നമ്മുടെ ജീവിതയാത്രയിൽ ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന വാക്കാണ് ‘അമ്മ’. അമ്മയുടെ സ്നേഹത്തേക്കാള്‍ അമൂല്യമായതൊന്നും ഒരു വ്യക്തിയുടെയും ജീവിതത്തില്‍ ഉണ്ടാകാൻ സാധ്യതയില്ല. ‘അമ്മ’ എന്നത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ടക്ഷരത്തിൽ ലോകത്തിലെ മുഴുവൻ സ്നേഹവും നിറഞ്ഞു നിൽക്കുന്നുണ്ട്. മക്കളുടെ വാശികളും വഴക്കുകളും പുഞ്ചിരിയോടെ അംഗീകരിക്കുകയും, എല്ലാ തെറ്റുകളും ക്ഷമിച്ച് മക്കൾക്കായി രാപ്പകൽ പ്രാർത്ഥിക്കുകയും, അവരൊന്ന് വീഴുമ്പോൾ കൈപിടിച്ച് ഉയർത്തിയും തളരുമ്പോൾ തോളോട് ചായ്ച്ചും എന്നും കരുതലായി ഒപ്പമുള്ള അമ്മയ്ക്കായി ഈ ദിനം നമുക്ക് മാറ്റി വയ്ക്കാം. ഇന്ന് ലോക മാതൃദിനം. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരേയും ഈ മാതൃദിനത്തില്‍ സ്നേഹ പൂര്‍വ്വം നമുക്ക് ഓര്‍ക്കാം, അതുപോലതന്നെ ആദരിക്കാം.
ചരിത്രം
അമ്മയുടെ സ്നേഹത്തെ ഓര്‍ക്കാന്‍ പ്രത്യേകമായി ഒരു ദിവസത്തിന്റെ ആവശ്യമില്ലെങ്കിലും വര്‍ഷങ്ങളായി മാതൃദിനം ആചരിക്കുന്നുണ്ട്. എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ മെയ് എട്ടിനാണ് മാതൃദിനം. അമേരിക്കയിലാണ് ഇതിനു തുടക്കമിട്ടത്. പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോടെ ലോകവ്യാപകമായി തന്നെ അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വന്നു.1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിനം പ്രചാരണത്തിന് തുടക്കമിട്ടതെന്നാണ് ചരിത്രം. 1908 ല്‍ ഈ പ്രചാരണം ഫലം കണ്ടു.
വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
യുകെയിലും അയര്‍ലൻഡിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിച്ച് പോരുന്നത്. ഗ്രീസില്‍ കിഴക്കന്‍ ഓര്‍ത്തഡോക്‌സസ് വിശ്വാസികള്‍ക്ക് കൂടുതല്‍ വിശ്വാസപരമായ ഒന്നാണ് മാതൃ ദിനം. ക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി രണ്ടാണ് ഇവര്‍ മാതൃ ദിനമായി ആചരിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം. ക്രൈസ്തവ മത രാഷ്ട്രങ്ങളില്‍ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ് ബൊളീവിയയില്‍ മാതൃദിനം. മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം രാജ്യാന്തര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിക്കുന്നത്.
മാതാപിതാകള്‍ക്ക് വയസ്സ് കൂടുംതോറും മക്കൾക്കൊപ്പം സമയം ചിലവിടാനുള്ള ആഗ്രഹവും ഏറും. ഏതു കാലത്തും അവരെ ചേര്‍ത്തു നിര്‍ത്താന്‍ മക്കള്‍ക്കാകണം. മാതാപിതാക്കള്‍ ഭാരമാണെന്നു ചിന്തിക്കുന്ന ഒരു തലമുറ വളര്‍ന്നു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ദിനങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. വൃദ്ധ സദനങ്ങളും അഗതി മന്ദിരങ്ങളുമല്ല, മറിച്ച് മക്കളുടെ സാമിപ്യമാണ് വാർധക്യത്തിൽ അവർ ഏറെ ആഗ്രഹിക്കുന്നത്. നമ്മളെ നമ്മളായി വളര്‍ത്തി വലുതാക്കിയ ശക്തിയാണ് അമ്മമാര്‍. അതുകൊണ്ടു തന്നെ മാതൃദിനത്തില്‍ മാത്രമല്ല എന്നും അമ്മമാര്‍ക്കൊപ്പം ഉണ്ടാകണം.
