ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം. ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ തുടക്കം കുറിച്ചത് ശക്തൻ തമ്പുരാനാണ്. പൂരം കാണുവാനായി വിദേശത്ത് നിന്നും സ്വദേശത്തുനിന്നും പതിനായിരക്കണക്കിന് ആളുകളാണ് തൃശൂര്‍ നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന്. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് തുടങ്ങിയവാണ് പൂരത്തിൻ്റെ പ്രധാന ആകര്‍ഷണങ്ങള്‍.
തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടു പോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പടമേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തമായിരുന്നത്. കൊച്ചി ശക്തൻ തമ്പുരാൻ്റെ കാലത്തായിരുന്നു ആറാട്ടുപുഴ പൂരം. വിവിധ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് എത്തുന്ന സംഘങ്ങള്‍ ആറാട്ടു പുഴ പൂരത്തിൽ പങ്കെടുക്കുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. എന്നാൽ 1796 ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും ഉണ്ടായതിനെ തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് എത്താൻ സാധിച്ചില്ല. ഇതോടെ ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. ഇതിൽ കോപിഷ്ടനായ ശക്തൻ തമ്പുരാനാണ് വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1797 മെയ്) തൃശൂർ പൂരം ആരംഭിച്ചു.
പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രധാന പങ്കാളികൾ. തൃശൂർ നഗരത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. വടക്കുംനാഥൻ ക്ഷേത്രത്തിനുചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളണ്. തൃശൂര്‍ പൂരത്തിൻ്റെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവ വടക്കുന്നാഥൻ്റെ ക്ഷേത്രപരിസരത്തു തന്നെയാണ് നടക്കുന്നത്.
വടക്കുംനാഥ എഴുന്നള്ളത്ത് കൂത്തമ്പലത്തിൽ അവസാനിച്ചശേഷമാണ് ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നത്. പാണ്ടിമേളത്തിൻ്റെ കുലപതികള്‍ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളത്തിന് നാല് മണിക്കൂറാണ് ദൈര്‍ഘ്യം. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ് മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ് വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു.
ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൽക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി. പാറമേക്കാവ്-തിരുവമ്പാടി ദേവിമാരുടെ കൂടിക്കാഴചയാണ് കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു 14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും. എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു. പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന് മൂന്നു മണിയോടെയാണ് ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണ് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം.
തൃശൂര്‍ പൂരത്തിൻ്റെ പിറ്റേ ദിവസം രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.