കൊച്ചി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിയമന നടപടി ഇഴഞ്ഞുനീങ്ങുകയാണെന്ന പരാതിയുമായി ഒരുകൂട്ടം നഴ്സുമാർ. ആരോഗ്യ വകുപ്പ് സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട് ജില്ലതല റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണിവർ. ഡിസംബർ എട്ടിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഓരോ ജില്ലയിലും 200 മുതൽ 500 വരെ ഉദ്യോഗാർഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതോടെ വിദേശത്തുനിന്ന് ജോലി രാജിവെച്ച് എത്തിയ നഴ്സുമാരടക്കം ജോലിയില്ലാതെ ബുദ്ധിമുട്ടിലാണ്.
പുതിയ റാങ്ക് ലിസ്റ്റിൽനിന്ന് ഒരാളെപ്പോലും നിയമിക്കാത്ത ജില്ലകളുമുണ്ട്. കാലാവധി അവസാനിച്ച മുൻ റാങ്ക് ലിസ്റ്റിൽ ഒഴിവ് വന്ന എൻ.ജെ.ഡി (നോൺ ജോയിനിങ് ഡ്യൂട്ടി) നിയമനങ്ങൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളൂ. പുതുതായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല.
ഒഴിവുകൾ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.
നിലവിലെ നഴ്സുമാരുടെ സ്ഥാനക്കയറ്റമടക്കം കൃത്യമായി നടക്കാത്തത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് തടസ്സമായിട്ടുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തയാറാക്കുന്ന പ്രമോഷനുള്ള പട്ടിക ഇനിയും ആയിട്ടില്ലെന്നും അവർ ആരോപിക്കുന്നു. താൽക്കാലിക നിയമനങ്ങൾ യഥേഷ്ടം നടക്കുന്നത് തിരിച്ചടിയാകുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.