ദീർഘകാലമായി വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകാറുണ്ട്. മധ്യവയസ്കരിലും വയോജനങ്ങളിലും വ്യാപകമായി കാണപ്പെടുന്ന ഈ അവസ്ഥയ്ക്ക് chronic fatigue syndrome എന്നാണ് പറയുന്നത്.സമൂഹത്തിലെ ഒരു ശതമാനത്തോളം ആളുകൾക്ക് ഈ പ്രശ്നം ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ അവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് കൂടുതൽ .
വിട്ടുമാറാത്ത ക്ഷീണം,ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, മറവി,തൊണ്ടവേദനയും ഇടയ്ക്കിടെ തൊണ്ടയ്ക്ക് അസ്വസ്ഥതയും,ആവർത്തിച്ചുവരുന്ന തലവേദന, കഴുത്തിലെ ഭാഗത്തും കക്ഷത്തിലും കഴല വീക്കം,അകാരണമായ പേശി വേദനയും സന്ധിവേദനയും,കിടക്കയിൽ നിന്ന് എണീക്കുമ്പോഴോ കസേരയിൽ നിന്ന് എണീക്കുമ്പോഴോ തലച്ചുറ്റൽ അനുഭവപ്പെടുക,അസ്വസ്ഥമായ ഉറക്കം. പലപ്പോഴും രാവിലെ ഉണരുമ്പോൾ ഉറക്കം തൃപ്തികരമായില്ല എന്നു തോന്നൽ, ചെറിയ തോതിൽ ആയാസകരമായ കാര്യങ്ങൾ ചെയ്താൽ പോലും കഠിനമായ ക്ഷീണം. പലപ്പോഴും വായന, കണക്കുകൂട്ടൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും വലിയ ക്ഷീണം അനുഭവപ്പെടുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ഈ അവസ്ഥ നിർണയിക്കാനായി വ്യക്തമായ മാനദണ്ഡങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ലക്ഷണങ്ങൾ ശ്രദ്ധക്കുറവും മറവിയും തലച്ചുറ്റലും ആണ്. ഈ അവസ്ഥയുടെ ഭാഗമായി ഉണ്ടാകുന്ന ക്ഷീണം നേരത്തെ ചെയ്തിരുന്ന സ്വാഭാവികമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത വിധം അവശരാക്കുന്നുണ്ടാവാം.
കാരണങ്ങൾ
വൈറസ് അണുബാധ:
പല ആളുകൾക്കും വൈറൽ പനി ബാധിച്ച ശേഷമാണ് ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. കോവിഡ് അടക്കം ഏതുതരം വൈറൽപനി വന്നാലും അതിനുശേഷം ഈ ലക്ഷണങ്ങൾ ചിലരിൽ കാണപ്പെടാറുണ്ട്. എങ്കിലും എപസ്റ്റീൻ ബാർ വൈറസ്, ഹ്യൂമൻ ഹെർപസ് വൈറസ്എന്നീ വൈറസുകളുടെ ബാധയെ തുടർന്നാണ് ഇത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്
ദുർബലമായ രോഗപ്രതിരോധ വ്യവസ്ഥിതി
പൊതുവേ രോഗപ്രതിരോധ വ്യവസ്ഥിതിയിൽ തകരാറുകൾ ഉള്ള വ്യക്തികളിൽ ആണ് ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നത്.
ഹോർമോൺ തകരാറുകൾ
തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, വയറ്റിലെ അഡ്രിനൽ ഗ്രന്ഥി എന്നിവയിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകളുടെ തകരാറുകൾ മൂലവും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശാരീരിക മാനസിക സമ്മർദം
കഠിനമായ മാനസിക വൈകാരിക സമ്മർദമോ, ശാരീരികമായ പരുക്കുകളോ, ചില ശസ്ത്രക്രിയകളുടെ ബാക്കിപത്രം ആയോ ഈ അവസ്ഥ ചില വ്യക്തികളിൽ ഉണ്ടാകാറുണ്ട്.
ഈ അവസ്ഥയെ തുടർന്ന് പലതരത്തിലുള്ള ജീവിതശൈലി പരിമിതികളും വ്യക്തിക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിചെയ്യാൻ പ്രയാസം ഉണ്ടാവുക, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവയും ഇതിന്റെ പരിണിത ഫലമായി ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, അമിത ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഇതിന്റെ സങ്കീർണതകളായി ഉണ്ടാകാൻ സാധ്യതയുണ്ട്.
പരിഹാരം
മരുന്നുകളും ചില മനഃശാസ്ത്ര ചികിത്സകളും ജീവിതശൈലി ക്രമീകരണങ്ങളും വഴി ഈ അവസ്ഥയുടെ ലക്ഷണങ്ങൾ നിയന്ത്രണവിധേയമാക്കാൻ സാധിക്കും. മസ്തിഷ്കത്തിലെ ചില രാസ വ്യതിയാനങ്ങളെ തിരുത്താൻ സഹായിക്കുന്ന വിഷാദ വിരുദ്ധ ഔഷധങ്ങൾ ഈ അവസ്ഥയ്ക്ക് പ്രയോജനപ്രദമാണ്. ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളും, ഉറക്കം ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും ചില വ്യക്തികളിൽ പ്രയോജനം ചെയ്യാറുണ്ട്. ചിലർക്ക് തലച്ചുറ്റൽ പ്രധാന ലക്ഷണമായതുകൊണ്ട് അതു നിയന്ത്രിക്കാൻ ആവശ്യമായ ചികിത്സയും വേണ്ടി വരാം. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ക്രമീകരിക്കാൻ സഹായിക്കുന്ന ചില ഔഷധങ്ങളും പ്രയോജനപ്പെട്ടേക്കാം.
ശരീരഭാഗങ്ങളിലെ വേദന ചില വ്യക്തികളിൽ എങ്കിലും അസഹനീയം ആകുമ്പോൾ തലച്ചോറിലെ രാസ വ്യതിയാനങ്ങൾ പരിഹരിച്ചു വേദന കുറയ്ക്കാൻ സഹായിക്കുന്ന ‘കേന്ദ്രീകൃത വേദനസംഹാരികൾ’ വേദന ഇല്ലാതാക്കാൻ ഏറെ പ്രയോജനം ചെയ്യാറുണ്ട്.മാനസികസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന റിലാക്സേഷൻ വ്യായാമങ്ങൾ വളരെയധികം ഉപകാരപ്പെടുന്നുണ്ട്. ഉച്ചയ്ക്കുശേഷം കാപ്പിയും ചായയും ഒഴിവാക്കുകയും ഒറ്റയ്ക്ക് ഇരിക്കാതെ കഴിയുന്നതും നമുക്ക് സന്തോഷം നൽകുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതും രോഗലക്ഷണങ്ങൾ നിയന്ത്രണവിധേയക്കാൻ സഹായിക്കും.