പട്ടിക്കാട് : മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത നിർമാണത്തിനു വേണ്ടി കരാർ കമ്പനി ചെലവഴിച്ച തുകയിലെ മൂന്നിലൊന്നും തിരികെ ലഭിച്ചതായി വിവരാവകാശ രേഖ. ഗ്രാൻഡ് ഇനത്തിൽ 243.99 കോടി രൂപയും ഒത്തുതീർപ്പു കരാർ പ്രകാരം 247.19 രൂപയും കരാർ കമ്പനിയായ തൃശൂർ എക്സ്പ്രസ് വേയ്ക്കു ടോൾ പിരിവിനു മുൻപേ ലഭിച്ചു. ആകെ പദ്ധതി ചെലവ് 1553.61 കോടി രൂപയാണ്. ഇതിൽ 491.18 കോടി രൂപ ദേശീയപാത അതോറിറ്റി തിരികെ നൽകി കഴിഞ്ഞു. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിനു ലഭിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടൊപ്പം റോഡ് പണിയുമായി ബന്ധപ്പെട്ട് പാറകളും മണ്ണും വിറ്റതിന്റെയും ലാഭവിഹിതമായി കോടിക്കണക്കിനു രൂപ കരാർ കമ്പനിക്കു ലഭിച്ചിട്ടുണ്ട്.
കരാർ ലംഘനം നടത്തിയതായി കാണിച്ചു കമ്പനിക്കെതിരെ 2014–ൽ ദേശീയപാത അതോറിറ്റി ടെർമിനേഷൻ നോട്ടിസ് നൽകിയിരുന്നു. 30 മാസം കൊണ്ട് തീർക്കേണ്ട ദേശീയപാതയുടെ പണി 12 വർഷം വൈകിപ്പിച്ചതിനായിരുന്നു ഇത്. എന്നാൽ കരാർ കമ്പനി ആർബിറ്ററേഷൻ കോടതിയിൽ ദേശീയപാത അതോറിറ്റിക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും തുടർന്നു അതോറ്റിറ്റിയുമായി ഒത്തുതീർപ്പിലാകുകയും ചെയ്തു.
ഒത്തുതീർപ്പു വ്യവസ്ഥ പ്രകാരം കരാർ കമ്പനിക്കു ദേശീയപാത 247.19 കോടി രൂപ നൽകിയതായും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുതിരാൻ തുരങ്ക പാത ഉൾപ്പെട്ടതു കാരണം മറ്റു ടോൾ പിരിവ് കേന്ദ്രങ്ങളേക്കാൾ വൻതുകയാണു പന്നിയങ്കരയിലെ ടോൾ പ്ലാസയിൽ ഈടാക്കുന്നത്. തുരങ്കത്തിന്റെ പണിക്ക് 230.77 കോടി രൂപ മാത്രമാണു ചെലവ്. ടോൾ പിരിവിലൂടെ അഞ്ചിരട്ടിയെങ്കിലും കമ്പനിക്കു ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്.