നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രു സൈമൺസിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 1990കളുടെ അവസാനത്തോടെ രാജ്യാന്തര ക്രിക്കറ്റിലെത്തിയെങ്കിലും 2000 മുതലുള്ള 9 വർഷമായിരുന്നു സൈമൺസിന്റെ പുഷ്ക്കരകാലം. 2012ലെ വിടവാങ്ങൽ പ്രഖ്യാപനം വരെ സൈമൺസ് ക്രിക്കറ്റ് ലോകം അടക്കിവാണു. വെടിക്കെട്ട് ബാറ്റ്സ്മാൻ, ഓഫ് ബ്രേക്ക് ബൗളർ, എക്കാലത്തെയും മികച്ച ഫീൽഡർ: ആൻഡ്രൂ റോയ് സൈമണ്ട്സിനെ ഇതിഹാസമെന്ന് വിളിക്കാൻ ഇതിൽ കൂടുതൽ വിശേഷണങ്ങളൊന്നും ആവശ്യമില്ല. ശരിക്കും ഒരു ഇതിഹാസം തന്നെയായിരുന്നു സൈമണ്ട്സ്.
ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഇടിമിന്നൽ ഓൾറൗണ്ടർ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ആൻഡ്രൂ സൈമണ്ട്സിന്റെ വിയോഗം ക്രിക്കറ്റ് ലോകത്തെയും ആരാധകരേയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ്, തന്നേക്കാൾ പത്തിരട്ടി മികച്ച ഫീൽഡറാണ് സൈമണ്ട്സ് എന്നാണ് വിശേഷിപ്പിച്ചത്. ‘ലക്ഷണമൊത്ത മികച്ച ഫീൽഡറാണ് ആൻഡ്രൂ സൈമണ്ട്സ്. ഫീൽഡിൽ എവിടെ വേണമെങ്കിലും അദ്ദേഹത്തെ നിറുത്താം. കരുത്തുറ്റ കൈകളും വേഗതയും മികച്ച റിഫ്ലക്ഷനുമെല്ലാം സൈമണ്ട്സിനുണ്ട്. അദ്ദേഹത്തേക്കാൾ മികച്ച ഫീൽഡർമാർ മുൻപുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്.’ റോഡ്സിന്റെ ഈ വാക്കുകളേക്കാൾ വലിയ പ്രശംസ ഒരു ഫീൽഡർ എന്ന നിലയ്ക്ക് സൈമണ്ട്സിന് ലഭിക്കാനില്ല.
ഫീൽഡിലെ മിന്നൽ വേഗത്തിലുള്ള പ്രകടനം, അതിനൊത്ത കൃത്യത, ആരെയും അമ്പരപ്പിക്കുന്ന റിഫ്ലക്ഷൻ, ലക്ഷ്യത്തിലേക്കെത്തണമെന്ന വാശി, ഇതൊക്കെ തന്നെയാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡർ എന്ന നേട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. സൈമണ്ട്സിന്റെ ശരവേഗത്തിലുള്ള റണ്ണൗട്ടുകളും അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്ന പോലെയുള്ള ഡൈവിംഗ് ക്യാച്ചുകളുമൊക്കെ എക്കാലവും ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ഓൾറൗണ്ടർമാരിൽ ഓൾറൗണ്ടർ അത് തന്നെയായിരുന്നു ആരാധകരുടെ സ്വന്തം റോയ് സൈമണ്ട്സ്.
ബാറ്റ്സമാൻ എന്ന നിലയിലും ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരുന്ന പ്രകടനമാണ് സൈമണ്ട്സ് കാഴ്ചവച്ചത്. അതും വെടിക്കെട്ട് ബാറ്റിംഗ്. ക്രീസിലെ എതിരാളികളായ ബൗളർമാരുടെ സ്ഥിരം പേടിസ്വപ്നമായിരുന്നു വലം കൈയനായ സൈമണ്ട്സ്. അപകടകാരിയായ ബാറ്റ്സ്മാൻ എന്നും ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. ഐപിഎല്ലിൽ ചരിത്രത്തിലും മായാത്ത പേരാണ് സൈമണ്ട്സ് എന്നത്. 2008 ലെ ആദ്യ ഐപിഎൽ സീസണിന്റെ താരലേലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയ്ക്കാണ് ഡെക്കാൻ ചാർജേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. 5.4 കോടി രൂപയ്ക്ക് ലേലം ഉറപ്പിച്ച സൈമണ്ട്സ് തന്നെയായിരുന്നു ഏറ്റവും വലിയ തുക ലഭിച്ച വിദേശ താരവും.
