1991 മേയ് 21-ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.
1991 ജൂണ്‍ 11-ന് പേരറിവാളന്റെ അറസ്റ്റ്.
1998-ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.
1999-ല്‍ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു.
വധശിക്ഷ ഇളവുചെയ്യുന്നതിന് ദയാഹര്‍ജി നല്‍കി 2011-വരെ കാത്തിരുന്നു. ദയാഹര്‍ജി രാഷ്ട്രപതി തള്ളി.
2014-ല്‍ ദയാഹര്‍ജി പരിഗണിക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു.
ജീവപര്യന്തതടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് 2014-ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. സുപ്രീംകോടതി ഇത് തടഞ്ഞു.
ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി
2018-ല്‍ പേരറിവാളനെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്തു. രണ്ടരവര്‍ഷത്തോളം കാത്തിരുന്നശേഷം ദയാഹര്‍ജി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ഇത് ചോദ്യംചെയ്ത് വീണ്ടും സുപ്രീംകോടതിയിലേക്ക്, ശേഷം മോചനം.
രണ്ടു ബാറ്ററികള്‍മൂലം മൂന്നു പതിറ്റാണ്ടിലധികം ഇരുട്ടിലായ ജീവിതമാണ് പേരറിവാളന്റേത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ അറസ്റ്റിലാവുമ്പോള്‍ 19 വയസ്സ് മാത്രമായിരുന്നു പേരറിവാളന്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമിക്കുകയായിരുന്നു. പൊടുന്നനെയാണ് പേരറിവാളന്റെ ജീവിതം മാറിമറയുന്നത്. 1991 മേയ് 21-നാണ് ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇതേവര്‍ഷം ജൂണ്‍ 11-ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍വെച്ച് സി.ബി.ഐ. പേരറിവാളനെ കസ്റ്റഡിയിലെടുത്തു. ഒരു ദിവസത്തിനകം വിട്ടയയ്ക്കാമെന്ന് മാതാപിതാക്കളെ അറിയിച്ചുവെങ്കിലും അത് മൂന്നു പതിറ്റാണ്ടിലധികം നീണ്ട കാരാഗൃഹവാസമായി.
രാജീവ് ഗാന്ധിയെ വധിക്കാനായി ഉപയോഗിച്ച ബെല്‍റ്റ് ബോംബിനായി ഒമ്പതു വാട്ടിന്റെ രണ്ടു ബാറ്ററികള്‍ വാങ്ങിക്കൊടുത്തുവെന്നാണ് പേരറിവാളന്റെ പേരിലുള്ള കുറ്റം. കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ശിവരശന് ബോംബ് നിര്‍മിക്കാനായി ബാറ്ററികള്‍ നല്‍കിയെന്നാണ് സിബി.ഐ. കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയത്. തടവറയില്‍ നീതിക്കുവേണ്ടി പേരറിവാളന്‍ പോരാടുമ്പോള്‍ പുറത്ത് അമ്മ അര്‍പുതാമ്മാള്‍ മകനെ മോചിപ്പിക്കാന്‍ നാടുചുറ്റുകയായിരുന്നു. 31 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പേരറിവാളന്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നത്.
പേരറിവാളന്‍ നിരപരാധിയാണെന്നു നേരത്തെ വ്യക്തമായിരുന്നു. ഇതു വെളിപ്പെടുത്തിയതാകട്ടെ സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജനും. 2017-ലാണ് ത്യാഗരാജന്‍ പശ്ചാത്താപത്തോടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അത് പേരറിവാളന്റെ മോചനത്തിലേക്ക് പതുക്കെ വഴിവെച്ചു. എന്ത് ആവശ്യത്തിനാണെന്നറിയാതെയാണ് താന്‍ ബാറ്ററികള്‍ വാങ്ങിക്കൊടുത്തതെന്ന് പേരറിവാളന്‍ അന്നു പറഞ്ഞിരുന്നുവെന്നും എന്നാല്‍ മൊഴി രേഖകളില്‍ നിന്ന് ഒഴിവാക്കിയെന്നുമായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തല്‍. പേരറിവാളന്‍ ശിക്ഷിക്കപ്പെട്ട് 22 വര്‍ഷത്തിനു ശേഷമാണ് കുറ്റബോധംകൊണ്ട് ത്യാഗരാജന്‍ തുറന്നുപറച്ചില്‍ നടത്തിയത്. ഈ സംഭവത്തോടെ തമിഴ്നാട്ടിലുടനീളം പേരറിവാളന് അനുകൂലമായ ജനവികാരമുണ്ടായി.
ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്ന പേരറിവാളനെ മോചിതനാക്കാനുള്ള ആവശ്യം ഇതോടെ ശക്തിപ്പെട്ടു. കേസിലെ ഏഴു പ്രതികളുടെയും മോചനമാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരും ശക്തമായി രംഗത്തെത്തി. ഈ ആവശ്യം മുന്‍നിര്‍ത്തി മന്ത്രിസഭയില്‍ പ്രമേയം പാസാക്കി ഗവര്‍ണര്‍ക്ക് കൈമാറി. പക്ഷേ മാറിമാറി വന്ന ഗവര്‍ണര്‍മാര്‍ ഇത് വലിച്ചുനീട്ടിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജയിലിലെ നല്ല നടപ്പും പേരറിവാളന്റെ മോചനത്തിന് ഗുണം ചെയ്തു. 2012-ല്‍ പ്ലസ്ടു പരീക്ഷയില്‍ 91.33 ശതമാനം മാര്‍ക്ക് നേടി തടവുപുള്ളികള്‍ക്കിടയില്‍ റെക്കോഡ് വിജയം നേടിയ പേരറിവാളന്‍ ഇഗ്‌നോയുടെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട് ഓപ്പണ്‍ സര്‍വകലാശാലയുടെ ഡിപ്ലോമ കോഴ്‌സ് സ്വര്‍ണ മെഡലോടെ പാസായി. വൃക്കരോഗംപോലും വകവെക്കാതെ പുസ്തകമെഴുതി. ജയിലറയ്ക്ക് ഇരുണ്ടനിറം മാത്രമല്ല, അവിടെനിന്ന് വെളിച്ചം പരത്താനുമാകുമെന്നുകൂടി തെളിയിച്ചുകൊണ്ടാണ് പേരറിവാളന്‍ പുതിയ ജീവിതത്തിലേക്കു ചുവടുവെക്കുന്നത്.