ഒരു മരം നട്ട് പിടിപ്പിക്കലോ പ്രതിജ്ഞ ചൊല്ലികൊടുത്ത് പരിപാടികൾ സംഘടിപ്പിക്കുന്നതോ അല്ല ഒരു പരിസ്ഥിതിദിനത്തിന്റെ പ്രസക്തി. നമ്മുടെ ഭൂമി ഇന്ന് അനുഭവിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കണ്ടെത്തുകയുമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനലക്ഷ്യം. ഇന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ വിപരീതഫലങ്ങൾ നാം അനുവഭിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് അനുദിനം കൂടുന്നു. ജലവും വായുവും മലിനമാകുന്നു, കാട്ടുതീ വർദ്ധിക്കുന്നു, മഞ്ഞുരുകുന്നു. ഇതിനൊരു പരിഹാരമേയുള്ളൂ. നമ്മുടെ സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും കൂടുതൽ പരിസ്ഥിതി സൗഹാർദ്ദവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതുമാക്കി മാറ്റുക എന്നുള്ളത്. ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കാനും സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിനാണ് ഈ സന്ദേശം ആഹ്വാനം ചെയ്യുന്നത്.
എല്ലാ പരിസ്ഥിതിദിനവും കേരളീയർ വിപുലമായാണ് ആഘോഷിക്കാറുള്ളത്. സർക്കാർ മുൻകൈയെടുത്ത് വനം – വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളിലേക്കും പച്ചപ്പിന്റെ പ്രഭചൊരിയുന്ന ദിനംകൂടിയാണിന്ന്. ആഘോഷത്തിനപ്പുറം കേരളത്തിന്റെ പരിസ്ഥിതിചിന്തകൾ, പരിസ്ഥിതിനിയമങ്ങൾ, പരിസ്ഥിതിനയങ്ങൾ എന്നിവയുടെ സമഗ്ര വിലയിരുത്തലും നടത്താറുണ്ട്. എന്നാൽ നിയമപാലകർ നിശബ്ദരാവുന്നതും നിയമനിർമ്മാതാക്കൾ തന്നെ നിയമഭേദഗതികളിലൂടെ പരിസ്ഥിതി നിയമത്തെ ദുർബലമാക്കുന്നതും ജനകീയ ഓഡിറ്റിംഗിങ്ങിൽ ചർച്ചയാവണം. അത്തരത്തിലുള്ള തിരുത്തലുകൾ നമ്മുടെയും ഭൂമിയുടെയും നിലനില്പിന് അനിവാര്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രദേശികപങ്കാളിത്തം ഉറപ്പുവരുത്തുന്ന രണ്ട് സംവിധാനങ്ങളാണ് ബി.എം.സി എന്ന ബയോ ഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും ട്രീ കമ്മിറ്റിയും. ഈ രണ്ട് സംവിധാനങ്ങളുടെയും ഫലപ്രദമായ ഇടപെടലുണ്ടെങ്കിൽ പരിസ്ഥിതിസംരക്ഷണത്തിൽ വിജയിച്ച ജനതയാവും നാം. എന്നാൽ, കേരളം ഈ രണ്ടുസംവിധാനത്തെയും നിരന്തരം ദുർബലപ്പെടുത്തുകയാണ്.
വികസനപ്രവർത്തനങ്ങളുടെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റേണ്ട ആവശ്യകത പരിശോധിച്ച് അനുമതി നല്കാനാണ് ട്രീ കമ്മിറ്റികൾ രൂപീകരിച്ചത്. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ട്രീ കമ്മിറ്റിയുടെ ചെയർപേഴ്സൺ ജില്ലാപഞ്ചായത്ത് പ്രസിഡന്റും കൺവീനർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസറുമാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ വാർഡ് മെമ്പർ, നഗരസഭ ടൗൺ പ്ലാനർ, നാല് പരിസ്ഥിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നതാണ് ജില്ലാതല സമിതി. കഴിഞ്ഞ 10 വർഷമായി ട്രീ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. 2017 മുതൽ നഗരസഭ / പഞ്ചായത്തുതല ട്രീകമ്മറ്റികളും പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത് പ്രസിഡന്റ് / നഗരസഭ ചെയർപേഴ്സൺ ചെയർമാനും സെക്രട്ടറി കൺവീനറുമാണ്. വില്ലേജ് ഓഫീസർ, വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ എന്നിവർ അംഗങ്ങളാണ്. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെ സർക്കാർ വകുപ്പുകൾ മരങ്ങൾ പിഴുതെറിയുമ്പോൾ നിയമനടപടികൾ സ്വീകരിക്കാൻ ഉത്തരവാദിത്വമുള്ള സമിതി നിശബ്ദമാവുകയാണ്. സമിതിരൂപീകരണത്തിനു ശേഷം അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാളിതുവരെ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാൻ ശുപാർശ നല്കുകയോ ചെയ്തിട്ടില്ല. പലപ്പോഴും ഈ സമിതി തന്നെ അനധികൃത മരംമുറിക്ക് കൂട്ടുനിൽക്കുന്നത്.
