മസ്കത്ത്: ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം ഒമാനെ ബാധിക്കില്ലെന്നും ഈ വർഷത്തേക്ക് ആവശ്യമായവ സംഭരിച്ചിട്ടുണ്ടെന്നും ഒമാൻ ഫ്ലോർമിൽസ് കമ്പനി സി.ഇ.ഒ ഹൈതം മുഹമ്മദ് അൽ ഫന്ന പറഞ്ഞു.
ഇന്ത്യയിൽനിന്ന് രണ്ട് കപ്പൽ എത്തിയിട്ടുണ്ട് മൂന്നാമത്തേത് ഉടൻവരും. ഇതിന് പുറമെ ആസ്ട്രേലിയയിൽനിന്ന് സ്ഥിരമായി വരുന്നുണ്ട്. ഈ വർഷം അവസാനംവരെ ഇത് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു ശേഷമാണ് ഒമാൻ ഇന്ത്യയിൽനിന്നുള്ള ഗോതമ്പ് ഇറക്കുമതി വർധിപ്പിച്ചത്. അതേസമയം, വിദേശ വിൽപന നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിപണിയിൽ ഗോതമ്പിെൻറ വിലവർധനവിന് ഇടയാക്കി. തിങ്കളാഴ്ച ആഗോള വിപണിയിൽ ആറ് ശതമാനം വർധന ഉണ്ടായി.
ഇന്ത്യയിൽ എട്ടുവർഷത്തിനിടയിലെ രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിക്ക് നിേരാധനം ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് ( ഡി.ജി.എഫ്.ടി ) വെള്ളിയാഴ്ച ഉത്തരവിറക്കി.
രാജ്യത്തെ മൊത്ത ഭക്ഷ്യ സുരക്ഷ കണക്കിലെടുത്തും അയൽപക്കത്തെയും ദുർബലരാജ്യങ്ങളുടെയും ആവശ്യം പരിഗണിക്കുന്നതിനുമാണ് നടപടി. ഉത്തരവിറങ്ങുന്നതുവരെ അനുമതി നൽകിയ കയറ്റുമതി തുടരും. ഇതിെൻറ അടിസ്ഥാനത്തിലാണ് സുൽത്താനേറ്റിലേക്കു ചരക്കു എത്തുന്നത്.