ഡെക്കാൻ ചാർജേഴ്സിനായി മൂന്ന് ഐപിഎൽ സീസണിൽ അദ്ദേഹം ജേഴ്സിയണിഞ്ഞു. അതിൽ ആദ്യ സീസണിൽ സെഞ്ച്വറിയും കരസ്ഥമാക്കി. 2009ൽ ടീം കപ്പുയർത്തുമ്പോഴും അദ്ദേഹം ടീമിന്റെ നിറസാന്നിദ്ധ്യമായിരുന്നു. മുംബൈ ഇന്ത്യൻസിനായും അദ്ദേഹം കളത്തിലിറങ്ങിയിട്ടുണ്ട്. ആകെ 39 മത്സരങ്ങളിൽ നിന്ന് 974 റൺസും 20 വിക്കറ്റുമാണ് ഓസീസിന്റെ പ്രിയപ്പെട്ട ഓൾറൗണ്ടർ ഐപിഎല്ലിൽ നേടിയത്. ക്വീൻസ്‌ലാൻഡിലുണ്ടായ കാറപകടം ക്രിക്കറ്റ് ലോകത്തിനുണ്ടാക്കിയത് തീരാനഷ്ടമാണ്. 46 വയസ് മാത്രമുണ്ടായിരുന്ന സൈമണ്ട്സ് ഇക്കാലയളവുകൊണ്ട് നേടിയെടുത്തത് അപൂർവ നേട്ടങ്ങളാണ്. 26 ടെസ്റ്റ് മത്സരങ്ങൾ, 198 ഏകദിനങ്ങൾ, 12 ട്വന്റി 20കൾ എന്നിവയാണ് സ്വന്തം രാജ്യത്തിനായി സൈമണ്ട് കളിച്ചത്. 2003 ലും 2007 ലും ഓസീസ് ലോകകപ്പ് നേടുമ്പോൾ അദ്ദേഹം ടീമിലെ മിന്നും താരം തന്നെയായിരുന്നു.
11 വർഷത്തെ തന്റെ രാജ്യാന്തര കരിയറിൽ 198 ഏകദിന മത്സരങ്ങളിൽ നിന്ന് തന്റെ ടീമിനായി റൺസുകളും വിക്കറ്റുകളും വാരിക്കൂട്ടുകയായിരുന്നു അദ്ദേഹം. 5088 റൺസും 133 വിക്കറ്റുകളുമാണ് ഏകദിനങ്ങളിൽ നിന്ന് സൈമണ്ട്സ് കരസ്ഥമാക്കിയത്. 26 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1462 റൺസും 24 വിക്കറ്റും നേടിയ സൈമണ്ട്സ് 14 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 337 റൺസും 8 വിക്കറ്റും നേടി. വിരമിച്ച ശേഷം ഫോക്സ് സ്പോർട്ട്സിന്റെ കമന്റേറ്ററായും അദ്ദേഹം ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. ഹർഭജനും സൈമൺസുമുള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം ലോക ക്രിക്കറ്റിൽ കോളിളക്കമുണ്ടാക്കിയിരുന്നു. തന്റെ കരിയര്‍ തന്നെ തകര്‍ത്തത് ഈ സംഭവമായിരുന്നുവെന്ന് പിന്നീട് സൈമൺസ് തുറന്നു പറഞ്ഞിരുന്നു. ഒടുവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് വന്നപ്പോള്‍ ഭാജിയും സൈമൺസും പരസ്പരം അടുക്കുകയും നേരത്തേയുണ്ടായ സംഭവത്തിൽ മാപ്പുപറഞ്ഞ് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.
2008ല്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മാച്ചിനിടെയാണ് മങ്കിഗേറ്റ് വിവാദമുണ്ടായത്. സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹര്‍ഭജന്‍ സിങ് ആന്‍ഡ്രു സൈമൺസിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. സൈമണ്ട്‌സിനെ ഭാജി കുരങ്ങനെന്നു വിളിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ 2011ലെ ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി ആന്‍ഡ്രു സൈമൺസും ഹര്‍ഭജന്‍ സിങും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. മങ്കിഗേറ്റ് വിവാദം കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടു പേരും ഒരേ ഡ്രസിങ് റൂമിന്റെ ഭാഗമായത്.
ഇന്നലെ രാത്രി ക്വീൻസ്ലാൻഡിലെ ടൗൺസ്‌വില്ലെയിലുള്ള വസതിക്ക് സമീപത്തുണ്ടായ കാർ അപകടത്തിലായിരുന്നു സൈമണ്ട്സിന്റെ അന്ത്യം. ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിൽ രാത്രി പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഹെർവി റേഞ്ച് റോഡിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം ആൻഡ്രൂ സൈമണ്ട്സ് സഞ്ചരിച്ച കാർ മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഷെയിൻ വോണിനും റോഡ് മാർഷിനും പിന്നാലെ ഈ വർഷം വിടവാങ്ങുുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ താരമാണ് ആൻഡ്രൂ സൈമണ്ട്സ്.