മന്തക്കാട് ജംഗ്ഷനിലെ വൻ ആൽമരം മുറിച്ചു മാറ്റാൻ അനുമതി നല്കിയത് മലമ്പുഴ പഞ്ചായത്തുതല ട്രീ കമ്മിറ്റിയാണ്. കൊക്കിന്റെ കാഷ്ഠമായിരുന്നു മുറിക്കാനുള്ള കാരണം. കൊക്ക് ശല്യത്തിന് ശാസ്ത്രീയ പരിഹാരം കാണാൻ ശ്രമിക്കാതെ, കേന്ദ്ര സംസ്ഥാന സർക്കാരിന് കീഴിലുള്ള പക്ഷിനിരീക്ഷണ കേന്ദ്രങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് മരം മുറിച്ചുമാറ്റിയത്. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വിഷയം കോടതിയിലെത്തി. പ്രദേശികതല ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് രൂപീകൃതമായതാണ് ബയോഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി. പ്രാദേശികമായുണ്ടാവുന്ന പാരിസ്ഥിതികനാശങ്ങളും മാറ്റങ്ങളും അധികാരികളുടെ ശ്രദ്ധയിലെത്തിക്കുക തുടങ്ങി വിപുലമായ അധികാരമുള്ള ഈ സമിതി നിഷ്‌ക്രിയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയർമാനും എട്ടംഗ സമിതി തിരഞ്ഞെടുക്കുന്നയാൾ ബി.എം.സി കൺവീനറുമാണ്. എം.പി, എം.എൽ.എ എന്നിവർ പ്രത്യേക ക്ഷണിതാക്കളും പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട ആറുപേർ അംഗങ്ങളുമാണ്. പാറമട, മണൽ ഖനനം തുടങ്ങിയവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങൾക്കെതിരെ ഫലപ്രദമായി ഇടപെടാൻ കഴിയുമെങ്കിലും പലയിടങ്ങളിലും അധികാരികൾ ബി.എം.സിയെ കടലാസു സംഘടനയായി മാറ്റിയിരിക്കുകയാണ്. ഭൂഖനന മാഫിയയുടെ താത്പര്യങ്ങൾക്ക് വഴങ്ങി പരിസ്ഥിതി പ്രവർത്തകർക്ക് പകരം പഞ്ചായത്ത് മെമ്പർമാരെ തിരുകിക്കയറ്റിയാണ് ബി.എം.സി.യെ ദുർബലമാക്കിയത്.
പച്ചത്തുരുത്ത്, മിയാമിവനങ്ങൾ, പരിസ്ഥിതി ദിനത്തിന് വിതരണം ചെയ്യാൻ തയ്യാറാക്കുന്ന തൈകൾ എന്നിവയ്‌ക്കായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴും സർക്കാരിന്റെ ആത്മാർത്ഥത നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. ആത്മപരിശോധന നടത്തി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നാം കൈകോർക്കണം. 1972 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത്. അമേരിക്കയിലായിരുന്നു ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. പിന്നീട് ലോകമാകെ പരിസ്ഥിതിദിനം ആചരിക്കാൻ തുടങ്ങി. മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതിനൊപ്പം നമുക്ക് ചുറ്റുമുള്ള വന പ്രദേശങ്ങള്‍ വിപുലീകരിക്കുവാനും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുവാനും പരിസ്ഥിതി ദിനം ലക്ഷ്യമിടുന്നു.
കേരളത്തില്‍ 43 ലക്ഷം തൈകള്‍ ആണ് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെച്ചുപിടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 217 കോടി രൂപ ചെലവില്‍ 72 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
832 നഴ്‌സറികളിലായാണ് തൈകള്‍ സജ്ജമാക്കിയിട്ടുളളത്. വനേതരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വനം വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് പദ്ധതിയില്‍ വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതുകൂടാതെ സംസ്ഥനത്ത് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്കും ഇന്ന് തുടക്കമാകും. കണ്ണൂര്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇത്തരത്തില്‍ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ ഉണ്ടാകും. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുക.