കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് മങ്കിപോക്സ്. ഇതുവരെ ഇരുപതിൽപരം രാജ്യങ്ങളിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുയാണ് ലോകാരോഗ്യസംഘടന. എന്നാൽ ആഫ്രിക്കയിലുൾപ്പെടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മങ്കിപോക്സും ഇവിടെ കണ്ടുവരുന്ന കുരങ്ങുപനിയും ഒന്നാണോ എന്ന സംശയം പലർക്കുണ്ട്. പേരിലെ സാമ്യമൊഴിച്ചാൽ ഇരു രോഗങ്ങളും തമ്മിൽ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ട്. കുരങ്ങിൽ ആദ്യമായി കാണപ്പെട്ടു എന്നതുകൊണ്ടു മാത്രമാണ് ഇരുരോഗങ്ങളും കുരങ്ങിന്റെ പേരിൽ അറിയപ്പെടാൻ കാരണമായത്. കുരങ്ങുപനിയുടെയും മങ്കിപോക്സിന്റെയും വ്യാപനരീതിയും രോഗലക്ഷണങ്ങളുമെല്ലാം വ്യത്യസ്തമാണ്.
കുരങ്ങുപനി എന്ന് ഇവിടെ പറയുന്നത് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു രോഗമാണ്. കർണാടകയിലെ ഷിമോഗയിലും അതിർത്തിപ്രദേശമായ വയനാട് ഉൾപ്പെടെയുള്ള വനമേഖലകളിലുമാണ് കുരങ്ങുപനി കൂടുതലായി കാണുന്നത്. രണ്ടും വൈറൽ ഇൻഫെക്ഷൻ ആണ് എന്നതുമാത്രമാണ് ഇവ തമ്മിലുള്ള ഏക സാമ്യം. അല്ലാതെ പകർച്ചാരീതിയിലോ ലക്ഷണങ്ങളുടെ കാര്യത്തിലോ രണ്ടുരോഗങ്ങള്ക്കും ബന്ധമില്ല. 1957 മാർച്ച് പത്തൊമ്പതിന് കർണാടകത്തിലാണ് കുരങ്ങുപനി ആദ്യമായി റിപ്പോർട്ട് ചെയ്തത്. ക്യാസനൂർ വനമേഖലയിൽ ആദ്യമായി കണ്ടെത്തിയ വൈറസ് എന്നതിനാലാണ് രോഗത്തിന് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് എന്ന പേരു വന്നത്. ആ സമയത്ത് ധാരാളം കുരങ്ങുകളിൽ വൈറസ് കാണപ്പെട്ടിരുന്നു, അങ്ങനെയാണ് പിന്നീട് കുരങ്ങുപനി എന്ന പേര് വരാൻ കാരണം.
ഡെങ്കിവൈറസിന്റെ അതേഗണത്തിൽ പെടുന്ന ഫ്ളാവിവിറിഡേ ആണ് കുരങ്ങുപനിയുടെ കാരണക്കാരൻ. ചെള്ള് കടിക്കുന്നതുവഴിയാണ് ഈ വൈറസ് കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. അതായത് കുരങ്ങുപനി പരത്തുന്നത് ചെള്ളാണ്. വൈറസ് ബാധിച്ച കുരങ്ങ് കടിക്കുകയോ മറ്റോ ചെയ്താൽ വൈറസ് ബാധിക്കാനിടയുണ്ട്. കുരങ്ങുകളെക്കൂടാതെ എലി-അണ്ണാൻ വർഗത്തിൽപ്പെട്ട ജീവികളിലൂടെയും രോഗവ്യാപനം സംഭവിക്കാം. ഡങ്കിപ്പനിയുടേ അതേ സ്വഭാവം തന്നെയാണ് കുരങ്ങുപനിയുടേതും. ലക്ഷണങ്ങളും ഏറെക്കുറെ അതിനു സമാനമാണ്. വനപ്രദേശങ്ങളിൽ ഇടയ്ക്കിടെ പോവുകയും വൈറസ് ബാധിച്ച കുരങ്ങുമായി അടുത്തിടപഴകുകയും ചെയ്തവർക്കാണ് രോഗം വരാൻ സാധ്യതയേറെയുള്ളത്.
