റാഞ്ചി: 15കാരിയെ തട്ടിക്കൊണ്ടുപോയി കാറിൽ കൂട്ടബലാൽസംഗത്തിനിരയാക്കി. വെള്ളിയാഴ്ച വൈകുന്നേരം ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ധുർവയിലാണ് സംഭവം. റാതു പൊലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘം ദലദാലിയിലെ ഒരു റെസ്റ്റോറൻറിന് സമീപത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
15കാരിയെ പ്രതികൾ റിങ് റോഡിൽ നിന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നുവെന്നും റോഡരികിൽ കാർ നിർത്തിയിട്ട് കൂട്ടബലാൽസംഗത്തിനിരയാക്കുകയായിരുന്നെന്നും പൊലീസ് സൂപ്രണ്ട് നൗഷാദ് ആലം പറഞ്ഞു. സംശയാസ്പദമായ രീതിയിൽ റോഡരികിൽ കാർ നിർത്തിയിട്ടത് കണ്ട പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടിയെ കരയുന്ന നിലയിൽ അഞ്ച് പുരുഷന്മാർക്കൊപ്പം കണ്ടെത്തിയത്.
20 വയസുള്ള അഞ്ച് പ്രതികളാണ് അറസ്റ്റിലായതെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.