അടുത്തിടെ മലയാളികളുടെ മനസിൽ ആഴത്തിൽ വേരുറപ്പിച്ച സ്ത്രീയാണ് ഉമാതോമസ്. അച്ചടക്കമുള്ള, ശാന്തതയും പ്രസന്നതയും കൈ വിടാതെ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങി കന്നിയങ്കത്തിൽ തന്നെ വിജയക്കൊടി പാറിച്ച സ്ത്രീ. ഇതിലും ലളിതമായി ഉമയെ വിവരിക്കാനാകില്ല. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം തുടങ്ങിയതുമുതൽ കോൺഗ്രസിൽ എന്നും ആശയക്കുഴപ്പങ്ങളായിരുന്നു. ആദ്യഘട്ടത്തിൽ ഉയർന്ന് വരുന്ന പേരുകളായിരിക്കില്ല ഫൈനൽ ലാപ്പിൽ എത്തുക. എന്നാൽ തൃക്കാക്കരയിൽ പതിവിന് വിപരീതമായി പാർട്ടി മുഴുവൻ ഒറ്റപ്പേരിലേക്കെത്തി. ഉമാ തോമസ്. പി.ടി തോമസ് എന്ന അതുല്യ നേതാവിന്റെ പ്രിയപത്നിയായതുകൊണ്ട് മാത്രമല്ല ഉമാ തോമസിനെ തൃക്കാക്കര കോട്ട കാക്കാൻ യുഡിഎഫ് നേതൃത്വം ഏൽപ്പിച്ചത്.
കോളജ് കാലം മുതൽ കെ.എസ്.യു പ്രവർത്തകയായിരുന്ന ഉമയുടെ നേതൃപാഠവവും രാഷ്ട്രീയ ബുദ്ധിയും പാർട്ടിക്ക് അടുത്തറിയാവുന്നതാണ്. പി.ടിയുടെ ജീവിതസഖിയായി കുടുംബവും ജോലിത്തിരക്കുമെല്ലാമായി രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിന്ന ഉമാ തോമസിനെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഇറക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നിരിക്കണം, ഉമ തൃക്കാക്കരയെ കൈപിടിയിലൊതുക്കുക തന്നെ ചെയ്യുമെന്ന്. ആ വിശ്വാസം തെറ്റിയില്ല എന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിനിയായിരുന്ന ഉമാ തോമസ് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. 1980 ലാണ് മഹാരാജാസിൽ പ്രീഡിഗ്രിക്കായി ഉമാ തോമസ് ചേരുന്നത്.
1982 ൽ കെ.എസ്.യുവിന്റെ വനിതാ പാനലിൽ പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. 1984 ൽ കെ.എസ്.യു പാനലിൽ തന്നെ മഹാരാജാസിലെ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി തോമസ്. മഹാരാജാസിലെ പൂർവ വിദ്യാർത്ഥി കൂടിയായിരുന്നു പി.ടി തോമസ്. ക്യാമ്പസ് വിട്ടുവെങ്കിലും കെ.എസ്.യു സംസ്ഥാന ഭാരവാഹി എന്ന നിലയിൽ മഹാരാജാസിലെ സ്ഥിരം സാന്നിധ്യമായിരുന്നു പി.ടി. ഒരിക്കൽ വേദിയിൽ നിന്ന് പാട്ട് പാടിയ ഉമാ തോമസ് പി.ടിയുടെ ശ്രദ്ധയിൽപ്പെട്ടു. സംഘടനാ പ്രവർത്തനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും, അടുക്കുന്നതും. സൗഹൃദം പ്രണയത്തിന് വഴിമാറിയെങ്കിലും ഇരുവരും അത് തുറന്ന് പറഞ്ഞിരുന്നില്ല. ഉമയ്ക്ക് വീട്ടിൽ വിവാഹാലോചന നടക്കുന്നതിനിടെയാണ് പി.ടി തോമസ് ഫോണിൽ വിളിച്ച് ഉമയെ തന്റെ ഇഷ്ടം അറിയിക്കുന്നത്.
