2021 ജൂൺ 29ന് ഐ.ടി. വിഷയങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ വെച്ച് അതിലെ അംഗങ്ങൾ ഒരു ചോദ്യം ചോദിച്ചു. സെർച്ച് എൻജിനായ ഗൂഗിൾ നമ്മളെ ശ്രദ്ധിക്കുന്നുണ്ടോ? എന്ന്. കമ്മിറ്റിയുടെ ചോദ്യത്തിനുത്തരമായി ഗൂഗിൾ പ്രതിനിധി നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. അവരുടെ ചോദ്യത്തിന് അതെ അങ്ങനെ ചെയ്യാറുണ്ടെന്നായിരുന്നു മറുപടി. ഇന്ത്യയിലെ സാമൂഹ്യമാധ്യമ ആപ്പുകളുടെ പ്രവർത്തനം ഓർമ്മിപ്പിക്കുന്നത് ഭസ്മാസുരനെയാണ്. ഡിജിറ്റൽ കോളനിവത്കരണമാണ് അവർ നടപ്പിലാക്കുന്നത്. നിങ്ങളെക്കുറിച്ചുള്ള ഡേറ്റ ശേഖരിച്ചശേഷം അത് നിങ്ങൾക്കെതിരായി ഉപയോഗിക്കുന്ന കോളനിവത്കരണം.
ഉപഭോക്താക്കളെ സംബന്ധിക്കുന്ന ഡേറ്റയിലൂടെ അവരുടെ തിരച്ചിൽരീതി മനസ്സിലാക്കി പ്രത്യേക അൽഗോരിതം വഴി അന്താരാഷ്ട്ര വിപണിയിൽ ഈ ഡേറ്റ വച്ച് പണമുണ്ടാക്കുകയാണ് സാമൂഹ്യമാദ്ധ്യമ ആപ്പുകൾ. ഈ കമ്പനികളാകട്ടെ ആദ്യം ഉപഭോക്താക്കൾക്ക് ചില സൗജന്യങ്ങൾ നൽകി ഉപഭോക്താവിനെ കാണാച്ചരടിന്റെ ഭാഗമാക്കുന്നു. ഇന്ത്യയെ ബ്രിട്ടീഷ് വാഴ്ചയിലേക്ക് നയിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കച്ചവടത്തിനായാണ് വന്നത്. കച്ചവടം ഉറച്ചതോടെ കമ്പനി സാമ്പത്തിക ഭദ്രതയുള്ളവരായി. പിന്നീട് കണ്ടത് തങ്ങളുടെ കുത്തക നിലനിറുത്താൻ കമ്പനി തങ്ങളുടേതായ പട്ടാളത്തെ രൂപീകരിക്കുന്നതാണ്. ആധുനിക സോഷ്യൽമീഡിയ ആപ്പ് കമ്പനികൾ ചെയ്യുന്നതും ഇത്തരമൊരു കോളനിവത്കരണം തന്നെ. ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിച്ച് നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്ന അവർ നമ്മുടെ ചിന്തകളുടെ നിയന്ത്രണമേറ്റെടുക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് മനസ്സിനെ കീഴടക്കുന്നവരായിരിക്കും ഭാവിയിലെ രാജാക്കന്മാരെന്നാണ്. ചർച്ചിൽ പറഞ്ഞത് അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുകയാണ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ. ബൗദ്ധിക സ്വത്തവകാശത്തിന്റെ മോഷണമാണിത്. ദേശീയ സുരക്ഷയും ഇതുവഴി ഭീഷണി നേരിടുന്നു. രാജ്യത്തിന്റെ സുരക്ഷാ വിദഗ്ദ്ധരും പട്ടാളമേധാവിമാരും നേതാക്കളുമൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇതെല്ലാം അവർക്ക് കിട്ടും. വിവിധ മതവിഭാഗങ്ങളുടെ ചലനങ്ങളും ചിന്താഗതികളും നീക്കങ്ങളും മനസ്സിലായാൽ വിദേശികൾക്ക് ഗൂഢതന്ത്രങ്ങൾ മെനയാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും അതുവഴി മതസ്പർദ്ധയും മൗലികവാദവും പ്രചരിപ്പിക്കാനും കഴിയും.
പ്രാദേശികഭാഷകളുടെ പാർശ്വവത്കരണമാണ് മറ്റൊരു വെല്ലുവിളി. ഇംഗ്ലീഷ് ഭാഷയാണ് ഇന്റർനെറ്റ് മേഖലയിൽ സ്വാധീനമുറപ്പിച്ചിട്ടുള്ളത്. പ്രാദേശികഭാഷകളുടെ വികസനത്തിന് അത് തടസ്സമാകും. ചൈനയും ജപ്പാനും ഈ പ്രശ്നത്തെ മറികടന്നു കഴിഞ്ഞു. ഡേറ്റ ശേഖരണത്തിലും അതിന്റെ മാനേജ്‌മെന്റിലും നമ്മുടെ രാജ്യത്ത് ഇപ്പോഴും വേണ്ടത്ര സംവിധാനങ്ങളില്ല. ഡേറ്റ സുരക്ഷിതത്വത്തിന്റെ പ്രശ്നവും നമ്മുടെ നാട്ടിലുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഡിജിറ്റൽ സാക്ഷരതയിലും പിന്നിലാണ്. രാജ്യത്ത് ഡേറ്റാ സുരക്ഷയുടെ കാര്യത്തിൽ ശക്തമായ നിയമങ്ങൾ അനിവാര്യമാണ്.
ഇന്ത്യയിൽ ഡിജിറ്റൽ കോളനിവത്കരണം എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഇത് തടയാൻ നാല് മാർഗങ്ങൾ അവലംബിക്കാം. യൂറോപ്യൻ യൂണിയനിലേതുപോലെ ശക്തമായ നിയമങ്ങൾ ഉണ്ടാക്കുകയാണ് ഒന്നാമത്തെ മാർഗം. വിദേശ സാമൂഹികമാദ്ധ്യമ ആപ്പുകളെ നിരോധിക്കുന്ന ചൈനയുടെ മാതൃകയാണ് രണ്ടാമത്തേത്. ഡിജിറ്റൽ കോളനിവത്കരണം ഒഴിവാക്കാൻ അമേരിക്ക സ്വീകരിച്ചതാണ് മൂന്നാമത്തെ മാർഗം. ഇന്ത്യയിൽ നമുക്കൊരു നാലാം മാതൃക വേണം. ഡിജിറ്റൽ കോളനിവത്കരണത്തിനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ഭാവിയിൽ നാമതിന് കനത്തവില നൽകേണ്ടി വരും.