1871 ”മാർച്ച് 18 വിവ് ലാ കമ്മ്യൂണിൻ്റെ ഇടിമുഴക്കത്തിൽ പാരീസ് ഉയർന്നു…” എന്നാണ് ലോകത്തിലെ ആദ്യതൊഴിലാളി വർഗ ഭരണകൂടമായിരുന്ന പാരീസ് കമ്മ്യൂണിനെപ്പറ്റി സാക്ഷാൽ കാൾ ഹെൻ്റിച്ച് മാർക്സ് എന്ന കാൾ മാർക്സ് എഴുതിയത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ജര്‍മന്‍ പതിപ്പിൻ്റെ ആമുഖത്തിൽ 1872 ജൂണ്‍ 24ന് മാര്‍ക്‌സും ഫെഡറിക് ഏംഗല്‍സും ഇങ്ങനെ കുറിച്ചു ‘പാരീസ് കമ്മ്യൂണ്‍ തെളിയിച്ചത് മുമ്പുള്ളവര്‍ ഉണ്ടാക്കിയ ഭരണകൂടത്തെ കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി അതേപടി ഉപയോഗിക്കാന്‍ തൊഴിലാളി വര്‍ഗത്തിന് സാധ്യമല്ല”. മാർക്സിൻ്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ സ്വർഗവാതിലുകൾ തളളിത്തുറന്ന സമയം അതായിരുന്നു മാർച്ച് 18 ലെ പ്രഭാതം.
ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടമായിരുന്നു പാരീസ് കമ്മ്യൂൺ. വെറും 72 ദിവസങ്ങൾ മാത്രം നീണ്ടു നിന്ന ജനകീയ ജനാധിപത്യ ഭരണം. 1871 മാര്‍ച്ച് 18ന് ഫ്രാസിസിൻ്റെ തലസ്ഥാനമായ പാരീസിലെ ബൂര്‍ഷ്വാഭരണകൂടത്തെ ആട്ടിപ്പായിച്ച് പതിനായിരക്കണക്കിനു തൊഴിലാളികള്‍ അധികാരം പിടിച്ചെടുത്തു. വരാനിരിക്കുന്ന വിപ്ലവങ്ങൾക്കൊരു മാർഗദർശിയായിരുന്നു ആഭരണം. അവസാനം ചെന്നെത്തിയത് തൊഴിലാളികളുടെ കൂട്ടക്കുരുതിയിലേക്കാണെങ്കിലും ലോകം അന്ന് വരെ കാണാത്ത ഒരു ഭരണക്രമത്തിൻ്റെ വിളംബരമായി പാരീസ് കമ്മ്യൂൺ മാറി. ഇരുപതിനായിരത്തിലധികം പാരീസ് കമ്മ്യൂണുകളുടെ രക്തം കൊണ്ട് ചരിത്രത്തെ ചുവപ്പിച്ച ആ മഹാ വിപ്ലവത്തിൻ്റെ നൂറ്റി അമ്പത്തിമൂന്നാം വാർഷിക ദിനമാണിന്ന്.
19871 മാർച്ച് 18 ന് വിപ്ലവം ത്തരംഭിച്ച് പിറ്റേ ദിവസം ഉച്ചയോടെ പാരീസ് നഗരവും സമീപ പ്രദേശങ്ങളും തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ജനകീയ സേനയുടെ നിയന്ത്രണത്തിലായി. പാരീസിന്റെ തെരുവോരങ്ങളിലും സർക്കാർ ഓഫീസുകളിലും ചെങ്കൊടി പാറി. ജനകീയവേനയുടെ കേന്ദ്രസമിതി സ്വയംഭരണാധികാരം ഏറ്റെടുക്കുന്നതിനുപകരം ഒരാഴ്ചയ്ക്കകം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതിൽ 15 പേർ കാൾ മാർക്സിന്റെയും ഏംഗൽസിന്റെയും നേതൃത്വത്തിലുള്ള തൊഴിലാളിവർഗത്തിന്റെ ഒന്നാം ഇന്റർനാഷണലിന്റെ മുന്നണിപ്പോരാളികളായിരുന്നു. സ്വതന്ത്ര വിപ്ലവകാരികളെന്നു പ്രഖ്യാപിച്ച 25 പേരും ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായി. 33 പേരായിരുന്നു അതിൽ തൊഴിലാളികളായി ഉണ്ടായിരുന്നു. ഒന്നുകൂടി വിശദമാക്കി പറഞ്ഞാൽ സ്ത്രീപക്ഷവാദികൾ, മാധ്യമ പ്രവർത്തകർ, കവികൾ, സർക്കാർ ഉദ്യോഗസ്ഥർ, ചിത്രകാരന്മാർ വ്യവസായികൾ എന്നിവരടങ്ങിയ ജനകീയ സമിതിയായിരുന്നു ഇത്. അവരായിരുന്നു തൊഴിലാളി വർഗ്ഗത്തിന് വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആകെയുള്ള 85 സീറ്റിൽ 64 സീറ്റിലും വിജയം തൊഴിലാളി വർഗത്തിനായിരുന്നു. തുടർന്ന് പാരീസ് കമ്മ്യൂൺ എന്ന പേരിലുള്ള ഭരണകൂടം മാർച്ച് 28ന് ചുമതലയേറ്റു. തുടർന്ന് 1871 മേയ് 28 വരെ 72 ദിവസം കമ്മ്യൂൺ അധികാരത്തിലിരുന്നു. കൂലി ഏകീകരണം, ഭരണം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പൂർണമായും മതനിരപേക്ഷത, തൊഴിൽശാലകൾ തൊഴിലാളികളുടെ സഹകരണസംഘങ്ങൾ തുടങ്ങി അടിസ്ഥാനപരമായ ഒട്ടേറെ പരിഷ്കാരങ്ങൾ ഇക്കാലയളവിനുള്ളിൽ കമ്മ്യൂൺ പ്രാവർത്തികമാക്കി.
