പ്രാദേശിക ഭാഷകള്‍ ഇന്ത്യയുടെ ആത്മാവാണെന്നും എല്ലാ ഭാഷകളെയും ബിജെപി പിന്തുണയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജയ്പൂരില്‍ നടന്ന യോഗത്തില്‍ ബിജെപി നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഹിന്ദി അനുകൂല പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് പ്രാദേശിക ഭാഷകളെ ബിജെപി അംഗീകരിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന.
ദേശീയ വിദ്യാഭ്യാസ നയത്തിലും എല്ലാ പ്രാദേശിക ഭാഷകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്, ഭാഷകളുടെ അടിസ്ഥാനത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് .ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി രാജ്യത്ത് വിഷം കുത്തിവെക്കുകയാണ്. ചെറിയ സംഭവങ്ങള്‍ പോലും ഇതിനായി ഉപയോഗപ്പെടുത്തുന്നു എന്ന് മോദി വ്യക്തമാക്കി. രാജ്യത്തിന്റെ വികസന പ്രശ്നങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രധാനമന്ത്രി ബിജെപി ഭാരവാഹികളോട് നിര്‍ദ്ദേശിച്ചു. എല്ലാ പ്രാദേശിക ഭാഷകളിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ബിജെപി കാണുന്നതെന്നും അവയെ ബഹുമാനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
















