രാജ്യത്തിന്റെ തന്നെ അഭിമാനസ്തംഭമായി തലയെടുപ്പോടെ രാജ്യതലസ്ഥാനത്ത് ഉയർന്നു നിൽക്കുന്ന സ്മാരകമാണ് കുത്തബ് മിനാർ. ഡൽഹിയുടെ ആകാശത്ത് ഏവരെയും ആകർഷിച്ച് നിന്നിരുന്ന കുത്തബ് മിനാർ ഇന്നലെവരെ വിവാദങ്ങൾക്ക് അപ്പുറം ആഘോഷത്തിന്റെ കേന്ദ്രമായിരുന്നു. എന്നാലിപ്പോൾ വർഗീയതയുടെ വിത്തുകൾ കുത്തബ് മിനാറിന്റെ ചുവട്ടിലും പാകപ്പെട്ടിരിക്കുന്നു.
240 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുത്തബ് മിനാർ 1192-ൽ ഡൽഹിയിലെ ആദ്യത്തെ സുൽത്താനായിരുന്ന കുത്ബുദ്ദീൻ ഐബക്ക് സ്ഥാപിച്ചതാണ്. അഫ്ഗാൻ മിനാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിജയത്തിന്റെ ഗോപുരമായാണ് ലോക പൈതൃക സ്ഥലം നിർമ്മിച്ചത്. ചുവന്നതും ഉറപ്പുള്ളതുമായ മണൽക്കള്ളിൽ സ്മാരകത്തിൽ ആദ്യകാല ഘടനകൾ അടങ്ങിയിരിക്കുന്നു. ഐബക്കിന്റെ മൂന്ന് പിൻഗാമികൾ ഇത് മുകളിലേക്ക് വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. ഇത് ഇപ്പോൾ അഞ്ച് നിലകളുള്ളതും 379 പടികൾ മുകളിലേക്ക് നയിക്കുന്നതുമാണ്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) മുതിർന്ന ഉദ്യോഗസ്ഥനായ ജെ എ പേജ് പറയുന്നത് പ്രകാരം, നിരവധി ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്താണ് ഇവിടെ കുത്തബ് മിനാർ സ്ഥാപിക്കപ്പെട്ടത്. എന്നാൽ 800 വർഷങ്ങൾക്ക് മുൻപ് അന്നത്തെ രാജ്യഭരണ കാലത്ത് നടന്നിരുന്ന ഒരു സംഭവത്തിന്റെ പേരിൽ ഇപ്പോൾ കാണിക്കുന്ന പ്രതിഷേധം എന്തിന് വേണ്ടിയാണെന്നാണ് ചോദ്യമുയരുന്നത്.
ഭൂകമ്പങ്ങൾ ഉൾപ്പെടെ പ്രകൃതിയുടെയും സമയത്തിന്റെയും നാശത്തെ അതിജീവിച്ച കുത്തബ് മിനാറിന് വർഗീയ ശക്തികളെ അതിജീവിക്കാൻ ആകുമോ എന്നാണ് നിലവിലെ ആശങ്ക. അഞ്ച് കമാനങ്ങളും സുൽത്താന്മാരിൽ ഒരാളുടെ ശവകുടീരവും ഉൾപ്പെടുന്ന കെട്ടിടം ഹിന്ദു, മുസ്ലീം രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണ്. എന്നാൽ ഇവ ചരിത്രത്തിലെ കെട്ടകാലത്തിന്റെ സ്മാരകമാകരുതെന്നാണ് മതേതരവാദികൾ അഭിപ്രായപ്പെടുന്നത്.