ഇതരമതസ്ഥനായ പി.ടിയുമായുള്ള ഉമയുടെ വിവാഹത്തോട് കുടുംബത്തിന് എതിർപ്പായിരുന്നു. പക്ഷേ, ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ ഭേദിച്ച് ഇരുവരും ഒന്നാകാൻ തീരുമാനിച്ചു. അങ്ങനെ മട്ടാഞ്ചേരിയിൽ പോയി രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു. ബെന്നി ബെഹന്നാനും കെ.ടി ജോസഫുമാണ് അന്ന് സാക്ഷികളായി ഒപ്പുവച്ചത്. തിരികെ ഉമ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിപോയി. ഉമയുടെ കുടുംബത്തെ അനുനയിപ്പിക്കാൻ ഇരുവരും ശ്രമിച്ചുവെങ്കിലും നടന്നില്ല. അങ്ങനെ പി.ടി തോമസ് ഉമയെ വീട്ടിൽ പോയി വിളിച്ചിറക്കി വയലാർ രവിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. മകൾ തനിക്കൊപ്പം സുരക്ഷിതയാണെന്ന് പി.ടി തോമസ് ഉമയുടെ അച്ഛനെ വിളിച്ചറിയിച്ചു. തുടർന്ന് കോതമംഗലത്തെ ക്നാനായ പള്ളിയിൽ വച്ച് പി.ടിയുടെ കുടുംബത്തിന്റേയും മഹാരാജാസിലെയും പാർട്ടിയിലേയും സഹപ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി.
പിന്നീട് തീപ്പൊരി പ്രസംഗങ്ങളിലൂടെ പി.ടി രാഷ്ട്രീയ നേതാവായി വളർന്നപ്പോൾ തോളോട് തോൾ ചേർന്ന് പി.ടിക്ക് കരുത്തേകി ഉമയും ഒപ്പം നിന്നു. ആസ്റ്ററിലെ ഫിനാൻസ് മേഖലയിലെ അസിസ്റ്റന്റ് മാനേജരായിരുന്നു ഉമാ തോമസ്. രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ടില്ലെങ്കിൽ കൂടി ഉമ എന്നും രാഷ്ട്രീയക്കാരി തന്നെയായിരുന്നു. പി.ടിയിലൂടെ പാർട്ടിയുടെ വളർച്ച കണ്ടും കേട്ടും അടുത്തറിഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ട് തന്നെ പി.ടിയുടെ വിയോഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങേണ്ടി വന്നപ്പോഴും ആദ്യമായി മത്സരരംഗത്ത് എത്തിയതിന്റെ അമ്പരപ്പോ ആശങ്കകളോ ഉമാ തോമസിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. സൗമ്യമായ ചിരിയോടെ തൃക്കാക്കരയിലെ വോട്ടർമാരെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.
പ്രചാരണ വേളകളിലെല്ലാം പിടി തോമസ് എന്ന നേതാവ് തുടങ്ങി വച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് മാത്രമാണ് അവർ പറഞ്ഞത്. അവർക്കറിയാം ശരിയുടെ പക്ഷത്ത് നിന്നയാളാണ് പിടിയെന്ന്. അതിന്റെ തുടർച്ച മാത്രമേ അവർക്ക് ചെയ്യേണ്ടതായുള്ളൂ. ഇത്രയധികം ഭൂരിപക്ഷത്തിൽ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് കയറാൻ കഴിഞ്ഞത് പിടിയുടെ ജനസമ്മിതിയാണെന്ന് സമ്മതിക്കുമ്പോഴും ഉമയെന്ന രാഷ്ട്രീയ പ്രവർത്തകയുടെ പ്രഭാവം അതൊട്ടും കുറയ്‌ക്കുന്നില്ല. ഉറച്ച വാക്കുകളിലും, നിലപാടുകളിലും, തീരുമാനങ്ങളിലും മനോഭാവത്തിലുമെല്ലാം അവർ മികച്ച രാഷ്ട്രീയ പ്രവർത്തകയായിരിക്കുമെന്ന സൂചന തന്നെയാണ് മുന്നോട്ട് വയ്‌ക്കുന്നത്. കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎ ആയിട്ട് നിയമസഭയിലേക്ക് അവർ കടന്നു വരുമ്പോഴും പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകുമെന്നതിലും തർക്കമില്ല.