കുറച്ചു കാലമായി കോവിഡിനെപ്പോലെ നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു വൈറസ് ആണ് ഫ്ളേവി വിഭാഗത്തിൽപ്പെട്ട വെസ്റ്റ് നൈൽ പനി. കാരണം. നമ്മുടെ നാട്ടിൽ കൊതുക് പരത്തുന്ന ഒട്ടേറെ രോഗങ്ങൾ ഈ വൈറസിന്റെ ഉപവിഭാഗങ്ങളിൽ പെടുന്നുണ്ട്. ഡെങ്കിപ്പനി, ജപ്പാൻജ്വരം, സിക്ക തുടങ്ങിയ രോഗങ്ങളെല്ലാം ഫ്ളേവി വൈറസ് വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കളാണ്. ക്യൂലെക്സ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകളാണ് രോഗവാഹകർ. സിക്കയും ചിക്കുൻ ഗുനിയയുമൊക്കെ പരത്തുന്ന ഈഡിസ് കൊതുകുകൾക്കും വെസ്റ്റ് നൈൽ പടർത്താൻ സാധിക്കുമെന്ന് ലബോറട്ടറി പരീക്ഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. വെസ്റ്റ് നൈൽ പനി മിക്കപ്പോഴും ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ പ്രകടമാവുന്ന ലക്ഷണങ്ങൾക്ക് പലപ്പോഴും ജപ്പാൻ ജ്വരവുമായി സാമ്യമുണ്ട്. പരിശോധനകൾ നടന്നിട്ടുള്ള ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഈ പനി വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.
വെസ്റ്റ് നൈൽ പനി ആദ്യമായി കണ്ടെത്തിയത് 1937 ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ്. അതുകൊണ്ടാണ് ഈ പേര് വന്നത്. കൊതുകജന്യരോഗങ്ങൾ കുറവായ അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്പിലും വെസ്റ്റ് നൈൽ വ്യാപകമായി കാണുന്നുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ വർഷം തോറും ആയിരക്കണക്കിനാളുകളെ ഈ പനി ബാധിക്കുന്നു. ഇന്ത്യയിൽ വളരെ വേഗത്തിൽ രോഗം പടരുന്നുണ്ടെങ്കിലും പലപ്പോഴും രോഗത്തെ കണ്ടെത്താനാകുന്നില്ല. കാര്യമായി ലക്ഷണങ്ങൾ പ്രകടമാക്കാത്തതാണ് ഇതിന് പ്രധാനകാരണം. നൂറുപേർക്ക് അണുബാധയുണ്ടാകുമ്പോൾ എൺപത് പേരിലും ലക്ഷണങ്ങളുണ്ടാവില്ല. ഇരുപത് പേരിലാകട്ടെ സാധാരണ വൈറൽപ്പനിയുടെ ലക്ഷണങ്ങളാവും പ്രകടമാവുക. പനി, ജലദോഷത്തിന്റെ ലക്ഷണങ്ങൾ, മാംസപേശിക്ക് വേദന, കഴലവീക്കം, ഛർദ്ദിൽ, തലവേദന, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ, എന്നിവയും ഉണ്ടാകും. പലപ്പോഴും ഡെങ്കിപ്പനിയായോ മറ്റേതെങ്കിലും പനിയായോ ഇതിനെ കരുതാനാണ് സാദ്ധ്യത. അത്യപൂർവമായി മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. നാഡീഞരമ്പുകളെ ബാധിക്കാനുള്ള പ്രവണതയമുണ്ട് ഈ രോഗത്തിന്.
