നാല്പത് വർഷത്തിനിടെ തുടർഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവർഷം മേയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങ് തൊട്ട് തുടങ്ങിയ വിവാദങ്ങൾ സിൽവർലൈൻ കല്ലിടലിൽ വന്നു നിൽക്കുന്ന സർക്കാരിന്റെ ആദ്യ പരീക്ഷണമാവുകയാണ് വരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. ഈ പരീക്ഷ വിജയിച്ച് നിയമസഭയിലെ അംഗസംഖ്യ നൂറിലേക്കുയർത്താനുള്ള കഠിനാദ്ധ്വാനത്തിലാണ് എൽ.ഡി.എഫ്. സിറ്റിംഗ് സീറ്റായ തൃക്കാക്കര നില നിറുത്താനുള്ള അഭിമാന പോരാട്ടത്തിൽ യു.ഡി.എഫും.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടൻ പൊട്ടിപ്പുറപ്പെട്ടതായിരുന്നു വയനാട്ടിലെ മുട്ടിൽ മരം മുറിക്കേസ്. ഒന്നാം പിണറായി ഭരണകാലത്തെ റവന്യു വകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായി സംരക്ഷിത മരങ്ങൾ മുറിച്ചു മാറ്റിയെന്ന കേസ് പ്രതിപക്ഷം ആയുധമാക്കി. എന്നാൽ, ആരോപണങ്ങളെ ഗൗനിക്കാതിരിക്കുകയെന്ന തന്ത്രമാണ് സർക്കാർ പയറ്റിയത്. പൊലീസിന്റെ വീഴ്ചകളാണ് ഒന്നാം പിണറായി ഭരണകാലത്ത് ഏറെ പഴി കേൾപ്പിച്ചതെങ്കിൽ, തുടർ ഭരണത്തിൽ വില്ലനായത് ക്രമസമാധാനപാലനത്തിലെ വീഴ്ചകളാണ്.
ഗുണ്ടാ ആക്രമണങ്ങളും വർഗീയസ്വഭാവമുള്ള കൊലപാതകപരമ്പരകളുമെല്ലാം സർക്കാരിന്റെ ഉറക്കം കെടുത്തി. കണ്ണൂർ സർവകലാശാലാ വി.സിയുടെ പുനർനിയമനത്തിലടക്കം ഗവർണറും സർക്കാരും കൊമ്പുകോർത്തു. രാജ്ഭവനിലെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഒളിയമ്പിൽ മുറിവേറ്റ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ചത് സർക്കാരിനെ മുൾമുനയിലാക്കി. മുല്ലപ്പെരിയാറിൽ മരംമുറിക്ക് തമിഴ്നാടിന് കേരളം അനുമതി നൽകിയെന്ന വിവാദവും കത്തിക്കയറി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓർഡിനൻസിനെതിരെ സി.പി.ഐ നേർക്കുനേർ വന്നത് സർക്കാരിന് വെല്ലുവിളിയായി.
കണ്ണൂർ വി.സി പുനർനിയമന വിവാദത്തിലും സി.പി.ഐയിൽ നിന്ന് ഭിന്നസ്വരമുയർന്നു. സിൽവർലൈനിനായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ സർക്കാരിനെ വല്ലാതെ വലച്ചു. മുന്നണി ഒറ്റക്കെട്ടായാണ് പദ്ധതിക്കായി പ്രതിരോധം ചമച്ചതെങ്കിലും, പ്രതിഷേധങ്ങളെച്ചൊല്ലി പാർട്ടികൾക്കകത്ത് ആശങ്കകളുയർന്നു. ഒടുവിൽ, തർക്കസ്ഥലങ്ങളിലെ കല്ലിടലിൽ നിന്ന് സർക്കാരിന് പിന്മാറേണ്ടി വന്നു.
കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സിയിലും ഭരണാനുകൂല ട്രേഡ് യൂണിയനുകൾ മാനേജ്മെന്റുമായി കൊമ്പുകോർത്തതായിരുന്നു മറ്റൊരു തലവേദന. കെ.എസ്.ആർ.ടി.സിയിലെ ശമ്പളമില്ലാ മുറവിളിയും സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ നിറം കെടുത്തി. ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലും ഒന്നാം വാർഷികത്തിന് പതിനേഴായിരത്തിൽപ്പരം കോടിയുടെ 1557 നൂറുദിന കർമ്മപരിപാടികളുമായി മുന്നോട്ടാണ് സർക്കാർ. ലൈഫ്ഭവന പദ്ധതിയും പട്ടയ വിതരണവുമെല്ലാം നേട്ടമായി ഉയർത്തിക്കാട്ടുന്നു. അതിദരിദ്രരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് പുറമേ, വിജ്ഞാനാധിഷ്ഠിത തൊഴിൽ പോർട്ടലിൽ ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് വേദിയൊരുക്കുന്ന ദൗത്യവും പൂർത്തിയാക്കി.
ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയത് മറ്റൊരു നേട്ടം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ പ്രതിപക്ഷത്തിന്റെ ആദ്യവർഷവും ഉൾപ്പാർട്ടി പോരിൽ സമ്പന്നമായി. നിയമസഭയിൽ സർക്കാരിന് ശക്തമായ വെല്ലുവിളി ഉയർത്തുമ്പോഴും, പുറത്ത് പ്രതിഷേധങ്ങൾക്ക് സംഘടിത നേതൃത്വത്തിന്റെ അഭാവം നിഴലിച്ചു. എന്നാൽ, സിൽവർലൈനിൽ ജനകീയ പ്രതിഷേധത്തിന്റെ നായകത്വമേറ്റെടുക്കുന്നതിൽ പ്രതിപക്ഷം വിജയം കണ്ടു.
സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി. സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത മാസം രണ്ടാം തിയതിയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം. രാജ്യമെങ്ങും കൊവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുമ്പോഴും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ആശങ്കകളായിരുന്നു സര്‍ക്കാരിന് മുന്നില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു. എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ ജയിക്കാനായാല്‍ സില്‍വര്‍ലൈന് വേഗം കൂടും. ഈ പ്രതീക്ഷയില്‍ കരയില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രിയും മറ്റ് ഇടത് ജനപ്രതിനിധികളും.