കും പുല്ലുവില കൽപ്പിച്ചാണ് യോഗിയുടെ ‘ക്രമസമാധാന’ പാലനം. രാജഭരണത്തിന്റെ സമാനമായ സ്വയം ശിക്ഷ വിധിക്കലും നടപ്പിലാക്കലുമാണ് ഒരു ജനാധിപത്യ രാജ്യത്തെ ഭരണകൂടം ചെയ്യുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുൾഡോസർ ന്യൂനപക്ഷ വേട്ടയും പ്രതികാര നടപടികളുമായി മുന്നോട്ടു നീങ്ങുകയാണ്. നേരത്തെ തുടരുന്ന ന്യൂനപക്ഷ വേട്ട തുടർഭരണം കിട്ടിയതോടെ അതിന് അംഗീകാരം ലഭിച്ച മട്ടിലാണ് മുന്നോട്ട് കൊണ്ട് പോകുന്നത്. പ്രവാചകനിന്ദയെ തുടർന്ന് സംഘർഷമുണ്ടായ സ്ഥലങ്ങളിലെല്ലാം പൊലീസും ഭരണകൂടവും സ്വന്തംനിലക്ക് ശിക്ഷ നടപ്പാക്കിവരുകയാണ്. കോടതിയും നിയമങ്ങളുമെല്ലാം ഇവിടെ പടിക്ക് പുറത്താണ്.
അനധികൃത നിർമാണമെന്ന പേരിലാണ് അലഹബാദിൽ ജാവേദ് അഹമ്മദ് എന്ന വ്യക്തിയുടെ വീട് പൊളിച്ചു നീക്കിയത്. ഭരണകൂടത്തിനു നേരെ എതിർശബ്ദമുയർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. അതിന്റെ പ്രതികാര നടപടിയാണ് നടന്നതെന്നാണ് പൗരാവകാശ പ്രവർത്തകർ പറയുന്നത്. അനധികൃതമായി റോഡിലേക്ക് തള്ളി നിൽക്കുന്നുവെന്ന പേരിലാണ് ഒരു വീട് പൂർണമായും ഇടിച്ചു നിരത്തിയത്. എന്നാൽ അതേ ലൈനിൽ അതുപോലെ നിന്നിരുന്ന മറ്റെല്ലാ നിർമാണങ്ങളും ഇപ്പോഴും അതുപോലെ നിൽക്കുന്നുണ്ട്. പിന്നെ എന്തിന് ഒരാളുടെ വീട് മാത്രം പൊളിച്ചുമാറ്റി?
അനധികൃത നിർമാണം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും അലഹബാദ് വികസന അതോറിറ്റിയും ചേർന്ന് നോട്ടീസ് പതിച്ച് മണിക്കൂറുകൾക്കകമാണ് പൊളിച്ചടുക്കൽ. ചിലരെയെല്ലാം ലക്ഷ്യം വെച്ചുള്ള ഇത്തരം നോട്ടീസുകൾ തന്നെ വ്യാജമാണെന്നാണ് റിപോർട്ടുകൾ പറയുന്നത്. വീട്ടിലെ വസ്തുക്കളെല്ലാം തൊട്ടടുത്ത പറമ്പിലേക്ക് തള്ളിയാണ് പൊളിക്കൽ പദ്ധതി നടപ്പാക്കിയത്. സിനിമയിലൊക്കെ കാണുന്ന വട്ടിപലിശക്കാരെ പോലെയാണ് ഒരു ഭരണകൂടം പ്രവർത്തിക്കുന്നത്.
അലഹബാദിൽ ഈ മണിക്കൂറുകൾക്കകമുള്ള പൊളിക്കലിന് തൊട്ടു തലേന്ന് സഹാറൻപുരിലും ബുൾഡോസർ ഉപയോഗിച്ച് കുറ്റാരോപിതരായ രണ്ടു പേരുടെ വീട് തകർത്തു. സംഘർഷങ്ങളുടെ പേരിൽ കാൺപുരിലും ഇടിച്ചു നിരത്തൽ ‘ശിക്ഷ’ നടപ്പാക്കി. യു.പി പൊലീസ് ഒരു സംഘമാളുകളെ മുറിയിലിട്ട് ലാത്തിക്ക് അടിച്ചൊതുക്കുന്ന വിഡിയോയും ഇതിനിടെ പുറത്തു വന്നു.
സംഭവത്തിൽ രാജ്യത്ത് തന്നെ യോഗി സർക്കാരിനെതിരെ പ്രതിഷേധമുയരുണ്ട്. വിവിധ മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും യോഗിയുടെ ഈ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.യോഗി ഭരണത്തിനു കീഴിൽ ഉത്തർപ്രദേശ് ഗുണ്ട പ്രദേശായി മാറിയെന്നാണ് പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അപലപിച്ചത്.
ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദയെ തുടർന്നാണ് ഇപ്പോൾ അന്തരീക്ഷം ഇത്രയും കലുഷിതമായത്. മതവികാരത്തെ വൃണപ്പെടുത്തിയ, തെറ്റ് ചെയ്ത ബിജെപിയുടെ നേതാക്കൾ സസുഖം പോലീസ് സംരക്ഷണയിൽ കഴിയുകയും അതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചർ ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരുന്നതാണ് യുപിയിലെ കാഴ്‌ച.