പനി, ശരീരവേദന, ഗ്യാസ്ട്രൈറ്റിസ്, ശർദി തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ആദ്യഘട്ടത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ. ചികിത്സ ലഭിക്കാതെ രോഗിയുടെ അവസ്ഥ ഗുരുതരമാകുമ്പോൾ ഡങ്കിപ്പനിക്ക് സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോവുക. പ്ലേറ്റ്ലേറ്റ് കുറയുക, ബി.പി കുറയുക, രക്തസ്രാവം തുടങ്ങിയവ ഗുരുതരാവസ്ഥയിൽ സംഭവിക്കാം. ഡെങ്കിക്ക് സമാനമായി തലച്ചോറിനെ ബാധിച്ചാൽ തലവേദന, കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങൽ, മാനസികാസ്വസ്ഥ്യം തുടങ്ങിയവയും സംഭവിക്കാം. രക്തസ്രാവം തലച്ചോറിൽ നിന്നോ വയറിൽ നിന്നോ ഒക്കെ സംഭവിക്കാം ഒപ്പം മെനിഞ്ചൈറ്റിസ് പോലുള്ള രോഗാവസ്ഥയിലേക്കും എത്താം. ഡെങ്കിപ്പനി ചികിത്സിക്കാതെ ഇരിക്കുമ്പോൾ എന്തെല്ലാമാണോ സംഭവിക്കാൻ സാധ്യതയുള്ളത് അവ തന്നെ ഇവിടെയും ആവർത്തിക്കാം. ഡെങ്കിയിൽ കൊതുകാണ് വൈറസ് പരത്തുന്നത്, ഇവിടെ ചെള്ളാണ് എന്നതാണ് പ്രധാന വ്യത്യാസം.
കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സിച്ചാൽ ഭയപ്പെടേണ്ടാത്ത രോഗമാണ് കുരങ്ങുപനി. പക്ഷേ പലപ്പോഴും തുടക്കത്തിൽ വേണ്ട ടെസ്റ്റുകൾ നടത്തി കുരങ്ങുപനി ആണെന്ന് ഉറപ്പുവരുത്താത്തതിനാൽ പലർക്കും മതിയായ ചികിത്സ ലഭ്യമാകാതിരിക്കുന്നു. വ്യാപന സമയത്താണ് മിക്കയിടങ്ങളിലും ടെസ്റ്റുകൾ നടത്താറുള്ളത്. ആർടിപിസിആർ ടെസ്റ്റ് വഴി രക്തസാമ്പിളുകളെടുത്താണ് രോഗ നിർണയം നടത്തുന്നത്. ഡെങ്കിക്ക് സമാനമായ ചികിത്സ തന്നെയാണ് കുരങ്ങുപനിക്കും കൊടുക്കുന്നത്. രോഗിയെ നിരീക്ഷിച്ച് അതിനനുസരിച്ച ചികിത്സയാണ് നൽകുക. അഡ്മിറ്റ് ചെയ്ത് പനി കുറയ്ക്കാനുള്ള മരുന്ന് നൽകുന്നതിനൊപ്പം ബ്ലഡ് കൗണ്ട് നിരീക്ഷിച്ചു കൊണ്ടിരിക്കും. കൗണ്ട് കുറയുന്നുണ്ടെങ്കിൽ അതിനുള്ള ചികിത്സ നൽകും. രോഗവ്യാപനമുള്ളപ്പോൾ ഫോർമാലിൻ ഇൻആക്റ്റിവേറ്റഡ് വാക്സിൻ എന്നൊരു വാക്സിനും രോഗപ്രതിരോധത്തിനായി നൽകി വരുന്നുണ്ട്.