സത്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും, പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം. ആദരവും, ബഹുമാനവും നല്‍കാന്‍ തയ്യാറാകാത്ത ഇന്നത്തെ തലമുറകള്‍ മറന്നുപോകുന്നത് ആ സ്‌നേഹം ആണ്. ആ സ്‌നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. അമ്മമാരേ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഒരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്. എന്നാല്‍ പുതിയ കാലത്തില്‍ കാഴ്ചകള്‍ പലതും ശുഭകരമല്ല. പ്രിയപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളില്‍ കാത്തിരിക്കുന്ന അമ്മമാര്‍, മക്കള്‍ ഉപേക്ഷിച്ചപ്പോള്‍ ആശുപത്രി വരാന്തകളില്‍ അഭയം തേടിയവര്‍, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാതൃത്വങ്ങള്‍.
മാതൃദിനം മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നമ്മളോരോരുത്തരും പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കരഞ്ഞുവിളിച്ചു കൊണ്ട് ഈ ഭൂമി മലയാളത്തിലേക്ക് പിറന്നു വീണപ്പോള്‍ മനസ്സു നിറഞ്ഞ് ചിരിച്ച് സ്വീകരിച്ച മുഖമായിരുന്നു അമ്മ. പിന്നെ പൊന്നു പോലെ നോക്കി, വളര്‍ത്തി വലുതാക്കി. മാതൃദിനം ഒരിക്കല്‍കൂടി കടന്നുവരുമ്പോള്‍ നമുക്കൊരു പ്രതിഞ്ജ എടുക്കാം. ഒരു അമ്മയുടെയുംം കണ്ണ് നിറയാന്‍ ഇടയാക്കില്ല എന്ന്.
ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക, സ്‌നേഹിക്കുക, അനുസരിക്കുക, ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്. എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്‍കാന്‍ കഴിയാത്ത് ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളില്‍ ഉണ്ടാവുന്നത് നന്ന്. ആ അമ്മയ്ക്ക് തങ്കമോം, പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ കഴിയുന്ന ഒരിത്തിരി സ്‌നേഹം അതു മാത്രം നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും.
അതേസമയം, ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകൂ എന്നുണ്ടോ?എന്നൊന്നുമില്ല. ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്. ഉദരത്തിൽ ഒരു ജീവനെ പേറുന്നവളും, ഹൃദയത്തിൽ ഒരു ജീവനായി കൊതിക്കുന്നവളും കാണുന്ന സ്വപ്നങ്ങൾ ഒന്നുതന്നെയാണ്. ഒരുപക്ഷേ ഹൃദയത്തിൽ വേദനയോടെ ആഗ്രഹങ്ങൾക്ക് ജന്മം നൽകുന്നവളാകും മാതൃത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണം. ഒരു കുഞ്ഞിനെ തന്റെ കൈകളിലെറ്റുവാങ്ങുമ്പോൾ അവളനുഭവിക്കുന്ന ആനന്ദം, സന്തോഷം അവ വാക്കുകൾക്കതീതമാണ്. ‘അമ്മ’ എന്ന വിളിയിൽ അവളെപ്പോൾ തരളിതയാകുന്ന മറ്റാരും ഉണ്ടാകില്ല ഈ ഭൂമിയിൽ.
ഹൃദയം നുറുങ്ങുന്ന വേദനയോടെ ‘അമ്മേ’ എന്ന വിളി തന്നിൽ നിന്നും പറിച്ചെറിയുമ്പോൾ ഒരു മാതൃഹൃദയം എത്രമാത്രം നീറുന്നുണ്ടാകും.
ചേർത്തു പിടിക്കാൻ മനസ് ഓടിയടുക്കുമ്പോൾ, അതിനാകാതെ ചുരത്തുന്ന മാറിടവുമായി ഓടി അകലേണ്ടി വരുന്നത് എത്രമേൽ ഹൃദയഭേദകമാകും. അതെ ഓരോ മാതൃത്വവും വ്യത്യസ്തമാണ്… ചേർത്തണയ്ക്കുമ്പോൾ ആർദ്രമായ് മിടിക്കുന്നതും പറിച്ചുമാറ്റുമ്പോൾ വിങ്ങി പൊട്ടുന്നതും. അമ്മയാണ്.. പകരം വയ്ക്കാനാകാത്ത വാക്കുകളാണ്…