കോവിഡ് മഹാമാരിമൂലമുണ്ടായ നീണ്ട രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 43 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് സ്കൂളുകളിലേക്ക് എത്തിയത്. പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ഗംഭീര വരവേല്‍പ്പാണ് എല്ലാ വിദ്യാലയങ്ങളും ഒരുക്കിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റസൂല്‍ പൂക്കുട്ടി പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി. മുന്നേറാം മികവോടെ എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. വിദ്യാലയങ്ങളിലേക്ക് ആദ്യമായി എത്തുന്ന കുരുന്നുകള്‍ക്ക് നടന്‍ മോഹന്‍ലാല്‍ അടക്കം നിരവധി പേര്‍ ആശംസകളറിയിച്ച് പ്രവേശനോത്സവത്തിന്റെ ഭാഗമായി.
യൂണിഫോമും മാസ്‌കും ധരിച്ചെത്തിയ കുട്ടികളെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയാണ് അധ്യാപകര്‍ വരവേറ്റത്. വിദ്യാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുഖാവരണം നിര്‍ബന്ധമായി ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങി മുടങ്ങിക്കിടക്കുന്ന എല്ലാ പാഠ്യേതര പ്രവര്‍ത്തനങ്ങളും ഈ വർഷം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പാഠപുസ്തക വിതരണം ഏകദേശം 90 ശതമാനത്തോളം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. സ്കൂളുകളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള പരിശോധനകളും പൂര്‍ത്തിയാക്കേണ്ടതായുണ്ട്.
സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. കുട്ടികളെ മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിലേയ്ക്കയ്ക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. പകര്‍ച്ച വ്യാധികളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍കാന്തും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പോലീസിന്‍റെയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.
സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കും. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേകശ്രദ്ധ പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരുടെ സഭ്യമല്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും.
കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂര്‍ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;
- മാസ്‌ക് ധരിക്കാതെ ആരും തന്നെ സ്‌കൂളിലെത്തരുത്
- നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്
- യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്
- കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്
- പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്
- അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം
- 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കേണ്ടതാണ്
- മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
- സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
- സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടില്‍ക്കാന്‍ അനുവദിക്കരുത്
- കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം
- വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം
- പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുത്തുവിടുക
- ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക
- വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം
- എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്
- കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസിക പിന്തുണയും നല്‍കണം
- മാതാപിതാക്കള്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിയണം
- എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്