തിരൂർ: റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് മോഷ്ടിക്കപ്പെട്ട യാത്രക്കാരിയുടെ മൊബൈൽ ഫോണും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വിലപ്പെട്ട സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്രക്കാരിയായ അധ്യാപിക തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് റെയിൽവെ സ്റ്റേഷനിലെയും സമീപ ഷോപ്പുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പ്രതി ബാഗ് മോഷ്ടിച്ച് കടന്നു കളയുന്നത് ശ്രദ്ധയിൽപ്പെട്ടു. അന്വേഷണത്തിൽ വണ്ടിപ്പേട്ടക്ക് സമീപത്തെ നിർമാണം പൂർത്തിയാകാത്ത ബിൽഡിങ്ങിന്റെ മൂന്നാം നിലയിൽനിന്ന് ബാഗ് കണ്ടെടുക്കുകയായിരുന്നു. സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് അധ്യാപികക്ക് പൊലീസ് കൈമാറി. പ്രതിയെ തിരിച്ചറിഞ്ഞതായും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
തിരൂർ സി.ഐ ജിജോയുടെ നിർദേശപ്രകാരം എസ്.ഐ അബ്ദുൽ ജലീൽ കറുത്തേടത്ത്, പി.ഡി. ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. ഷിജിത്ത്, ധനേഷ്, വിജീഷ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.