ജീവിതത്തിൽ യാതൊരു സംഗീതവും പ്രൊഫഷണലായി പഠിക്കാതെയാണ് മലയാളിയായ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് സംഗീത ലോകത്തേക്ക് തന്റെ വരവറിയിച്ചത്. നേട്ടങ്ങളുടെ പാതയിലേക്ക് അദ്ദേഹം ചുവടുവെച്ചതും സ്വന്തം കഴിവ് കൊണ്ടുമാത്രം. ഹൃദയം കീഴടക്കിയ നിരവധി ഗാനങ്ങൾക്ക് പിന്നിൽ ഒരു മലയാളി സാന്നിധ്യം ഉണ്ടെന്ന് പല മലയാളികളും തിരിച്ചറിഞ്ഞിരുന്നില്ല. കെ കെ യുടെ അപ്രതീക്ഷിതവിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകവും ആരാധകരും. കിഷോർ കുമാറിന്റെയും ആർ ഡി ബർമാന്റെയും കടുത്ത ആരാധകമായിരുന്നു കെ കെ.
1968 ഓഗസ്റ്റ് 28 നായിരുന്നു ഡൽഹിയിൽ ആയിരുന്നു കൃഷ്ണകുമാർ കുന്നത് എന്ന കെ കെ യുടെ ജനനം. ജിംഗിൾസിന് വേണ്ടി പാടികൊണ്ടാണ് കെ കെ തന്റെ കരിയർ ആരംഭിക്കുന്നത്. 1999ൽ ആദ്യ ആൽബം പാൽ എന്നാ പേരിൽ പുറത്തിറക്കി. ഹിന്ദി, തമിഴ്, കന്നഡ, മറാത്തി ഗുജറാത്തി, ഒഡിയ, ബംഗാളി, അസാമിസ് തുടങ്ങിയ നി രവധി ഭാഷകളിൽ ഗാനം ആലപിച്ചു. 1996ൽ പുറത്തിറങ്ങിയ കാതൽ ദേശം എന്ന ചിത്രത്തിലെ എ ആർ റഹ്മാന്റെ കല്ലൂരി സാലെ എന്നാ ഗാനം ആലപിച്ച് സിനിമ ലോകത്തേക്ക് തുടക്കം കുറിച്ചു. ആ സിനിമയിലെ തന്നെ ഹലോ ഡോക്ടർ എന്ന ഗാനവും കെ കെ ആലപിച്ചതാണ്.
‘ഹം ദിൽ ദേ ചുകെ സനം’,’ഡോലരെ ഡോലരെ’,’ക്യാ മുച്ചേ പ്യാർ ഹേ’,’ആകോ മേ തേരി’, ‘ഖുദാ ജെയിൻ’, ‘പിയ ആയെനാ’, ‘ഇന്ത്യ വാലെ’,’തുജോ മിലെ’,’തുഹി മേരി ശബ്‍ഹേ സുബാഹേ’ തുടങ്ങി നിരവധി ഗാനങ്ങൾ കെ കെ യുടെ ശബ്ദത്തിലൂടെ പുറത്തു വന്നപ്പോൾ സിനിമലോകവും ആ പാട്ടുകളുടെയും പാട്ടുകാരന്റെയും ആരാധകരായി മാറുകയായിരുന്നു. 53ആം വയസിൽ ഇന്ത്യൻ സിനിമലോകത്ത് നിന്ന് കെ കെ വിട പറയുമ്പോൾ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് മരണമില്ല എന്നതാണ് സത്യം. ഓരോ സംഗീത ആസ്വാദ കരുടെയും കാതുകളിൽ കെ കെയുടെ സ്വരം എന്നും മുഴുങ്ങും.