തീവ്രമാകുമ്പോൾ കരൾ, ഹൃദയം എന്നിവയെ ബാധിക്കാം. തലച്ചോറിനെ ബാധിക്കുന്ന സമയത്ത് മസ്തിഷ്‌കജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ കാണിക്കും. ഈ സമയത്ത് കഠിനമായ തലവേദന, ഛർദ്ദി, പരസ്പരബന്ധമില്ലാതെ സംസാരിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. അതുകൊണ്ടുതന്നെ ജപ്പാൻജ്വരമാണ് സംശയിക്കപ്പെടുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പഠനങ്ങൾ കാണിക്കുന്നത് നമ്മുടെ നാട്ടിൽ ജപ്പാൻജ്വരം സംശയിക്കപ്പെടുന്ന ആളുകളിൽ നല്ലൊരു ശതമാനത്തിനും വെസ്റ്റ് നൈൽ പനിയാവുമെന്നാണ്. നിസാര ലക്ഷണങ്ങളോടെ വന്നുപോകുന്ന രോഗമാണ് വെസ്റ്റ് നൈൽ എങ്കിലും അപൂർവമായി മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും നീണ്ടുനില്‌ക്കുന്ന ഗുരുതര മസ്തിഷ്‌കരോഗങ്ങളിലേക്ക് നയിക്കപ്പെടുകയോ ചെയ്യാം. ചിലപ്പോൾ ശരീരത്തിന്റെ ഒരുഭാഗം തളർന്നു പോകുകയോ നീണ്ടുനില്‌ക്കുന്ന അപസ്മാരബാധ ഉണ്ടാകുകയോ ചെയ്യാം. മരണം പോലും സംഭവിച്ചേക്കാം.
കൊവിഡ് 19 ൽ 100 പേർക്ക് രോഗബാധയുണ്ടാകുമ്പോൾ ഒരാൾ മാത്രമേ അപകടപ്പെടുന്നുള്ളൂ. എന്നാൽ ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ ആളുകൾക്ക് രോഗം വരുമ്പോൾ മരണത്തിന്റെ എണ്ണം കൂടുമല്ലോ. അതുപോലെ വെസ്റ്റ് നൈൽ പനി വ്യാപമാകുമ്പോൾ തീവ്രതകൂടിയ ലക്ഷണങ്ങളുള്ളവരുടെ എണ്ണം കൂടുകയും വളരെ വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറുകയും ചെയ്യും. അതുകൊണ്ട് രോഗം നിയന്ത്രിക്കുന്നതിൽ അതീവജാഗ്രത പുലർത്തണം. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നത് വെസ്റ്റ് നൈൽ പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്നാണ്. പ്രകൃത്യാലുള്ള ഉറവിടം സസ്തനികളല്ല, പക്ഷികളാകാനാണ് സാദ്ധ്യത. അമേരിക്കൻ കാക്കകൾ വെസ്റ്റ് നൈൽ പനിയുടെ ഉറവിടങ്ങളാണ്. നമ്മുടെ നാട്ടിലും കാക്കകൾ പോലുള്ള പക്ഷികൾ ഉറവിടങ്ങളാകാനുള്ള സാദ്ധ്യതയുണ്ട്. പക്ഷേ ഏതൊക്കെ പക്ഷികൾ, അവ എത്രത്തോളം രോഗവാഹകരാകും എന്നതിൽ വിശദപഠനം നടത്തേണ്ടതുണ്ട്.