പകർച്ചാസ്വാഭാവം കോവിഡിലേതു പോലെ വ്യാപകമായി ഉണ്ടാവില്ല. ഒരാളിൽ നിന്ന് മറ്റൊരാൾക്ക് എന്ന രീതിയിൽ പകർച്ചാസാധ്യത വളരെ കുറവാണ്. ആദ്യം കുരങ്ങിൽ അതിൽ നിന്ന് ചെള്ളിലേക്ക്, ചെള്ളിൽ നിന്ന് മനുഷ്യനിലേക്ക് എന്നതാണ് പകർച്ചാരീതി. പക്ഷേ ഒരു സ്ഥലത്ത് ഔട്ട്ബ്രേക് വന്നാൽ പകർച്ചാസാധ്യത കൂടാം. കൊറോണ പോലൊരു വ്യാപനശേഷി കുരങ്ങുപനിക്ക് ഇല്ലെന്നതാണ് വാസ്തവം. കുരങ്ങുപനിയിൽ നിന്ന് വ്യത്യസ്തമാണ് മങ്കിപോക്സിലെ ലക്ഷണങ്ങൾ. എല്ലാ വൈറൽ ഇൻഫെക്ഷനുകളിലും കാണാറുള്ള പനി, തലവേദന, സന്ധിവേദന തുടങ്ങിയവയൊക്കെ സാധാരണമാണ്. ഒപ്പം കഴലവീക്കം, സ്മോൾ പോക്സിന് സമാനമായി ശരീരത്തിൽ കുമിളകൾ പൊങ്ങുന്നത് എന്നിവ ഇവയുടെ പ്രധാന ലക്ഷണമാണ്. വൈറസ് ബാധിച്ച് പതിനാലു ദിവസത്തിനുള്ളിൽ ശരീരത്തിൽ കുമിളകൾ കണ്ടുതുടങ്ങുകയും ചെയ്യും.
മങ്കിപോക്സിന് brincidofovir, pecovirimat എന്നീ മരുന്നുകൾ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതല്ലാതെ വൈറൽ ഇൻഫെക്ഷനു വരുന്ന ചികിത്സ മാത്രമാണ് ഇവിടെയും സ്വീകരിക്കുന്നത്. കുമിളകളിൽ നിന്നെടുക്കുന്ന സ്രവത്തിലൂടെ ആർടിപിസിആർ ടെസ്റ്റിലൂടെയാണ് രോഗനിർണയം നടത്തുന്നത്. കുമിളകളിൽ ഇൻഫെക്ഷൻ ബാധിക്കുകയും അത് രക്തത്തിൽ കലരുകവഴി ശരീരത്തിലെ മറ്റു പലഭാഗങ്ങളെയും ബാധിക്കുന്നത് മങ്കിപോക്സിന്റെ ഗുരുതരാവസ്ഥയിൽ ഒന്നാണ്. ഒപ്പം തലച്ചോറിനെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. മങ്കിപോസിന്റെ മരണസാധ്യത പത്തുശതമാനമാണ്. സ്മോൾ പോക്സിന് നൽകിയിരുന്ന വാക്സിനുകൾ തന്നെയാണ് മങ്കിപോക്സിനും ഫലപ്രദമായി കണ്ടെത്തിയത്. സ്‌മോൾ പോക്‌സ് വാക്‌സിൻ ഈ രോഗത്തിനെതിരെ 85 ശതമാനത്തിലധികം രോഗപ്രതിരോധ ശേഷി നൽകും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ സ്മോൾ പോക്സ്പോ ഉന്മൂലനം ചെയ്തതോടെ വാക്സിൻ ലഭ്യമാകാത്തതാണ് ഈ സാഹചര്യത്തിൽ വെല്ലുവിളി ഉയർത്തുന്നത്.