കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്പിൽ ജിബിൻ (21), മാവേലിനഗറിൽ വലിയതടത്തിൽ മെൽബിൻ (26), ഓണംതുരുത്ത് കദളിമറ്റം തലയ്ക്കൽ അഭിജിത്ത് (22) എന്നിവരാണ് പിടിയിലായത്.
രണ്ടിന് രാത്രി കോതനല്ലൂർ ട്രാൻസ്‌ഫോർമർ ജങ്ഷന് സമീപമായിരുന്നു സംഭവം. കോതനല്ലൂർ പട്ടമന വീട്ടിൽ തങ്കച്ചനാണ് (മാത്യു -53) കുത്തേറ്റത്. ഇല്ലിക്കൽകല്ലിലെ റിസോർട്ടിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് മൂവരെയും പിടികൂടിയത്. പ്രതികളുടെ മുറിയിൽനിന്ന് ഒരു എയർപിസ്റ്റളും പൊലീസിന് ലഭിച്ചു. റോഡിൽനിന്നും മാത്യു തെൻറ വീട്ടിലേക്ക് ഓട്ടോ കയറ്റുന്നതിനിടെ എതിരെ സ്‌കൂട്ടറിലെത്തിയ പ്രതികളുമായുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളുടെ ഫോൺ കുറച്ചുസമയം ഓണാവുകയും പെട്ടെന്ന് സ്വിച്ഡ് ഓഫാവുകയും ചെയ്തതായി കണ്ടെത്തിയതോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്തിയത്. പ്രതികളെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. തെളിവെടുപ്പ് നടത്തി. കത്തിയും കുത്തിയ ശേഷം പ്രതികൾ കടന്ന സ്‌കൂട്ടറും കണ്ടെത്തിയിട്ടില്ല.
കടുത്തുരുത്തി എസ്.എച്ച്.ഒ രഞ്ജിത്ത് വിശ്വനാഥ്, പ്രിൻസിപ്പൽ എസ്.ഐ വിപിൻ ചന്ദ്രൻ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ റെജിമോൻ, സി.പി.ഒമാരായ ജിനുമോൻ, എ.കെ. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.