എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ ഫോൺ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഉള്ള മറുപടി കൂടിയായിട്ടാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കെ ഫോൺ പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്ക് എത്തുന്നത് .സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടത്തിൽ ഒരു പൊൻതൂവൽ കൂടി കെ ഫോൺ യാഥാർഥ്യമാകുക വഴി ലഭിക്കും.
കേരളത്തിലൊട്ടാകെ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനും ദരിദ്രകുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കാനും ലക്ഷ്യമിടുന്ന കെ ഫോൺ പദ്ധതി, മേയിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പു നൽകിയിരുന്നു .ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ ഇന്‍റർനെറ്റ് സേവനം വീടുകളിലെത്തുക വഴി ആ ഉറപ്പും ലക്ഷ്യത്തിലെത്തും.
ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഈ പ്രഖ്യാപനം പ്രാവർത്തികമാകാൻ എല്ലാവർക്കും മെച്ചപ്പെട്ട ഇന്റർനെറ്റ് ലഭ്യമാകണം. ദരിദ്രർക്ക് ഇന്റർനെറ്റ് സൗജന്യമായി നൽകിയാലേ അത് സാധിക്കൂ. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷംപേർക്കാണ് പദ്ധതിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഡിജിറ്റൽരംഗത്തെ അസമത്വത്തിന് കെ ഫോൺ വലിയൊരു അളവിൽ തന്നെ പരിഹാരമാകും.
കെ-ഫോണിലൂടെ ഒരു നിയോജക മണ്ഡലത്തിലെ 500 കുടുംബങ്ങൾക്ക് വീതം ആകെ 70,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇന്‍റർനെറ്റ് കണക്ഷൻ എത്തുക. സംസ്ഥാനത്താകെ കെ ഫോൺ ലക്ഷ്യമിടുന്നത് 20 ലക്ഷം കുടുംബങ്ങളെയാണ്. സെക്കൻഡിൽ 10 മുതൽ 15 വരെ എം.ബി വേഗത്തിൽ പ്രതിദിനം 1.5 ജി.ബി ഡേറ്റയാണ് നൽകുക.
സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനമായിരുന്നു കെ ഫോൺ. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് കെ–ഫോൺ പദ്ധതിക്ക് തുടക്കം കുറിച്ചത്. വലിയ സ്വകാര്യ കമ്പനികൾ വൻ നഗരങ്ങളിൽ മെച്ചപ്പെട്ട കണക്ടിവിറ്റി നൽകുന്നുണ്ട്. എന്നാൽ, ഗ്രാമങ്ങളിൽ ലാഭം കുറയും എന്നതിനാൽ ചെയ്യുന്നില്ല. അതിനു മാറ്റം വരുത്താൻ കെ ഫോൺ സഹായിക്കും. 14 ജില്ലകളെയും ബന്ധിപ്പിച്ച് 2,600 കിലോമീറ്റർ ദൂരമാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതിൽ 2,045 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയായതായി സർക്കാർ അവകാശപ്പെടുന്നു.
പ്രാദേശിക ഇന്‍റർനെറ്റ് സേവനദാതാക്കളെയാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്ന് വർഷം സേവനപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.ജില്ല അടിസ്ഥാനത്തിൽ സേവനദാതാക്കളെ കണ്ടെത്തുക ടെൻഡറിലൂടെയാകും . നടപടിക്രമങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാകും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുക. ഇത് ടെൻഡറിലൂടെ തെരഞ്ഞെടുക്കുന്ന പ്രാദേശിക കേബിൾ ഓപറേറ്റർമാർക്ക് കൈമാറും. കെ-ഫോൺ ജോലികൾ 70 ശതമാനം വരെ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ട്രാൻസ്മിഷൻ ടവറിലേക്കുള്ള കേബിൾ ജില്ലയിൽ 154.64 കിലോമീറ്ററിലാണ് സ്ഥാപിക്കുന്നത്. ഇതിൽ 134.57 കിലോമീറ്ററിൽ സ്ഥാപിച്ചു. 12 കേന്ദ്രങ്ങളിലാണ് സർവറുകൾ ഒരുക്കുന്നത്. നാലിടത്ത് സ്ഥാപിച്ചു. വൈദ്യുതി സബസ്റ്റേഷനുകളിലാകും സർവറുകൾ. ജില്ലയിൽ കെ ഫോണിന്റെ പ്രവർത്തനം പൂർണതോതിലാകാൻ ജൂണിന് ശേഷം മൂന്നു മാസത്തോളം വേണ്ടിവരും.
കെ ഫോണിന്റെ ആവശ്യം
സംസ്ഥാനത്തിന് ഇ–-കുതിപ്പിനു തന്നെ വഴിയൊരുക്കുന്നതാണ് കെ ഫോൺ ശൃംഖല. കോവിഡ് വ്യാപന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസവും വർക്ക് ഫ്രം ഹോം സിസ്റ്റം പിന്തുടരുന്ന മലയാളികൾക്ക് ഏറെ ഉപകാരമാകും കെ ഫോൺ. ഉൾഗ്രാമങ്ങളിലേക്കുപോലും കൃത്യമായ കണക്ടിവിറ്റി എത്തിക്കാൻ കഴിയുന്നതോടെ ഇന്റർനെറ്റ് സേവനം ലഭിക്കുന്നില്ല എന്ന പരാതിക്കും പരിഹാരമാകും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. സ്‌റ്റാർട്ടപ്പുകൾക്ക് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇ–-കൊമേഴ്സ് സൗകര്യങ്ങൾ വഴി വിപണനം നടത്താൻ ഗ്രാമങ്ങളിലെ സംരംഭകർക്കു പോലും ഇന്റർനെറ്റ് ലഭ്യത സഹായിക്കും .
ജില്ലയിലെ മുഴുവൻ സർക്കാർസ്ഥാപനങ്ങളിലും കെ ഫോൺ എത്തും. ജില്ലയിൽ ആകെ 1990 സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ സ്ഥാപിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും കെ ഫോൺ എത്തുന്നതോടെ ഓൺലൈൻ വിദ്യാഭ്യാസവും വീട്ടിലിരുന്ന് ചികിത്സയും സുഗമമാകും.
സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്നതിലും വളരെ കുറഞ്ഞ നിരക്കിലും കൂടുതൽ വേഗത്തിലുമാകും നെറ്റ് സൗകര്യം ലഭിക്കുക എന്നതിനാൽ ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമായ കേരളത്തിനു കെ ഫോൺ സമ്മാനിക്കുക വികസനത്തിന്റെ മറ്റൊരു മുഖമാണ്.