കേരളത്തിൽ സ്‌കൂൾ തുറക്കാൻ കാത്തിരിക്കുകയാണ് നമ്മുടെ കുട്ടികൾ. പുത്തനുടുപ്പും ബാഗും പുസ്തകങ്ങളും ഒരുക്കുന്ന തിരക്കിലാണ് കുട്ടികളും രക്ഷിതാക്കളും. എന്നാൽ സ്‌കൂളിന്റെ പടി പോലും കാണുമോ എന്നുറപ്പില്ലാതെ, ജീവൻ നിലനിർത്താൻ പോലും കഷ്ടപ്പെടുകയാണ് സിറിയയിലെ കുഞ്ഞുങ്ങൾ എന്നത് നൊമ്പരമാവുകയാണ്. രാജ്യത്തിനകത്തും അവർ പലായനം ചെയ്ത പ്രദേശത്തുമായി 12.3 ദശലക്ഷം സിറിയൻ കുട്ടികൾ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.
ആഭ്യന്തരയുദ്ധം സിറിയയെ തകർത്ത ഒരു ദശാബ്ദത്തിലേറെയായി കുട്ടികളുടെ കാര്യം ഏറെ കഷ്ടത്തിലാണ്. ആദ്യമൊക്കെ ധനസഹായം വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ കാലക്രമേണ ധനസഹായം കുറഞ്ഞു – യുഎൻ ഞായറാഴ്ച പറഞ്ഞു.
“സിറിയയിലെ കുട്ടികൾ വളരെക്കാലമായി കഷ്ടപ്പെടുന്നു, ഇനി കഷ്ടപ്പെടരുത്,” യുഎൻ കുട്ടികളുടെ ഏജൻസിയായ യുനിസെഫ് പ്രസ്താവനയിൽ പറഞ്ഞു.
സിറിയയ്ക്കുള്ളിൽ 6.5 ദശലക്ഷത്തിലധികം കുട്ടികൾക്ക് സഹായം ആവശ്യമാണെന്ന് ഏജൻസി അഭിപ്രായപ്പെട്ടു. 11 വർഷത്തിലേറെ മുമ്പ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 2011-ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ക്രൂരമായ അടിച്ചമർത്തലിലൂടെ ആരംഭിച്ച സിറിയയുടെ യുദ്ധം അരലക്ഷം ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാർത്ഥികളാക്കുകയും ചെയ്തു.
“സിറിയയിലും അയൽ രാജ്യങ്ങളിലും കുട്ടികളുടെ ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” യുനിസെഫിന്റെ മിഡിൽ ഈസ്റ്റ് മേധാവി അഡെൽ ഖോദ്ർ പറഞ്ഞു.
പല കുടുംബങ്ങളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നു. ഉക്രെയ്നിലെ പ്രതിസന്ധിയുടെ ഫലമായി ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കുട്ടികളാണ് യുദ്ധത്തിന്റെ ഫലത്തിന്റെ ഭാരം വഹിക്കേണ്ടിവരുന്നതെന്നും യുഎൻ പറഞ്ഞു.
“സിറിയയുടെ അയൽ രാജ്യങ്ങളിൽ, രാഷ്ട്രീയ അസ്ഥിരതയും ദുർബലതയും മൂലം, ഏകദേശം 5.8 ദശലക്ഷം കുട്ടികൾ സഹായത്തെ ആശ്രയിക്കുന്നു – അവരുടെ ജീവിതം ദാരിദ്ര്യവും പ്രയാസങ്ങളും നിറഞ്ഞതാണ്,” ഖോദ്ർ കൂട്ടിച്ചേർത്തു.
അതേസമയം, സഹായം നൽകുന്നതിന് കടുത്ത പണക്ഷാമം നേരിടുന്നതായി യുനിസെഫ് പറഞ്ഞു. മാനുഷിക പ്രവർത്തനങ്ങൾക്കുള്ള ധനസഹായം അതിവേഗം കുറഞ്ഞുവരികയാണെന്ന് ഖോദർ പറയുന്നു. യുണിസെഫിന്റെ ഈ വർഷത്തെ ഫണ്ടിംഗ് ആവശ്യകതയുടെ പകുതിയിൽ താഴെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.
രാജ്യത്തിന്റെ അവസാനത്തെ പ്രധാന വിമത പ്രദേശമായ വടക്കുപടിഞ്ഞാറൻ സിറിയയിലെ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് 20 മില്യൺ ഡോളർ ധനസഹായം നൽകാൻ യുണിസെഫ് ആവശ്യപ്പെട്ടു.