ജനകീയ ജനാധിപത്യ പുതിയ സാധ്യതകൾക്ക് പാരീസ് കമ്മ്യൂൺ വഴിതുറന്നു. മുതലാളിത്ത ഭരണവും ജനകീയജനാധിപത്യവും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പാരീസ് കമ്മ്യൂൺ ലോക ജനതയ്ക്ക് കാണിച്ചു കൊടുത്തു.ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള യുദ്ധത്തിൽ രാജ്യം നേരിട്ട പരാജയത്തെ തുടർന്ന് പ്രതിസന്ധിയിയ ജനതയ്ക്ക് പാരീസ് കമ്മ്യൂൺ പ്രത്യേക ഇളവുകൾ അനുവദിച്ചു. ആറു മാസത്തെ വീട്ടുവാടക ഒഴിവാക്കി. ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിന് പരിധി നിശ്ചയിക്കപ്പെട്ടു. മതനിരപേക്ഷ വിദ്യാഭ്യാസത്തിന് രാജ്യത്ത് ആദ്യമായി പ്രചാരം നൽകി. ബാലവേലയും രാത്രികാലങ്ങളിലെ അധികജോലിയും കർശനമായി നിരോധിക്കപ്പെട്ടു. സ്വകാര്യ പണമിടപാടുകളിലെ സാമ്പത്തിക ചൂഷണങ്ങൾക്ക് പാരീസ് കമ്മ്യൂൺ അറുതി വരുത്തി. നഗരത്തിലാകെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടു. അനാഥക്കുഞ്ഞുങ്ങൾക്ക് സംരക്ഷണവും കുട്ടികൾക്ക് നഴ്സറിയും സ്ഥാപിക്കപ്പെട്ടു. ഭരണകേന്ദ്രങ്ങളിൽ വായ്പ വെച്ച ഉരുപ്പടികൾ വിൽക്കുന്നത് തടഞ്ഞു. ശിരഛേദത്തിന് ഉപയോഗിച്ചിരുന്ന ആയുധമായ ഗില്ലറ്റിൻ വ്യാപകമായി തീ വെച്ച് നശിപ്പിക്കപ്പെട്ടു.
തുടർന്ന് ഫ്രാൻസിലെയും ജർമ്മനിയിലെയും മുതലാളിത്ത വിഭാഗം സംയുക്തമായി കമ്മ്യൂണിനെതിരെ ഒന്നിച്ചു. ഫ്രാൻസിലെ തീയേർ ഭരണവും പ്രഷ്യയിലെ (ജർമ്മനി) ബിസ്മാർക്ക് ഭരണവും യോജിച്ചു. 1871 മെയ് 21ന് സംയുക്ത സൈന്യം കമ്മ്യൂണിനെ ആക്രമിച്ചു. മെയ് 28 വരെ നീണ്ടുനിന്ന കടുത്ത പോരാട്ടം ചരിത്രത്തിലെ ഏറ്റവും വലിയ നരനായാട്ടുകൾക്ക് സാക്ഷ്യം വഹിച്ചു. അന്ന് ലഭ്യമായതിൽവച്ച് ഏറ്റവും മികച്ച ആയുധങ്ങളും സൈനിക ശക്തിയും തൊഴിലാളികൾക്ക് മേലുള്ള ആധിപത്യം സ്ഥാപിക്കാൻ അവർക്ക് തുണയായി. പ്രതിരോധിക്കാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കുട്ടക്കുരുതി നടത്തി അവർ മുന്നേറി. ഒടുവിൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ചോരയിൽ മുങ്ങി പാരീസ് കമ്മ്യൂൺ തകർന്നു.
ബൂർഷ്വാ മുതലാളിത്തത്തെ തുരത്തി അധികാരം കൈയിലെടുത്ത വിപ്ലവകാരികളെ കാള്‍ മാര്‍ക്‌സ് വിശേഷിപ്പിച്ചത് ‘സ്വര്‍ഗ കവാടങ്ങള്‍ തള്ളിത്തുറന്നവര്‍’ എന്നാണ്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ഭരണകൂടമായിരുന്നു പാരീസ് കമ്യൂണ്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. കമ്മ്യൂണ്‍ തകരാനിടയാക്കിയ വിപ്ലവ ഭരണകൂടത്തിന്റെ അബദ്ധങ്ങളെയും പരിമിതികളെയും തെറ്റുകളെയും അദ്ദേഹം സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഇനി വരുന്ന വിപ്ലവ സര്‍ക്കാറുകള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. മർദ്ദിത വർഗത്തിൻ്റെ പൊൻകിനാവായി മാറിയ പാരീസ് കമ്മ്യൂൺ നാളിന്ന് വരെ നടന്ന വിപ്ലവങ്ങൾക്കെല്ലാം വഴിവിളക്കായി ഒന്നര നൂറ്റാണ്ടുകൾക്ക് ശേഷവും തലയുയർത്തി നിൽക്കുന്നു.
Read more:
- കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം |Pannyan Raveendran
- ഭക്ഷണകാര്യം ചോദിച്ചപ്പോൾ ചങ്കിൽ തട്ടുന്ന മറുപടി പറഞ്ഞ് പന്ന്യൻ രവീന്ദ്രൻ |Pannyan Raveendran
- കർണാടകയിൽ കരാറുകാരനെ ആക്രമിച്ച കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