മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ കൂടുതൽ നിയന്ത്രണാധീനമാകുന്നു. വ്യാഴാഴ്ച മഹാമാരി പിടിപെട്ട് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നാല് മാസത്തിനു ശേഷം ഇതാദ്യമായാണ് കോവിഡ് ബാധിച്ച് ഒരാളെപ്പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ കടന്നു പോകുന്നത്.
രാജ്യത്ത് ഒമിക്രോണിനെ തുടർന്ന് ജനുവരിയിലായിരുന്നു കോവിഡ് കേസുകൾ കുതിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ നൂറും ഇരുനൂറും കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് 2000ന് മുകളിലേക്ക് പ്രതിദിനകേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്കായി.
ഇതോടെ ആശുപത്രിവാസവും മരണനിരക്കും കുതിച്ചുയരാൻ തുടങ്ങി. ഇത് ആരോഗ്യമേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തിയിരുന്നു. ജനുവരിയുടെ പകുതിയിലൊക്കെ ദിനേനെ 25ന് താഴെയായിരുന്നു ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ അവസാനമാകുമ്പോഴേക്കും 80ന് മുകളിൽവരെ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയുണ്ടായി.
ഒപ്പം തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലുമെല്ലാം വേണ്ട മുന്നൊരുക്കങ്ങൾ അധികൃതർ നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ഒരാളെപ്പോലും കോവിഡ് പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തത് ആശ്വാസം നൽകുന്ന കാര്യമാണ്.