കുത്തബ് മിനാർ നിർമിച്ച് 800 വർഷങ്ങൾക്ക് ശേഷം, സമുച്ചയത്തിലെ 27 ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന അപേക്ഷയുമായി നിരവധി തീവ്ര ഹിന്ദു സംഘടനകൾ ഇന്ത്യയിലെ കോടതികൾ കയറിയിറങ്ങുകയാണ്. നിരവധി രാജവംശങ്ങളാൽ ഇന്ത്യ ഭരിച്ചിട്ടുണ്ടെന്നും മുൻകാലങ്ങളിൽ ചെയ്ത തെറ്റുകൾ “നമ്മുടെ വർത്തമാനത്തിന്റെയും ഭാവിയുടെയും സമാധാനം തകർക്കുന്നതിനുള്ള അടിത്തറയാകാൻ കഴിയില്ല” എന്ന് പറഞ്ഞുകൊണ്ട് നവംബറിൽ ഒരു സിവിൽ കോടതി ഹർജി തള്ളിയിരുന്നു.
എന്നാൽ, ഇപ്പോൾ ഹരജിക്കാരൻ ഈ തീരുമാനത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. “പള്ളിക്ക് വളരെ മുമ്പ് ഒരു ക്ഷേത്രം നിലനിന്നിരുന്നപ്പോൾ, എന്തുകൊണ്ട് അത് പുനഃസ്ഥാപിച്ചുകൂടാ?” ഹിന്ദു ദേവതകൾ ഇപ്പോഴും സമുച്ചയത്തിൽ ഉണ്ടെന്നാണ് ഇവരുടെ അവകാശ വാദം.
ഫെഡറൽ നിയമപ്രകാരം സംരക്ഷിത സ്മാരകമായ സമുച്ചയത്തിന്റെ നിലയെക്കുറിച്ച് പുരാവസ്തു ഗവേഷകർക്ക് വ്യക്തമാണ്. അതിന്റെ സ്വഭാവം മാറ്റാനാവാത്തതാണെന്ന് അവർ പറയുന്നു. എന്നാൽ വാരണാസിയിലെയും മഥുരയിലെയും മസ്ജിദുകൾ മാറ്റി ക്ഷേത്രം നിർമിക്കണമെന്ന ആവശ്യത്തോടൊപ്പം ഇത് കൂടി കൂട്ടികെട്ടിയാണ് തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ പ്രചാരണം. ഇതിനെതിരെ മുസ്‌ലിം സംഘടനകൾ കൂടി രംഗത്ത് വരുന്നതോടെ പ്രശ്നം കൂടുതൽ തർക്കത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുന്ന അവസ്ഥയിലേക്ക് ഇവയെല്ലാം നയിക്കും. ഒളിഞ്ഞും മറഞ്ഞും സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിടുന്നവർക്ക് ഇത് വളമിടുകയാണ്.
“ഏറ്റവും വലിയ മതചിഹ്നങ്ങളെ നശിപ്പിച്ച് തന്റെ രാഷ്ട്രീയ അധികാരത്തെയും സാമ്രാജ്യത്വ ശക്തിയെയും മുദ്രകുത്താൻ എല്ലാ ഭരണാധികാരികളും ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രാധാന്യമുള്ളവ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്” ചരിത്രകാരനായ റാണ സാഫ്വി പറയുന്നു. എന്നാൽ അത് രാജ്യഭരണ കാലം. അക്കാലമെല്ലാം പോയ്മറഞ്ഞ് ജനാധിപത്യം സ്ഥാപിക്കപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് നടന്ന ഇത്തരം യുദ്ധങ്ങളുടെയും അതിക്രമങ്ങളുടെയും കണക്കുകൾ നിരത്തി തകർക്കേണ്ടതല്ല, നമ്മുടെ വർത്തമാനവും ഭാവിയും.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളിൽ പറയുന്നത് പോലെ, 7 കോടി ജനങ്ങളുള്ള രാജ്യം യുദ്ധവിമാനമുണ്ടാക്കി 100 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യക്ക് വിൽക്കുന്നു, നമ്മളിപ്പോഴും മസ്ജിദുകൾക്ക് താഴെ വിഗ്രഹമുണ്ടോ എന്നും പരിശോധിച്ച് നടക്കുകയാണ്. മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി നാം ലോകത്തിന്റെ നേട്ടങ്ങൾക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ട്.