കുടുംബത്തിന്റെ സന്തോഷത്തിനായി ഭാരം എടുക്കുന്ന നിരവധി വീട്ടമ്മമാർ ഉണ്ട്. എന്നാൽ ഏതു എടുത്താൽ പൊങ്ങാത്ത ഭാരവും ഈ വീട്ടമ്മക്ക് നിസ്സാരം .അതിശയപ്പെടേണ്ട !അതാണ് ലിബാസ് പി ബാവ എന്ന പവർലിഫ്റ്റിംഗ് ചാമ്പ്യൻ. ഇതിനോടകം തന്നെ പലർക്കും സുപരിചിതമാണ് ലിബാസ്സിന്റെ പേര്.നിലവിൽ നിരവധി റെക്കോർഡുകളുടെ ഉടമകൂടിയാണ് ഈ മലയാളി വീട്ടമ്മ.
വിവാഹം കഴിഞ്ഞാൽ തങ്ങളുടെ സ്വപ്ങ്ങൾ അവസാനിച്ചു എന്ന് കരുതുന്നവർക്ക് മുന്നിൽ ചൂണ്ടിക്കാട്ടാവുന്ന പേരുകളിൽ ഒന്നുകൂടിയാണ് കൊച്ചിക്കാരിയായ ലിബാസിന്റെത്. കോളേജ് പഠനകാലത്ത് വെയിറ്റ് ലിഫ്‌റ്റിംഗിൽ ജൂനിയർ ചാമ്പ്യൻ ആയിരുന്നു ലിബാസ്. വിവാഹത്തോടെ തന്റെ ഇഷ്ട മേഖലയോട് വിടപറഞ്ഞ് കുടുംബത്തിന്റെ സന്തോഷങ്ങളിലേക്ക് ഒതുങ്ങിയ ലിബാസ് 12 വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെ പൂർണ പിന്തുണയോടു കൂടി പവർലിഫ്റ്റിങ് മേഖലയിലേക്ക് തിരികെ എത്തിയപ്പോൾ കാത്തിരുന്നത് വേൾഡ് റെക്കോർഡുകൾ ആണ്.
2019 ലെ ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡലിസ്റ്റ്,2020 ലെ നാഷണൽ മാസ്റ്റർ ഗെയിംസിലെ ഗോൾഡ് മെഡലിസ്റ്റ്,2021 ലെ സ്റ്റേറ്റ് ആൻഡ് നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡലിസ്റ്റ്, 2021 ൽ പഞ്ചാബിലെ ഐഎംഡബ്ല്യൂ ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡലിസ്റ്റ് തുടങ്ങി ലിബാസ് സ്വന്തമാക്കിയത് ആരെയും അത്ഭുതപ്പെടുത്തുന്ന അനവധി നേട്ടങ്ങൾ. ഈ അടുത്തായി തിരുവനന്തപുരത്ത് വെച്ച് നടന്ന നാലാമത് നാഷണൽ മാസ്റ്റർ ഗെയിംസിലും ലിബാസ് ഗോൾഡ് മെഡൽ സ്വന്തമാക്കി.നിരവധി രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിലും ലിബാസ് പങ്കെടുത്ത് ചാമ്പ്യനായി.ഒട്ടേറെ അവാർഡുകളും ഈ മലയാളി വനിതയെ തേടിയെത്തി.
കൂടാതെ അധ്യാപിക,മോട്ടിവേറ്റർ ,സാമൂഹിക പ്രവർത്തക,ബ്രാൻഡ് അംബാസിഡർ ,ബുള്ളറ്റ് റൈഡർ, ഹെവി ട്രക്ക് വാഹനങ്ങൾ ഓടിക്കൽ തുടങ്ങി ലിബാസ് തന്റെ ഇഷ്ടമേഖലകളിൽ എല്ലാം ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു.ഏതൊരു കായിക പ്രേമിയെയും പോലെ ലിബാസിന്റെ ലക്ഷ്യവും ഒളിംപിക്‌സ് തന്നെയാണ്. വിവാഹം സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും അതിരല്ല എന്ന് തെളിയിച്ച ലിബാസ് സ്ത്രീകൾക്ക് പ്രചോദനമാണ് എന്നതിൽ സംശയമില്ല. സിനിമ നിർമാതാവ് കൂടിയായ ഭർത്താവ് സാദിഖ് അലിയും ഹന്ന ഫാത്തിം,റിദ മിനാൽ എന്നീ രണ്ട് പെൺമക്കളും ലിബാസിന്റെ സ്വപ്നങ്ങൾക്ക് പിന്തുണയേകി ഒപ്പമുണ്ട്.