ആപ്ളിഫൈയിംഗ് ഹോസ്റ്റുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. അതായത് ഈ പക്ഷികളിൽ വെസ്റ്റ് നൈൽ വൈറസ് കടന്നുകൂടിയാൽ വൈറസ് വളരെയധികം പെരുകുകയും പക്ഷികളെ കുത്തുന്ന കൊതുകുകൾ വഴി മറ്റ് പക്ഷികളിലേക്കെത്തുകയും ചെയ്യും. എല്ലാ ജീവികളെയും വൈറസ് അപായപ്പെടുത്തുന്നില്ലെങ്കിലും അപൂർവമായെങ്കിലും സസ്തനികളിൽ മനുഷ്യനെയും കുതിരകളെയും കൊല്ലാനുള്ള സാദ്ധ്യതയുണ്ട്. ചിലപ്പോഴെങ്കിലും ഇവ കാക്കകളുടെയും ജീവനെടുക്കാറുണ്ട്. ഏതെങ്കിലും പ്രദേശത്ത് പക്ഷികൾ കൂട്ടത്തോടെ ചാവുന്നെങ്കിൽ അത് വെസ്റ്റ്നൈൽ പനിയാകാനുള്ള സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് കൊതുക് നിയന്ത്രണം അനിവാര്യമാണ്. ഒരു പക്ഷിയെ കുത്തുന്ന കൊതുക് മറ്റൊരു പക്ഷിയെ കുത്തുന്നതിലൂടെ രോഗവ്യാപനം ഉണ്ടാകുമ്പോൾത്തന്നെ ഈ കൊതുക് മനുഷ്യനെ കുത്തിയാൽ അയാൾക്കും വെസ്റ്റ് നൈൽ പനിയുണ്ടാകാം. അതേസമയം വെസ്റ്റ് നൈൽ പനി ബാധിച്ച ഒരു മനുഷ്യനിൽനിന്ന് മറ്റൊരു മനുഷ്യനിലേക്ക് രോഗം നേരിട്ട് വ്യാപിപ്പിക്കാൻ കൊതുകുകൾക്ക് സാധിക്കില്ല. അതായത് കൊതുകിന് പക്ഷിയിൽനിന്ന് മനുഷ്യനിലേക്ക് രോഗം എത്തിക്കാനേ സാധിക്കൂ. അതുകൊണ്ട് മറ്റ് കൊതുകുജന്യരോഗം വ്യാപിക്കുന്നത്ര വേഗത്തിൽ വെസ്റ്റ് നൈൽ വ്യാപിക്കില്ല. കൊതുക് നിയന്ത്രണവും പക്ഷികളിൽ രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുമാണ് പരമപ്രധാനം. പക്ഷികളിലെ രോഗബാധനിയന്ത്രണം അത്ര പ്രായോഗികമല്ല. പക്ഷികൾ കൂട്ടത്തോടെ മരിക്കുന്ന ഇടങ്ങളിലെ കൊതുക് നിയന്ത്രണമാണ് പ്രായോഗികം.
വെസ്റ്റ് നൈൽ പനിയിൽ (WNV) ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡെങ്കി, സിക പോലെയുള്ള വൈറസാണ് വെസ്റ്റ് നൈലും. പടർന്ന് പിടിക്കുന്ന രോഗമല്ലെങ്കിലും കൊതുകുകളുടെ ഉറവിടം നശിപ്പിച്ചാൽ രോഗവ്യാപനം ഒരു പരിധിവരെ തടയാനാകുമെന്ന് മന്ത്രി പറഞ്ഞു. വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂരിൽ ഒരാൾ മരിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണമുണ്ടായത്. തൃശൂർ ആശാരിക്കാട് സ്വദേശി ജോബി (47) ആണ് വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് മരിച്ചത്. വൈറസ് ബാധിതരായ 80 ശതമാനം ആളുകളിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ലാത്തതിനാൽ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കുറവാണ്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുകയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. മരണത്തിന്റെ പശ്ചാത്തലത്തിൽ കേരള ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
വെസ്റ്റ് നൈൽ രോഗത്തിന് ശരിയായ ചികിത്സ ലഭ്യമല്ലാത്തതിനാൽ കൊതുക് കടിയിൽ നിന്ന് രക്ഷനേടുക എന്നതാണ് ഏറ്റവും അത്യാവശ്യം. മരുന്നുകളോ വാക്സിനുകളോ ലക്ഷ്യമല്ല. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊതുക് കടിയിൽ നിന്നും രക്ഷനേടാൻ കഴിയുന്ന ലേപനങ്ങൾ പുരട്ടുക, വീടുകളിലും മറ്റും കൊതുക് വല ഉപയോഗിക്കുക, കൊതുകിൻ്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ. ശാരീരിക പരിശോധന, സാമ്പിളുകൾ ലബോറട്ടറികളിൽ എത്തിച്ച് നടത്തുന്ന പരിശോധനകളിലൂടെയും വെസ്റ്റ് നൈൽ ബാധ സ്ഥിരീകരിക്കാനാകും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 20 ശതമാനം കേസുകളിലും വെസ്റ്റ് നൈൽ കാരണമാകുന്നുണ്ട്.